Aishwarya Rai Bachchan 47th Birthday: രണ്ടര പതിറ്റാണ്ടിലേറെയായി ലോകസുന്ദരി എന്ന വാക്കിനൊപ്പം ഇന്ത്യക്കാരുടെ മനസ്സിൽ തെളിയുന്ന മുഖം ഐശ്വര്യ റായ് ബച്ചന്‍ എന്ന ആഷിന്റേതാവാം. ബോളിവുഡിലും കോളിവുഡിലുമെല്ലാം സിനിമാ ആസ്വാദകരുടെ പ്രിയം നേടിയ ഐശ്വര്യ റായിയുടെ 47ാം ജന്മദിനമായിരുന്നു ഇന്നലെ. കുടുംബത്തിനൊപ്പമായിരുന്നു ഇത്തവണ ഐശ്വര്യയുടെ ജന്മദിനാഘോഷം.
ഭർത്താവും ബോളിവുഡ് നടനുമായ അഭിഷേക് ബച്ചൻ ഐശ്വര്യക്ക് ജന്മദിനാശംസകൾ നേർന്നു. “ജന്മദിനാശംസകൾ വൈഫേ. എല്ലാത്തിനും നന്ദി! നീ നമുക്ക് വേണ്ടി ചെയ്യുന്നതും, നമുക്ക് വലിയ കാര്യങ്ങളുമായ എല്ലാത്തിനും. നീ എപ്പോഴും പുഞ്ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യട്ടെ. ഞങ്ങൾ നിന്നെ നിത്യമായി സ്നേഹിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു,” അഭിഷേക് ഇൻസ്ഗ്രാമിൽ കുറിച്ചു.
1973 നവംബർ ഒന്നിനാണ് ഐശ്വര്യയുടെ ജനനം. അച്ഛൻ മറൈൻ ബയോളജിസ്റ്റായ കൃഷ്ണരാജ് റായ്. അമ്മ എഴുത്തുകാരി വൃന്ദ റായ്. മോഡലിങ്ങിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. 1994 ൽ ലോകസുന്ദരി പട്ടം നേടിയതോടെയാണ് ഐശ്വര്യ പ്രശസ്തയാവുന്നത്.
Read More: സുന്ദരിയായ ഐശ്വര്യയ്ക്കൊപ്പം ഞാൻ; ഒരു ഗാനരംഗത്തിന്റെ ഓർമയുമായി ശോഭന
1997ൽ മണിരത്നം സംവിധാനം ചെയ്ത ‘ഇരുവർ’ ആയിരുന്നു ഐശ്വര്യയുടെ ആദ്യ ചിത്രം. മോഹൻലാലിന്റെ നായികയായിട്ടായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. 1998 ൽ പുറത്തിറങ്ങിയ ‘ജീൻസ്’ ആണ് ഐശ്വര്യയെ ശ്രദ്ധേമാക്കിയ മറ്റൊരു ചിത്രം.
ഓർ പ്യാർ ഹോ ഗെയാ’ ആണ് ഐശ്വര്യയുടെ ആദ്യ ബോളിവുഡ് ചിത്രം. പക്ഷേ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് സഞ്ജയ് ലീല ബൻസാലിയുടെ ‘ഹം ദിൽ ദേ ചുകേ സനം’ എന്ന സിനിമയിലൂടെയാണ് ഐശ്വര്യ ബോളിവുഡിൽ ശ്രദ്ധ നേടുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിച്ചു. തുടർന്ന് വലുതും ചെറുതുമായ നിരവധിയേറെ ചിത്രങ്ങളിലൂടെ ഐശ്വര്യ ബോളിവുഡിൽ തന്റെ സ്ഥാനം ഉറപ്പിച്ചു.
Read More: ഐശ്വര്യ റായ്-അഭിഷേക് ബച്ചൻ വിവാഹത്തിലെ ആരും കാണാത്ത ചിത്രങ്ങൾ
സഞ്ജയ് ലീലാ ബൻസാലിയുടെ ‘ദേവദാസ്’ആണ് അന്തർദ്ദേശീയ തലത്തിൽ ഐശ്വര്യയെ ശ്രദ്ധേയയാക്കിയ ചിത്രങ്ങളിലൊന്ന്. 2002 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട ‘ദേവദാസി’നെ മില്ലേനിയത്തിലെ മികച്ച പത്ത് ചിത്രങ്ങളായി ടൈം മാഗസിൻ തിരഞ്ഞെടുത്തിരുന്നു. ‘ചോക്കർ ബാലി’, ‘ബ്രൈഡ് & പ്രെജ്യുഡിസ്’, ‘റെയിൻകോട്ട്’, ‘ശബ്ദ്’, ‘ദ മിസ്ട്രസ് ഓഫ് സ്പൈസസ്’, ‘ഉമ്റാവോ ജാൻ’, ‘ഗുരു’, ‘ജോധാ അക്ബർ’, ‘ഗുസാരിഷ്’, ‘രാവൺ’, ‘എന്തിരൻ’ തുടങ്ങി നിരവധിയേറെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ഐശ്വര്യ അഭിനയിച്ചു. അഴക് മാത്രമേയുള്ളൂ, അഭിനയമികവില്ലെന്ന് ആദ്യകാലത്ത് വിമർശിച്ചവർക്ക് തന്റെ സിനിമകളിലൂടെ തന്നെ ഐശ്വര്യ ഉത്തരം കൊടുക്കുകയായിരുന്നു.
ബോളിവുഡിൽ തിരക്കിലായിരിക്കുമ്പോഴും തമിഴ്, ബംഗാളി സിനിമകളിലും ഐശ്വര്യ അഭിനയിച്ചു. തമിഴിൽ 2010 ൽ പുറത്തിറങ്ങിയ ‘രാവണ’നും ‘യന്തിര’നും ഐശ്വര്യയുടെ വിജയ ചിത്രങ്ങളാണ്. ‘ബ്രൈഡ് ആൻ പ്രിജുഡിസ്’ (2003), ‘മിസ്‌ട്രസ് ഓഫ് സ്പൈസസ്’ (2005), ‘ലാസ്റ്റ് ലിജിയൻ(2007) എന്നിവ ഐശ്വര്യയെ അന്തർദ്ദേശീയ തലത്തിൽ പ്രശസ്തയാക്കിയ ചിത്രങ്ങളാണ്.
2007ൽ നടൻ അഭിഷേക് ബച്ചനെ വിവാഹം കഴിച്ചതോടെ അഭിനയത്തിൽ നിന്നും തൽക്കാലികമായി വിട്ടു നിന്ന ഐശ്വര്യ, മകൾ ആരാധ്യയുടെ ജനനശേഷമാണ് വീണ്ടും ബോളിവുഡിൽ സജീവയായത്. കരിയറും കുടുംബവും പാരന്റിംഗുമെല്ലാം ബാലൻസ് ചെയ്ത് കൊണ്ടുപോകുന്ന ഐശ്വര്യ ഏറെ പേർക്ക് മാതൃകയായൊരു വ്യക്തിത്വമാണ്. തന്റെ എല്ലാ ഉത്തരവാദിത്വങ്ങളും മനോഹരമായി നിർവ്വഹിക്കുകയും അതേ സമയം തന്നെ ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ സെലിബ്രിറ്റിയെന്ന തന്റെ റോളിന് യാതൊരു ഇളക്കവും തട്ടാതെ മുന്നോട്ട് കൊണ്ടു പോകുകയും ചെയ്യുന്ന ഐശ്വര്യ പലപ്പോഴും ബി ടൗണിന് ഒരു അത്ഭുതമാണ്.