സക്കരിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഹലാൽ ലൗ സ്റ്റോറി’ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, ജോജു ജോർജ്, സൗബിൻ ഷാഹിർ, ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഒക്ടോബർ 15 നാണ് ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യുന്നത്.
പപ്പായ ഫിലിംസിന്റെ ബാനറിൽ ആഷിക് അബു, ഹർഷദ് അലി, ജെസ്ന ആഷിം എന്നിവർ ചേർന്നാണ് ‘ഹലാൽ ലൗ സ്റ്റോറി’ നിർമ്മിച്ചത്. ഇന്ത്യയിലും മറ്റു 200 ലധികം രാജ്യങ്ങളിലെയും പ്രൈം അംഗങ്ങൾക്ക്, 2020 ഒക്ടോബർ 15 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം സ്ട്രീം ചെയ്യാൻ കഴിയും.
‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിനുശേഷം സക്കരിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഹലാൽ ലൗ സ്റ്റോറി’യിൽ അതിഥി താരമായാണ് പാർവതി എത്തുന്നത്.
സിനിമയ്ക്കുള്ളിലെ സിനിമയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് റിപ്പോർട്ട്. സക്കരിയയും മുഹ്സിന് പരാരിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജയ് മേനോന് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ബിജിബാലും ഷഹബാസ് അമനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.
അദിതി റാവു ഹൈദാരിയും ജയസൂര്യയും നായകരായ ‘സൂഫിയും സുജാതയും’, ഫഹദ് ഫാസിൽ ചിത്രം ‘സീ യു സൂൺ’ എന്നിവയുടെ വിജയകരമായ ചിത്രത്തിന് ശേഷം ആമസോണിൽ റിലീസ് ചെയ്യുന്ന ചിത്രമാണ് ‘ഹലാൽ ലൗ സ്റ്റോറി’.
Read more: ‘പുത്തം പുതു കാലൈ’യുടെ ട്രെയിലർ എത്തി; റിലീസ് ഒക്ടോബർ 16ന്