ആലിയ ഭട്ടിനെയും രൺവീർ സിംഗിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സോയ അക്തർ സംവിധാനം ചെയ്യുന്ന ‘ഗല്ലി ബോയ്’ എന്ന ചിത്രത്തിലെ രൺവീറിന്റെ ലുക്കാണ് സോഷ്യൽ മീഡിയയിലെ ഇപ്പോൾ സംസാരം. മീശയില്ലാതെ, ശരീരഭാരം കുറച്ച് ഒരു പയ്യൻ ഇമേജിലാണ് രൺവീർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രം ഫെബ്രുവരി 14 വാലന്റെയിൻസ് ഡേയ്ക്ക് റിലീസിനെത്തും. ചിത്രത്തിൽ ഒരു സ്ട്രീറ്റ് റാപ്പറുടെ വേഷത്തിലാണ് രൺവീർ എത്തുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ രൺവീർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ റിലീസ് ചെയ്തത്. രൺവീറും ആലിയയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സോയ അക്തർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും.

‘നമ്മുടെ സമയം വരും’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. തെരുവിന്റെ ശബ്ദം എന്നാണ് പോസ്റ്ററിന് രൺവീർ നൽകിയ ക്യാപ്ഷൻ. മുംബൈ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. സംഗീതത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് ‘ഗല്ലി ബോയ്’.

റിലീസിന് ഒരുങ്ങും മുൻപു തന്നെ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ് ‘ഗല്ലി ബോയ്’. 69-ാമത് ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എക്സല്‍ എന്റര്‍ടെയിൻമെന്റ്, ടൈഗര്‍ ബേബി എന്നിവയുടെ ബാനറിൽ ഫർഹാൻ അക്തർ, റിതേഷ് സിദ്വാനി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീതത്രയങ്ങളായ ശങ്കര്‍-എഹ്സാന്‍-ലോയ് എന്നിവരാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. കാര്‍ലോസ് കാറ്റലന്‍, ജയ് ഒസ എന്നിവർ ഛായാഗ്രഹണവും ആനന്ദ് സുബയ എഡിറ്റിംഗും നിർവ്വഹിക്കും. ‘സിംബ’യ്ക്ക് ശേഷം റിലീസിനെത്തുന്ന രൺവീർ ചിത്രമാണ് ‘ഗല്ലി ബോയ്’. ‘കലങ്ക്’, ‘ബ്രഹ്മാസ്ത്ര’ എന്നീ ചിത്രങ്ങളാണ് ആലിയ ഭട്ടിന്റെതായി ഇനി റിലീസിനെത്താനുള്ള ചിത്രങ്ങൾ. കൂട്ടുകാരനായ രൺബീർ കപൂറാണ് ‘ബ്രഹ്മാസ്ത്ര’യിൽ ആലിയയുടെ നായകൻ.

Read more: എനിക്ക് നാണം വരുന്നു; രണ്‍ബീറിനെക്കുറിച്ചുള്ള ചോദ്യത്തിന് ആലിയയുടെ മറുപടി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook