മലയാളസിനിമയുടെ സ്വന്തം അമ്പിളികലയ്ക്ക് ഒപ്പം അഭിനയം ആരംഭിച്ച ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നടൻ ഗിന്നസ് പക്രു. 33 വർഷങ്ങൾക്കു മുൻപ് ജഗതി ശ്രീകുമാറിനൊപ്പം ‘അമ്പിളി അമ്മാവൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു ഗിന്നസ് പക്രുവിന്റെ സിനിമാ അരങ്ങേറ്റം. പ്രിയപ്പെട്ട അമ്പിളിച്ചേട്ടനൊപ്പം അഭിനയിച്ച ആദ്യം ഷൂട്ട് ചെയ്ത രംഗത്തിന്റെ ചിത്രവും ഗിന്നസ് പക്രു ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. ‘അമ്പിളി അമ്മാവനി’ൽ അമ്പിളികലയ്ക്ക് ഒപ്പം എന്ന ക്യാപ്ഷനോടെയാണ് പക്രു ചിത്രം പങ്കുവച്ചിരിക്കുന്നത്
1986 ൽ പുറത്തിറങ്ങിയ അമ്പിളി അമ്മാവനിൽ ജഗതി ശ്രീകുമാർ, നെടുമുടി വേണു, കലാരഞ്ജിനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെ ജി വിജയകുമാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് വേളൂർ കൃഷ്ണകുട്ടിയായിരുന്നു.
ചെറിയ വേഷത്തിലൂടെ സിനിമയിലെത്തിയ അജയ് കുമാർ പിന്നീട് നടൻ, സംവിധായകൻ, നിർമ്മാതാവ് തുടങ്ങിയ രീതികളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ്. ‘അത്ഭുതദ്വീപ്’ എന്ന ചിത്രത്തിലൂടെ ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ (64.008 cm height) എന്ന ഗിന്നസ് റെക്കോർഡും പക്രു കരസ്ഥമാക്കി.
Read more: പിന്നെ വളർന്നില്ല, വളർത്തിയത് നിങ്ങൾ: ഹൃദയത്തിൽ തൊട്ട് ഗിന്നസ് പക്രു