ഏതൊരാൾക്കും പ്രചോദനമാകുന്ന രീതിയിൽ തന്റെ പരിമിതികളെ അതിജീവിച്ച് ഗിന്നസ് റെക്കോർഡ് വരെ സ്വന്തമാക്കിയ പ്രതിഭയാണ് ഗിന്നസ് പക്രു എന്ന അജയ് കുമാർ. നടൻ എന്നതിനൊപ്പം തന്നെ സംവിധായകൻ, നിർമ്മാതാവ് തുടങ്ങിയ രീതികളിലും ഗിന്നസ് പക്രു ഇതിനകം വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു.
സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ട് ഈ കലാകാരന്. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇടയ്ക്ക് ആരാധകരുമായി പങ്കുവയ്ക്കാൻ ഗിന്നസ് പക്രുവും മടിക്കാറില്ല. പക്രു സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രവും അതിനു താഴെ ഒരു വന്ന ഒരു ആരാധകന്റെ കമന്റുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“ചേട്ടാ, ഈ ഗിന്നസ് റെക്കോർഡ് ഉള്ളവർക്കു മാസം പൈസ കിട്ടും എന്നൊക്കെ പറയുന്നത് ഉള്ളതാണോ?” എന്നായിരുന്നു ആരാധകന്റെ ചോദ്യം. “പണി എടുത്താൽ,” എന്നാണ് പക്രു മറുപടി നൽകിയിരിക്കുന്നത്.

രണ്ടു ഗിന്നസ് റെക്കോർഡുകളാണ് പക്രു നേടിയത്. ‘അത്ഭുതദ്വീപ്’ എന്ന ചിത്രത്തിലൂടെയായിരുന്നു ആദ്യ ഗിന്നസ് റെക്കോർഡ് നേടിയത്. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ (64.008 cm height) എന്ന ഗിന്നസ് റെക്കോർഡാണ് പക്രു കരസ്ഥമാക്കിയത്. 2013-ൽ പക്രു സംവിധാനം ചെയ്ത ‘കുട്ടീം കോലും’ എന്ന ചിത്രമാണ് വീണ്ടും ഗിന്നസ് റെക്കോർഡിന് പക്രുവിനെ അർഹനാക്കിയത്. ഈ ചിത്രത്തിലൂടെ പൊക്കം കുറഞ്ഞ സംവിധായകനെന്ന ഗിന്നസ് റെക്കോർഡും പക്രു സ്വന്തമാക്കിയിരുന്നു.
Read More: തുടക്കം അമ്പിളി ചേട്ടനൊപ്പം; ആദ്യചിത്രത്തിന്റെ ഓർമ്മകളിൽ ഗിന്നസ് പക്രു
1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2006 മാർച്ചിൽ ഗായത്രി മോഹനെ വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് ദീപ്തകീർത്തി എന്നൊരു മകളുണ്ട്.
2018 ഏപ്രിൽ 21ന് അദ്ദേഹത്തെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്, യൂണിവേർസൽ റെക്കോർഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോർഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സ്ഥാപിച്ചിരുന്നു.