/indian-express-malayalam/media/media_files/uploads/2023/08/Shabana-Azmi.jpg)
പിതാവിനൊപ്പം ഇരിക്കുന്ന ഈ കുട്ടി ഇന്ന് ഇന്ത്യൻ സിനിമയുടെ അഭിമാനതാരം
ഇന്ത്യന്‍ സിനിമയിലെ റാഡിക്കല്‍ ശബ്ദം എന്നു വിശേഷിപ്പിക്കാവുന്ന ഒരു കലാകാരി. സമൂഹത്തിൽ മതപരമായ വിഭജനം കൂടി വരികയും കലാ സാഹിത്യ സിനിമാ രംഗങ്ങളിൽ പോലും ഫാസിസ്റ്റ് ആധിപത്യം കൂടുകയും ചെയ്യുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ബോളിവുഡിന്റെ കരുത്തരായ ശബ്ദങ്ങളൊക്കെ ഏറെക്കുറെ ആ ഫാസിസ്റ്റ് ശക്തികളോട് യോജിപ്പിലെത്തി കഴിഞ്ഞിരിക്കുന്നു എന്നു പറയാം. അത്തരമൊരു കാലത്ത് 'റാഡിക്കൽ' ശബ്ദമായി നിൽക്കുക എന്നത് അത്ര എളുപ്പമല്ല!
നീണ്ട 49 വർഷത്തെ അഭിനയ ജീവിതം കൊണ്ട് അഭിനയമികവിന്റെ പര്യായമായി മാറുക മാത്രമല്ല സാമൂഹിക- മതനിരപേക്ഷ വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ കൈകൊള്ളാനും ഈ നടി മടിച്ചില്ല. ആ നിലപാടുകൾ തന്നെയാണ് രാജ്യാന്തരതലത്തിൽ വരെ ഈ നടിയെ ശ്രദ്ധേയയാക്കിയത്. അത്തരത്തിൽ ആർജ്ജവമുള്ള ഒരു കലാകാരിയുടെ കുട്ടിക്കാലത്തു നിന്നുള്ള ചിത്രമാണിത്.
ആൾക്കൂട്ട ബഹളങ്ങളിൽ നിലപാടുകൾ കൊണ്ടും ആർജ്ജവം കൊണ്ടും വേറിട്ടു നിൽക്കുന്ന, എല്ലാവരും നടക്കുന്ന വഴിയെ നടക്കാതെ, തനതായ വഴിത്താരകൾ സ്വന്തമാക്കിയ, ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ ശബാന ആസ്മിയുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാം.
ശബാന ആസ്മി ഇന്ത്യയെ സംബന്ധിച്ച് വെറുമൊരു നടി മാത്രമല്ല. സമകാലിക ഇന്ത്യയിൽ ഉത്തരവാദിത്തമുള്ള കലാകാരിയായി എങ്ങനെ ജീവിക്കണം എന്നതിന്റെ ഉദാഹരണം കൂടിയാണ് അവർ. സ്വയം എങ്ങനെ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന് ഒരിക്കൽ ശബാന നൽകിയ മറുപടി ഇങ്ങനെ: "I’m an actor, I’m a Muslim, I’m a social activist"
ഒരായുഷ്കാലം മുഴുവൻ മതത്തിന്റെ മേലാപ്പുകൾ അണിയാതെ ജീവിച്ച, പ്രോഗ്രസീവ് നിലപാടുകളിലൂടെ മുന്നോട്ടു പോയ ശബാന ആസ്മിയെ പോലൊരു കലാകാരിയ്ക്ക്, സാമൂഹ്യപ്രവർത്തകയ്ക്ക്, തന്റെ ' മുസ്‌ലിം ഐഡന്റിറ്റി' ഊന്നി പറയേണ്ടി വരുന്ന അവസ്ഥ സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ അവർ നേരിടുന്ന കടുത്ത സമ്മർദ്ദങ്ങളിലേക്കു കൂടിയാണ് വിരൽ ചൂണ്ടുന്നത്.
എൻഡിടിവിക്ക് വേണ്ടി ബർഖാ ദത്ത് നടത്തിയ സംവാദത്തിൽ ശബാന ആസ്മിയെ ഇമാം ബുഖാരി അധിക്ഷേപിച്ചത് ഏറെ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു. ഫാസിസ്റ്റ് നിലപാടുകളോട് മാത്രമല്ല, ഇടുങ്ങിയ മതവികാരങ്ങളോടും തീവ്ര മുസ്‌ലിം വികാരങ്ങളോടും യുദ്ധം ചെയ്യേണ്ട അവസ്ഥയിലൂടെയാണ് ശബാനയുള്‍പ്പടെയുള്ള കലാ സമൂഹം​ കടന്നു പോവുന്നത്. സമകാലിക ഇന്ത്യയിൽ കലാകാരനായി ഇരിക്കുക എന്നത് ഒരു ഭാരമേറിയ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വത്തെ സധൈര്യം 'ഗ്രേസ്‌ഫുൾ ' ആയി നിറവേറ്റുകയാണ് ശബാന ആസ്മി.
കമ്മ്യൂണിസ്റ്റ് അനുഭാവികളായ പ്രമുഖ ഉറുദു കവി കൈഫി ആസ്മിയുടെയും നാടക അഭിനേത്രിയായ ഷൗക്കത്ത് കൈഫിയുടെയും മകളായി ഹൈദരാബാദിലാണ് ശബാന ജനിച്ചത്. മാതാപിതാക്കളുടെ സാമൂഹിക നിലപാടുകൾ ശബാനയിലും ഉറച്ച സാമൂഹിക ബോധം ഉണ്ടാകാൻ പ്രചോദനമായി. മുംബൈ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദം നേടിയ ശബാന പുണെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് അഭിനയവും പഠിച്ചു.
/indian-express-malayalam/media/media_files/uploads/2023/08/image-35.png)
ക്വാജ അഹമ്മദ് അബ്ബാസിന്റെ 'ഫാൽസ' ആയിരുന്നു ശബാന ആദ്യമായി അഭിനയിച്ച ചിത്രം. എന്നാൽ, ആദ്യം തിയേറ്ററിൽ എത്തിയത് ശ്യാം ബെനഗലിന്റെ 'അങ്കുർ' ആയിരുന്നു. 'അങ്കുറി'ലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ആദ്യമായി ശബാനയെ തേടിയെത്തിയത്. പിന്നീട് 'അര്‍ത്', 'ഖാന്ധഹാർ', 'പാർ' എന്നിവയിലെ അഭിനയത്തിന് തുടർച്ചയായി മൂന്നു വർഷങ്ങളിൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ശബാന സ്വന്തമാക്കി. 1999-ൽ 'ഗോഡ് മദർ' എന്ന സിനിമയിലെ അഭിനയത്തിനും ദേശീയ പുരസ്കാരം സ്വന്തമാക്കാൻ ശബാനയ്ക്ക് സാധിച്ചു.
സമാന്തര സിനിമകളിലൂടെയും സാമൂഹികപ്രവർത്തനത്തിലൂടെയും കലാരംഗത്ത് തന്നെ അടയാളപ്പെടുത്തിയ ശബാനയെ തേടി അഞ്ച് തവണയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം (രജത് കമൽ അവാർഡ്) എത്തിയത്. ഒരുപക്ഷേ ഇന്ത്യയില്‍ മറ്റൊരു നടിക്കും കിട്ടാത്ത അംഗീകാരമാണിത്.
നീണ്ട 45 വർഷത്തെ അഭിനയ ജീവിതത്തിനിടയ്ക്ക് 120 നടുത്ത് സിനിമകളിലാണ് ശബാന അഭിനയിച്ചിരിക്കുന്നത്. സിനിമകളുടെ തിരഞ്ഞെടുപ്പിൽ ഏറെ സൂക്ഷ്മത പുലർത്തുന്ന അഭിനേത്രി കൂടിയാണ് ശബാന. "സിനിമയിലെ അശ്ലീലതയെ തമാശയായി കാണാൻ എനിക്കാവില്ല", തുടങ്ങിയ ശബാനയുടെ ഉറച്ച നിലപാടുകൾ ശ്രദ്ധേയമാണ്.
1988ൽ രാജ്യം പത്മശ്രീ നൽകി ശബാനയെ ആദരിച്ചു. 1997 മുതൽ 2003 വരെ രാജ്യസഭ അംഗമായിരുന്നു. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ (യുഎൻപിഎഫ്എ) ഗുഡ്‌വിൽ അംബാസിഡർ കൂടിയാണ് ശബാന. കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറാണ് ശബാനയുടെ ജീവിത പങ്കാളി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us