/indian-express-malayalam/media/media_files/uploads/2023/07/mukesh-photo.jpg)
ഈ പൊടിമീശക്കാരനെ മനസ്സിലായോ?
അഭിനയം കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കുക, അതിനൊപ്പം തമാശ കൊണ്ട് അവരെ കയ്യിലെടുക്കുക. ഇതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ല. മലയാള സിനിമയിലെ പല കോമഡിതാരങ്ങളും ജീവിതത്തിൽ അൽപം കൂടെ ഗൗരവമുള്ളവരാണ്. എന്നാൽ ഇതിൽനിന്നു വളരെ വ്യത്യസ്തനായ ഒരാളുടെ ചെറുപ്പത്തിലെ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കഥകൾ പറയാൻ വളരെ മിടുക്കുള്ളൊരു താരമാണിത്. ആരെയും പിടിച്ചിരുത്തുന്ന രീതിയിൽ താളത്തിലും ലയത്തിലും ആവേശം നിലനിർത്തിയും കഥ പറഞ്ഞുപോവാൻ ഒരു പ്രത്യേക കഴിവു തന്നെയുണ്ട് ഈ നടന്. അതിപ്പോൾ സൂപ്പർ സ്റ്റാർ മമ്മൂട്ടിയെക്കുറിച്ചാണെങ്കിലും രസമുള്ള കഥകളിറക്കും ഈ ചങ്ങാതി. അങ്ങനെ പറയാനുള്ള അധികാരവും മമ്മൂട്ടി നൽകിയിട്ടുണ്ട് എന്നു വേണമെങ്കിൽ പറയാം. സ്റ്റേജ് ഷോകളിലും മറ്റും അവസരം കിട്ടുമ്പോഴെല്ലാം സിനിമാലോകത്തെ രസകരമായ കഥകൾ നമ്മൾക്ക് ഈ താരം പങ്കുവച്ചു നൽകാറുണ്ട്.
രാഷ്ട്രീയത്തിൽ ഒരു കൈനോക്കിയപ്പോൾ നാട്ടുകാരും ഒപ്പം തന്നെ നിന്നു. നിരവധി റിയാലിറ്റി ഷോകളിലും അവതാരകനായും വിധികർത്താവായും അദ്ദേഹം എത്തിയിട്ടുണ്ട്. ഇത്രയും പറയുമ്പോൾ തന്നെ ആരാണ് ഇതെന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും. വേണമെങ്കിൽ ഒരു ചെറിയ സൂചന തരാം. "തോമസുക്കുട്ടി വിട്ടോടാ…" എന്ന ഒറ്റ വാചകം കൊണ്ട് ആളെ എല്ലാവർക്കും മനസ്സിലായി കാണും.
അതേ നമ്മുടെയെല്ലാം പ്രിയപ്പെട്ട മുകേഷിന്റെ ചിത്രമാണിത്. മുകേഷ് കഥകൾക്കും ആരാധകരെയാണ്. മുകേഷ് തന്റെ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്ന ചിത്രമാണിത്. ബ്ലാക്ക് ആൻഡ് വൈറ്റ് എന്നും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.
ഇത് ഞങ്ങളുടെ മുകേഷ് അല്ല, ഇത് കലിപ്പ് ലുക്കാണ്, അന്നും ഇന്നു മൊഞ്ചൻ, പൊടിമീശക്കാരൻ, എന്നിങ്ങനെ പല കമന്റുകളും ചിത്രത്തിനു ലഭിക്കുന്നുണ്ട്.
നാടകകുടുംബത്തിൽ നിന്നുമാണ് മുകേഷിന്റെ വരവ്. പ്രശസ്ത നാടക നടനും നാടകസംവിധായകനുമായ ഒ.മാധവന്റെയും നടി വിജയകുമാരിയുടെയും മകനായ മുകേഷ് വളരെ ചെറുപ്പത്തിൽ തന്നെ അഭിനയരംഗത്ത് എത്തിച്ചേർന്നു. മുകേഷിന്റെ സഹോദരി സന്ധ്യയും ഭർത്താവ് ഇ എ രാജേന്ദ്രനും നാടകരംഗത്തും സിനിമയിലും സജീവമാണ്.
നാടകം തന്നെയായിരുന്നു മുകേഷിന്റെയും ആദ്യ തട്ടകം. പിന്നീട് 1982ൽ 'ബലൂൺ' എന്ന ചിത്രത്തിലൂടെ മുകേഷ് സിനിമയിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് മുത്താരംകുന്ന് പിഒ, പൊന്നും കുടത്തിന് പൊട്ട്, അക്കരെ നിന്നൊരു മാരൻ, ബോയിംഗ് ബോയിംഗ്, ഓടരുതമ്മാവാ ആളറിയാം തുടങ്ങി പ്രിയദർശൻ സംവിധാനം ചെയ്ത നിരവധി ഹാസ്യചിത്രങ്ങളിൽ മുകേഷ് വേഷമിട്ടു. എന്നാൽ 1989ൽ റിലീസിനെത്തിയ സിദ്ദിഖ് ലാൽ ചിത്രം 'റാംജി റാവു സ്പീക്കിംഗ്' ആണ് മുകേഷിന്റെ കരിയറിൽ വഴിത്തിരിവായ ചിത്രം. ഈ ചിത്രത്തോടെ താരമൂല്യമേറെയുള്ള നടനായി മുകേഷ് മാറി. പിന്നീട് അങ്ങോട്ട് മലയാളസിനിമയുടെ അവിഭാജ്യഘടകമായി മാറിയ മുകേഷിനെയാണ് മലയാളികൾ കണ്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.