‘മിന്നൽ മുരളി’ സിനിമയിലെ ഷിബു എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നടനാണ് ഗുരു സോമസുന്ദരം. മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ ആയി അവതരിപ്പിച്ച ‘മിന്നൽ മുരളി’ക്കൊപ്പം എതിരാളി ഷിബുവിനെയും പ്രേക്ഷകർ നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്.
മിന്നൽ മുരളിയിലെ സ്റ്റണ്ട് ഡബിളിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ഗുരു സോമസുന്ദരം. സിനിമയിലെ ആക്ഷൻ രംഗങ്ങളിൽ ഗുരുവിനു പകരം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത് ബാലാജി ആണ്. ‘‘ഇദ്ദേഹമാണ് എന്റെ സ്റ്റണ്ട് ഡബിൾ ചെയ്ത ബാലാജി. മിന്നൽ മുരളി സെറ്റിൽ പല കോസ്റ്റ്യൂമുകളിലും ഞങ്ങളെ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു. എന്റെ സോൾ ഡബിൾ ആണ് ബാലാജി. എന്റെ കോ-സ്റ്റാർ വില്ലനായ ബാലാജിക്ക് ഒരുപാട് നന്ദി. ദയവ് ചെയ്ത് എന്നെ സ്റ്റണ്ട് പഠിപ്പിക്കൂ. ഞാൻ അഭിനയം പഠിപ്പിക്കാം,” ഗുരു സോമസുന്ദരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇടിമിന്നൽ ഏൽക്കുന്നതിലൂടെ അത്ഭുതശക്തികൾ ലഭിക്കുന്ന ജെയ്‌സൺ എന്ന യുവാവിന്റെ കഥയാണ് ‘മിന്നൽ മുരളി’ എന്ന ചിത്രം പറയുന്നത്. ‘ഗോദ’ എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകൻ ബേസിൽ ജോസഫും ഒന്നിച്ച സിനിമയാണ് മിന്നൽ മുരളി. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ‘മിന്നൽ മുരളി’ നിര്‍മ്മിച്ചിരിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ്. ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെ ആയിരുന്നു ചിത്രത്തിന്റെ റിലീസ്.
Read More: ‘മിന്നൽ മുരളി’ക്ക് നൽകുന്ന അളവറ്റ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി; പുതിയ ചിത്രങ്ങളുമായി ടൊവിനോ