തെലുങ്ക് സിനിമാലോകത്തെ മെഗാസ്റ്റാർ ചിരഞ്ജീവിയുടെ അറുപത്തിയഞ്ചാം ജന്മദിനമാണ് ഇന്ന്. അല്ലു അർജുൻ, മഹേഷ് ബാബു, വെങ്കടേഷ് തുടങ്ങി നിരവധിപേരാണ് താരത്തിന് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചിരിക്കുന്നത്. ‘ഫിദ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവനടൻ വരുൺ തേജും ചിരഞ്ജീവിയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്. ചിരഞ്ജീവിയ്ക്ക് ഒപ്പമുള്ള തന്റെ കുട്ടിക്കാലചിത്രമാണ് വരുൺ തേജ് പങ്കുവച്ചിരിക്കുന്നത്.
തെലുങ്ക് സിനിമാലോകത്തെ നിർമാതാവും നടനുമായ നാഗേന്ദ്ര ബാബുവിന്റെ മകനായ വരുൺ തേജ് ചിരഞ്ജീവിയുടെ സഹോദര പുത്രൻ കൂടിയാണ്.
ബാലതാരമായി സിനിമയിലെത്തിയ വരുൺ ‘മുകുന്ദ’ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. ‘കാഞ്ചി’, ‘ഫിദ’ എന്നീ വിജയചിത്രങ്ങളാണ് വരുണിനെ തെന്നിന്ത്യൻ സിനിമാലോകത്ത് ശ്രദ്ധേയനാക്കിയത്. ‘ഗെഡലകൊണ്ട ഗണേഷ്’ ആണ് ഒടുവിൽ റിലീസിനെത്തിയ വരുൺ തേജ് ചിത്രം.
കൊറോണകാലം ബോക്സിംഗ് പ്രാക്റ്റീസുമായി തിരക്കിലാണ് വരുൺ തേജ്. അടുത്തിടെ ഇതിന്റെ ചിത്രങ്ങൾ വരുൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കോച്ചിനൊപ്പം ബോക്സിംഗ് പ്രാക്റ്റീസ് ചെയ്യുന്ന വരുണിനെയാണ് ചിത്രത്തിൽ കാണാനാവുക. മാസ്ക് ധരിച്ചാണ് കോച്ച് വരുണിനെ ബോക്സിംഗ് പരിശീലിപ്പിക്കുന്നത്.
‘ഫിദ’യിൽ സായ് പല്ലവിയുടെ നായകനായാണ് വരുൺ എത്തിയത്. ഈ താരജോഡികളെ പ്രേക്ഷകർ നെഞ്ചിലേറ്റുകയും ചിത്രത്തിലെ ഗാനരംഗം യൂട്യൂബ് ട്രെൻഡിംഗിൽ റെക്കോർഡ് വ്യൂസ് സ്വന്തമാക്കുകയും ചെയ്തിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ, സായ് പല്ലവിയെ കല്യാണം കഴിക്കാനാണ് ആഗ്രഹമെന്ന് വരുൺ പറഞ്ഞത് സമൂഹമാധ്യമങ്ങളിൽ വാർത്തയായിരുന്നു.
Read more: നടിമാരിൽ ആരെ വിവാഹം കഴിക്കും? സായ് പല്ലവിയെയെന്ന് നടൻ
ലക്ഷ്മി മാഞ്ചു അവതാരകയായ ‘ഫീറ്റ് അപ് വിത് സ്റ്റാർസ്’ എന്ന ടോക് ഷോയിലാണ് വരുൺ വിവാഹ മോഹം തുറന്നുപറഞ്ഞത്. സായ് പല്ലവി, റാഷി ഖന്ന, പൂജ ഹെഗ്ഡെ എന്നീ മൂന്നു നടിമാരിൽ ആരെ വിവാഹം കഴിക്കുമെന്നായിരുന്നു അവതാരകയുടെ ചോദ്യം. സായ് പല്ലവിയെ എന്നായിരുന്നു വരുണിന്റെ മറുപടി. പൂജ ഹെഗ്ഡെയുമായി ഡേറ്റ് ചെയ്യാൻ ആഗ്രഹമുണ്ടെന്നും വരുൺ പറഞ്ഞു. റാഷി ഖന്നയെ താൻ കൊല്ലുമെന്നാണ് തമാശരൂപേണ വരുൺ പറഞ്ഞത്.