Happy Birthday Dulquer Salmaan: മലയാളത്തിനപ്പുറം തമിഴിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം തിളങ്ങുന്ന, ഒരു പാൻ ഇന്ത്യൻ താരമാണ് ദുൽഖർ സൽമാൻ ഇന്ന്. യുവതാരങ്ങളിൽ ഏറ്റവും ശ്രദ്ധേയൻ. കരിയറിന്റെ ഒരു ഘട്ടത്തിലും മമ്മൂട്ടിയുടെ മകൻ എന്ന മേൽവിലാസത്തിന്റെ കീഴിൽ നിൽക്കാതെ, സ്വന്തം കരിയർ സ്വയം പടുത്തുയർത്തുകയായിരുന്നു ദുൽഖർ.
തന്റേതായൊരു ശൈലിയിലൂടെ ആരാധകരുടെ ഹൃദയം കവരാൻ ദുൽഖറിനു സാധിച്ചിട്ടുണ്ട്. ആരാധകർക്ക് ദുൽഖർ അവരുടെ സ്വന്തം കുഞ്ഞിക്കയാണ്. സിനിമയിലെ കൂട്ടുകാർക്കാവട്ടെ, ഇതുപോലെ കൂളായ ഒരടിപൊടി ചങ്ങാതി വേറെയില്ല. ദുൽഖറിന്റെ 36-ാം ജന്മദിനമാണ് ഇന്ന്.
പ്രിയപ്പെട്ട കുഞ്ഞിക്കയ്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് താരങ്ങളും ആരാധകരും സുഹൃത്തുക്കളും. പൃഥ്വിരാജ്, നസ്രിയ, സുപ്രിയ, കുഞ്ചാക്കോ ബോബൻ, സണ്ണി വെയ്ൻ, രമേഷ് പിഷാരടി, സുരേഷ് ഗോപി എന്നു തുടങ്ങി നിരവധി പേരാണ് ദുൽഖറിന് ആശംസകൾ നേർന്നിരിക്കുന്നത്.
“ഡിക്യു ബോയ്…നീ എനിക്കെന്താണെന്ന് പറയാൻ വാക്കുകളില്ല. നിങ്ങളുടെ വാപ്പച്ചിയുടെ ആരാധകനായിരുന്നു ഞാൻ, അന്നും ഇന്നും, ഇനിയുമതെ. ഒരു വ്യക്തി എന്ന നിലയിലും ഒരു നടൻ എന്ന നിലയിലും അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഇപ്പോൾ ഞാൻ നിങ്ങളിൽ നിന്ന് പുതിയ കാര്യങ്ങൾ പഠിക്കുന്നു. ഒരു സുഹൃത്ത് എന്ന നിലയിൽ, ഒരു മികച്ച മനുഷ്യനെന്ന രീതിയിൽ, നിങ്ങൾ എന്താണ് അല്ലാത്തത്….
സുഹൃത്ത്..സിനിമ….കുടുംബം..എന്റെ ടോപ്പ് ലിസ്റ്റിൽ നിങ്ങളുണ്ട് !!!
ജന്മദിനാശംസകൾ ഡിക്യു ബോയ്
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ചാക്കോ മാഷ്,”
2012-ൽ പുറത്തിറങ്ങിയ ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖറിന്റെ അരങ്ങേറ്റം. അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ‘ഉസ്താദ് ഹോട്ടൽ’ആയിരുന്നു രണ്ടാമത്തെ ചിത്രം. ചിത്രത്തിനു ലഭിച്ച ജനപ്രീതി ദുൽഖർ സൽമാൻ എന്ന നടന്റെയും ജനപ്രീതി വർദ്ധിപ്പിച്ചു. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ദുൽഖറിന് ‘ചാർലി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നാൽപ്പതോളം സിനിമകളിലാണ് ദുൽഖർ ഇതിനകം അഭിനയിച്ചിരിക്കുന്നത്.
‘വായ് മൂടി പേസലാം’ആയിരുന്നു ദുൽഖറിന്റെ ആദ്യ തമിഴ് ചിത്രം. നസ്രിയ നാസിം നായികയായി അഭിനയിച്ച ഈ ചിത്രം ‘സംസാരം ആരോഗ്യത്തിനു ഹാനികരം’ എന്ന പേരിൽ മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്തിരുന്നു. ‘ഓകെ കൺമണി’ എന്ന മണിരത്നം ചിത്രമാണ് തമിഴിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ദുൽഖർ ചിത്രങ്ങളിലൊന്ന്. തെന്നിന്ത്യൻ നടിയായിരുന്ന സാവിത്രിയുടെ ജീവിതം ആസ്പദമാക്കിയൊരുക്കിയ ‘മഹാനടി’ എന്ന ചിത്രത്തിൽ ജെമിനി ഗണേശനെ അവതരിപ്പിച്ച് ദുൽഖർ തെലുങ്ക് സിനിമാലോകത്തിന്റെയും സ്നേഹം കവർന്നു. കർവാൻ, ദി സോയ ഫാക്ടർ എന്നിവയാണ് ദുൽഖറിന്റെ ഹിന്ദി ചിത്രങ്ങൾ. ദുൽഖറിന്റെ പുതിയ തെലുങ്കുചിത്രം സീതാരാമം റിലീസിനൊരുങ്ങുകയാണ്.
അഭിനയത്തിനൊപ്പം നിർമാണരംഗത്തും സജീവമാണ് ദുൽഖർ ഇപ്പോൾ.