മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട നടന്മാരില്‍ ഒരാളാണ് ഗിന്നസ് പക്രു എന്ന അജയ് കുമാര്‍. പരിമിതികള്‍ നേട്ടങ്ങളാക്കി മാറ്റി മലയാള സിനിമാ ലോകത്ത് ഏറെ കാലമായി താരം തിളങ്ങി നില്‍ക്കുകയാണ്. ഇപ്പോഴിതാ പെണ്‍കുട്ടിയുടെ അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുഞ്ഞിനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചു. മകള്‍ ദീപ്തയ്ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പങ്കുവച്ചിരിക്കുന്നത്.
മൂത്തമകള്‍ക്കൊപ്പമുള്ള ചിത്രത്തിന് ചേച്ചിയമ്മ എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കിട്ടത്. കൊച്ചി അമൃത ആശുപത്രിയിലെ ഡോ. രാധാമണിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തിനും താരം നന്ദി അറിയിച്ചു.
1984-ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. മലയാളത്തില്‍ നടന്‍ എന്നതിലുപരി സംവിധായകനും നിര്‍മ്മാതാവുമൊക്കെയാണ് പക്രു. കഴിഞ്ഞ 35 വര്‍ഷത്തിലേറെയായി സിനിമയിലും സ്റ്റേജ് ഷോകളിലുമൊക്കെയായി സജീവമാണ് പക്രു. 2013ല്‍ പുറത്തിറങ്ങിയ കുട്ടീം കോലും സംവിധാനം ചെയ്ത പക്രുവിനെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് നേടി കൊടുത്തിരുന്നു.