ബൈബിളിനെ പോലെ നല്ല മനുഷ്യരാവാൻ പഠിപ്പിക്കുന്ന വിശുദ്ധ ഗ്രന്ഥമല്ല സിനിമയെന്നും മറിച്ച് സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണെന്നും മുതിർന്ന സിനിമാ പ്രവർത്തകൻ ഗുൽസാർ. ഭവാനി ഐയ്യരുടെ ആദ്യ നോവലായ ‘അനോനി’ന്റെ പ്രകാശനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച മാധ്യമപ്രവർത്തകരുമായുളള സംവാദത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

നാനാ പടേക്കറിനെതിരെ തനുശ്രീ ദത്ത ലൈംഗീക ആരോപണം ഉന്നയിച്ചതോടെയാണ് ബോളവുഡിൽ ‘മീ ടൂ’ ക്യാംപെയിന് തുടക്കമിട്ടത്. ‘മീ ടൂ’ ക്യാംപെനിനെകുറിച്ചുള്ള ചോദ്യത്തിന് ഗുൽസാറിന്റെ മറുപടി ഇങ്ങനെ:

“സിനിമ സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ്. സിനിമയിൽ മാത്രമാണ് ലൈംഗിക ചൂഷണങ്ങൾ നടക്കുന്നതെന്ന് ഞാൻ കരുതുന്നില്ല. സമൂഹത്തിൽ എല്ലായിടത്തും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്. നാലും എട്ടും വയസ്സുള്ള പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്ന സമൂഹത്തിൽ സിനിമയെ മാത്രം എങ്ങിനെയാണ് ഒഴിച്ച് നിർത്താനാവുക. ഏതായാലും അത്തരം കാര്യങ്ങൾ സിനിമയിൽ കാണിക്കാത്തതിന് ദൈവത്തിനോട് നന്ദി പറയുന്നു. എന്നാൽ സിനിമ ഇപ്പോൾ നിങ്ങളുടെ ജീവിതത്തിലെ എല്ലാം സമൂഹത്തിന് മുന്നിൽ പറഞ്ഞു തുടങ്ങിയിട്ടുണ്ട്”.

ഒരു നല്ല മനുഷ്യൻ എങ്ങനെയാവണമെന്ന് സിനിമയ്ക്ക് ഒരിക്കലും പഠിപ്പിക്കാൻ കഴിയില്ലെന്നും ഗുൽസാർ പറഞ്ഞു. കുട്ടികളെ സ്നേഹിക്കണമെന്നും സ്ത്രീകളെ ബഹുമാനിക്കണമെന്നും സിനിമയിലൂടെ പറയുന്നു. പക്ഷേ യഥാർത്ഥ ജീവിതത്തിൽ നമ്മൾ അത് ചെയ്യുന്നുണ്ടോ? നല്ലൊരു മനുഷ്യനാവണമെന്ന് ബൈബിൾ പഠിപ്പിക്കുന്നു. അതുപോലെയാണ് സിനിമയെന്നു കരുതിയെങ്കിൽ നിങ്ങൾക്കു തെറ്റിയെന്നും അദ്ദേഹം പറഞ്ഞു.

കോശിഷ്, ആനന്ദി, മാച്ചിസ് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഗുൽസാർ. ഓസ്കർ, ദേശീയ അവാർഡ്, പദ്മ ഭൂഷൻ തുടങ്ങിയ പുരസ്കാരങ്ങളും ഗുൽസാറിന് ലഭിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook