താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ എപ്പോഴും ആരാധകരിൽ കൗതുകമുണർത്താറുണ്ട്. എന്നാൽ കൗതുകമെന്നതിലുപരി ആരാധകരുടെ ഹൃദയത്തിൽ തൊടുകയാണ് ഗിന്നസ് പക്രു ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുട്ടിക്കാലചിത്രം. ‘പിന്നെ വളർന്നില്ല… വളർത്തിയത് നിങ്ങൾ’ എന്ന ക്യാപ്ഷനോടെ ഗിന്നസ് പക്രു പങ്കുവെച്ച കുട്ടിക്കാലചിത്രം രണ്ടു ദിവസം പിന്നിടുമ്പോഴും ചിത്രത്തിനു താഴെ കമന്റുകളുടെ പ്രവാഹമാണ്.

ഏതൊരു വ്യക്തിയ്ക്കും പ്രചോദനമാകുന്ന രീതിയിൽ, തന്റെ പരിമിതികളെ അതിജീവിച്ച് ഗിന്നസ് റെക്കോർഡ് വരെ സ്വന്തമാക്കിയ പക്രു എന്ന നടനോടുള്ള സ്നേഹവും ബഹുമാനവുമൊക്കെ പ്രകടമാകുന്ന രീതിയിലാണ് കമന്റുകൾ ഏറെയും.

‘മേല്‍വിലാസം’, ‘അപ്പോത്തിക്കിരി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാധവ് രാംദാസന്‍ ഒരുക്കുന്ന ‘ഇളയരാജ’യാണ് ഗിന്നസ് പക്രുവിന്റെ ഏറ്റവും പുതിയ ചിത്രം. തിയേറ്ററുകളിൽ എത്താനുള്ള അടുത്തചിത്രം. വനജന്‍ എന്ന ശക്തമായ കഥാപാത്രമായാണ് പക്രു ചിത്രത്തില്‍ അഭിനയിക്കുന്നത്. മാധവ് രാംദാസിന്റെ കഥയ്ക്ക് സംഭാഷണമൊരുക്കിയിരിക്കുന്നത് സുദീപ് ടി ജോര്‍ജ്ജാണ്.

സജിത്ത് കൃഷ്ണയും ജയരാജ് ടി കൃഷ്ണനും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പാപ്പിനുവും എഡിറ്റിംഗ് ശ്രീനിവാസ് കൃഷ്ണയും നിര്‍വ്വഹിക്കും. രതീഷ് വേഗയാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഗിന്നസ് പക്രുവിനെ കൂടാതെ ഗോകുൽ സുരേഷ്, ദീപക് പറംബോൽ, ഹരിശ്രീ അശോകൻ, അരുൺ, ജയരാജ് വാര്യർ, മാസ്റ്റർ​ ആദിത്യൻ, അനിൽ നെടുമങ്ങാട്, ബേബി ആർദ്ര, സിജി എസ് നായർ, ആൽഫി പഞ്ഞിക്കാരൻ, രോഹിത്, കവിത നായർ, ബിനിഷ് ബാബു, തമ്പി ആന്റണി, സിദ്ദാർത്ഥ്, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read more: പൊന്നുമോള്‍ക്ക് പിറന്നാളാശംസിച്ച് പക്രു: ‘ഇളയരാജ’ ലോക്കേഷനിലെ സ്റ്റൈലന്‍ ചിത്രം

അഭിനയത്തിനൊപ്പം നിർമ്മാതാവിന്റെ റോളിലേക്കും കടക്കുകയാണ് ഗിന്നസ് പക്രു. പക്രു നിർമ്മാതാവുന്ന ‘ഫാൻസി ഡ്രസ്സ്’ അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ്. നവാഗതനായ രഞ്ജിത്ത് സ്‌കറിയയാണ് ചിത്രത്തിന്റെ സംവിധായകന്‍. കോമഡി ചിത്രമായ ‘ഫാന്‍സി ഡ്രസ്സി’ൽ ഒരു നായകനായി പക്രു അഭിനയിക്കുന്നുമുണ്ട്. നാലു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് മുന്നോട്ട് പോവുന്ന ചിത്രമാണ് ‘ഫാൻസി ഡ്രസ്സ്’ എന്നാണ് അണിയറയിൽ നിന്നു വരുന്ന റിപ്പോർട്ടുകൾ.

അജയ് കുമാറും രഞ്ജിത്ത് സ്‌കറിയയും ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രദീപ് നായർ ഛായാഗ്രഹണവും എഡിറ്റിംഗ് വി സാജനും നിർവ്വഹിക്കും. രതീഷ് വേഗയാണ് സംഗീതസംവിധായകൻ. ‘സര്‍വ്വദീപ്ത പ്രൊഡക്ഷന്‍സ്’ എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിലാണ് പക്രു ഈ ചിത്രം നിർമ്മിക്കുന്നത്. മുൻപ് കുട്ടീം കോലും’ എന്ന ചിത്രത്തിലൂടെ സംവിധായകന്റെ വേഷവും പക്രു അണിഞ്ഞിരുന്നു.

Read more: ഗിന്നസ് പക്രു നിർമ്മാതാവുന്നു; ‘ഫാൻസി ഡ്രസ്സ്’ ചിത്രീകരണം ആരംഭിച്ചു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook