2000 ല്‍ ദേവി പാരഡൈസില്‍ ഹേ റാം ആദ്യമായി പ്രദര്‍ശിപ്പിക്കുമ്പോള്‍ കാണാനുണ്ടായിരുന്നത് പത്തുപേരായിരുന്നു. 2019 ഇതേ സിനിമ വീണ്ടും പ്രദര്‍ശിപ്പിച്ചത് നിറഞ്ഞ സദസിന് മുന്നിലായിരുന്നു. ഉലകനായകന്‍ കമല്‍ ഹാസന്റെ 65-ാം ജന്മദിനാഘോഷത്തിന്റേയും ഗാന്ധിജിയുടെ 150-ാം ജന്മദിനത്തിന്റേയും ഭാഗമായിട്ടായിരുന്നു പ്രദര്‍ശനം.

പ്രദര്‍ശനത്തിന് പിന്നാലെ ഗാന്ധിയെ കുറിച്ചും തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും കമല്‍ വാചാലനായി.

”എല്ലാവരും പറയുന്നത് ഹേ റാം കാലത്തിന് മുന്നേ ഇറങ്ങിയ സിനിമയാണെന്നാണ്. പക്ഷെ എനിക്ക് തോന്നുന്നത്, അത് നേരത്തെ വരണമെന്നായിരുന്നു. സിനിമ ഞങ്ങള്‍ 2000 ലാണ് റിലീസ് ചെയ്യുന്നത്. രാഷ്ട്രീയം ഒരു കളിയില്ല. ആത്മാര്‍ത്ഥമായി ജനങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലാണത് സംഭവിക്കുന്നത്” അദ്ദേഹം പറഞ്ഞു.

”വളര്‍ന്നു വരുമ്പോള്‍ എനിക്ക് ഗാന്ധിയെ കുറിച്ച് വളരെ വിവാദമായൊരു അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. പക്ഷെ ആ അദ്ദേഹത്തില്‍ ദുര്‍ബലനായൊരു മനുഷ്യനെ കണ്ടെത്താന്‍ എനിക്ക് സാധിച്ചില്ല. ഹേ റാം അദ്ദേഹത്തോടുള്ള എന്റെ മാപ്പു പറച്ചിലാണ്. ഇന്ന് ഗാന്ധിയെ ഇഷ്ടപ്പെടാന്‍ എനിക്ക് എന്റേതായ കാരണങ്ങളുണ്ട്” കമല്‍ പറയുന്നു.

”മരുദനായകം സംഭവിക്കാതെ വന്നപ്പോള്‍ എനിക്ക് ദേഷ്യം വന്നു. എന്റെ അമര്‍ഷം ഞാന്‍ ഹേ റാം നിര്‍മ്മിക്കുന്നതിലേക്ക് മാറ്റി. അവര്‍ക്ക് മരുദനായകം നിര്‍ത്താന്‍ സാധിക്കുമായിരുന്നു. പക്ഷെ ഹേ റാം അല്ല. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ റിസ്‌ക് എടുത്തതില്‍ ഞാന്‍ അഭിമാനിക്കുന്നു” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook