ചതുരംഗ ഡിസൈനിൽ കറുപ്പും വെളുപ്പും ഇടകലരുന്ന ഉടുപ്പണിഞ്ഞ മകൾക്കൊപ്പം അതേ ഡിസൈനിലുള്ള മുണ്ടും കറുപ്പു ഷർട്ടുമണിഞ്ഞ് നിൽക്കുന്ന ഒരച്ഛൻ. മകൾ ദീപ്ത കീർത്തിയുടെ പിറന്നാൾ ദിനത്തിലാണ് മകൾക്കൊപ്പമുള്ള അതിമനോഹരമായൊരു ചിത്രം ഗിന്നസ് പക്രു ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
“ഇന്നു എന്റെ മോളുടെ ജന്മദിനം. പിറന്നാൾ ആശംസകൾ ദീപ്ത കീർത്തി,” എന്നാണ് മകൾക്കുള്ള പക്രുവിന്റെ ആശംസ. ഇളയരാജ ലൊക്കേഷനിൽ നിന്നും സ്റ്റിൽ ഫോട്ടോഗ്രാഫർ ഹരീഷാണ് അച്ഛന്റെയും മകളുടെയും ഈ മനോഹര ചിത്രം പകർത്തിയിരിക്കുന്നത്. പക്രു നായകനാവുന്ന ‘ഇളയരാജ’ എന്ന പുതിയ ചിത്രത്തിലെ കോസ്റ്റ്യൂമാണ് ചതുരംഗ ഡിസൈനിലുള്ള ഈ മുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇതിനകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട കോസ്റ്റ്യൂം കൂടിയാണ് ഇത്.
‘മേൽവിലാസം’, ‘അപ്പോത്തിക്കിരി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാധവ് രാംദാസൻ ഒരുക്കുന്ന ചിത്രമാണ് ഇളയരാജ. വനജൻ എന്ന ശക്തമായ കഥാപാത്രമായാണ് പക്രു ചിത്രത്തിൽ അഭിനയിക്കുന്നത്. മാധവ് രാംദാസിന്റെ കഥയ്ക്ക് സംഭാഷണമൊരുക്കിയിരിക്കുന്നത് സുദീപ് ടി ജോർജ്ജാണ്. സജിത്ത് കൃഷ്ണയും ജയരാജ് ടി കൃഷ്ണനും ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പാപ്പിനുവും എഡിറ്റിംഗ് ശ്രീനിവാസ് കൃഷ്ണയും നിർവ്വഹിക്കും. രതീഷ് വേഗയാണ് സംഗീതമൊരുക്കിയിരിക്കുന്നത്.