മലയാളത്തിന്റെ ‘കുഞ്ഞിക്ക’ ദുല്‍ഖര്‍ സല്മാന് ഇന്ന് 32-ാം ജന്മദിനം. ആറ് വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ മികച്ച കഥാപാത്രങ്ങളുമായി അദ്ദേഹം മലയാളത്തിലും ഇന്ത്യയിലൊട്ടാകെയും ആരാധകരെ സൃഷ്ടിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്ന് നിരവധി ആഘോഷ പരിപാടികളാണ് കേരളത്തിലുടനീളം ആരാധകര്‍ നടത്തുന്നത്. ഇതിന്റെ അലയൊലികള്‍ സോഷ്യൽ മീഡിയയിലും വ്യാപകമായി. നിരവധി മോഹിപ്പിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച ദുല്‍ഖറിന്റെ കാര്‍വാ എന്ന ഹിന്ദി ചിത്രമാണ് ഇനി പ്രേക്ഷകര്‍ ആകാംക്ഷയോടെ ഈ ജന്മദിനത്തില് കാത്തിരിക്കുന്നത്.
ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കാര്‍വാന്റെ സംവിധായകന് ആകര്‍ഷ് ഖുറാന ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന നീല നിറത്തിലുള്ള വാന്‍ ദുല്‍ഖറിന് ജന്മദിന സമ്മാനമായി നല്‍കിയിരുന്നു. ചിത്രത്തില്‍ ദുല്‍ഖര്‍ സഹതാരങ്ങളായ ഇര്ഫാന് ഖാന്, മിഥില പാല്ക്കര് എന്നിവര്‍ക്കൊപ്പം സഞ്ചരിക്കുന്നത് ഈ വാനിലാണ്.
ദുല്‍ഖര്‍ വളരെയധികം സഞ്ചരിച്ചതാണ് ഈ വാനില്‍, അതുകൊണ്ടാണ് ഈ വാഹനം നല്കുവാന് താന്‍ തീരുമാനിച്ചതെന്ന് ആകര്‍ഷ് പറഞ്ഞു. മാത്രമല്ല ഏറെ ഓടി തളര്‍ന്ന ഈ വാഹനത്തിന് പുതുജീവന്‍ നല്കുവാന് ദുല്ഖറിനുള്ളിലെ വാഹനപ്രേമിക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏത് റോള്‍ ലഭിച്ചാലും പെര്‍ഫെക്റ്റായി ചെയ്യാന്‍ കഴിയുമെന്ന് താരം ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെളിയിച്ചു. സിനിമയില്‍ മികവ് തെളിയിക്കുന്നതിനു മുന്‍പ് തന്നെ സെലിബ്രിറ്റി ആയിരുന്നു ദുല്‍ഖര്‍. മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാറിന്റെ മകനെന്ന നിലയില്‍ ദുല്‍ഖറിന്റെ സിനിമാ പ്രവേശനത്തിനായി പ്രേക്ഷകരും കാത്തിരിപ്പിലായിരുന്നു.
കൊച്ചിയില്‍ ജനിച്ച ദുല്‍ഖര്‍ സല്മാന് ചെന്നൈയില്‍ നിന്നാണ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സാമ്പത്തിക കാര്യത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷം ഫിനാന്‍സ് കമ്പനിയിലെ ജോലിയുമായി കുറച്ചു കാലം ദുബായിലായിരുന്നു. പിന്നീട് 2010 ലാണ് മുംബൈയിലെ ബേരി ജോണ്‍ ആക്ടിങ് സ്റ്റുഡിയോയില്‍ അഭിനയം പഠിക്കാന്‍ ജോയിന്‍ ചെയ്തത്.
ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലൂടെയാണ് ദുല്‍ഖര്‍ സിനിമയിലേക്ക് എത്തിയത്. ദുല്‍ഖറിനൊപ്പം സണ്ണി വെയ്നും ചിത്രത്തില്‍ അരങ്ങേറി. ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ഇറങ്ങിയ ഉസ്താദ് ഹോട്ടലാണ് ദുല്‍ഖറിന് മികച്ച പേര് നേടിക്കൊടുത്തത്.
ദുല്‍ഖറിന്റെ സിനിമയ്ക്ക് വന്‍സ്വീകാര്യതയാണ് ലഭിക്കുന്നതെന്നാണ് ബോക്സോഫീസ് റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നത്. ദീര്‍ഘനാളായി നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് ജോമോന്റെ സുവിശേഷങ്ങള്‍ തിയേറ്ററുകളിലേക്കെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ തളിര്‍ക്കുമ്പോള്‍ റിലീസ് ചെയ്തു. കുടുംബ പ്രേക്ഷകര്‍ രണ്ടു ചിത്രവും ഏറ്റെടുത്തു. 2.71 കോടിയാണ് ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷനായി ആദ്യ വാരത്തില്‍ ലഭിച്ചത്.
ചാര്‍ലിയുടെ ഓപ്പണിങ് കളക്ഷന്‍ 2.10 കോടിയായിരുന്നു. കലിയുടേതാവട്ടെ 2.33 കോടിയും. 2016 ന്റെ തുടക്കത്തില്‍ തന്നെ മികച്ച എന്‍ട്രിയാണ് താരത്തിന് ലഭിച്ചത്. മോഹന്‍ലാലിന്റെ ലോഹം സിനിമയും ഇതേ സമയത്താണ് റിലീസ് ചെയ്തത്. എന്നിട്ടും ബോക്സോഫീസില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ദുല്‍ഖര്‍ ചിത്രമായ ചാര്‍ലിക്ക് കഴിഞ്ഞു. കമ്മട്ടിപ്പാടം എന്ന ചിത്രവും ദുല്‍ഖറിന്റെ കരിയറിലെ ലക്ഷണമൊത്തൊരു ചിത്രമായി മാറി. മഹാനടിയിലൂടെ തെലുങ്കില്‍ നടത്തിയ അരങ്ങേറ്റം അദ്ദേഹത്തിന് ഇന്ത്യയിലൊട്ടാകെ ആരാധകരെ സൃഷ്ടിച്ചു. അതിലൊരാള്‍ സാക്ഷാല്‍ രാജമൗലി ആണെന്നത് ദുല്‍ഖറിന്റെ പ്രകടനമികവിന്റെ തെളിവായിരുന്നു. ഇനിയും നിരവധി മികവുറ്റ കഥാപാത്രങ്ങളല്ലാതെ മറ്റെന്താണ് ദുല്ഖറില് നിന്നും ആരാധകര്‍ക്ക് പ്രതീക്ഷിക്കാനുളളത്.