കൊച്ചി: മമ്മൂട്ടി നായകനാകുന്ന ഗ്രേറ്റ് ഫാദര്‍ ചിത്രത്തിന്റെ സെന്‍സര്‍ കോപ്പിയിലെ നിര്‍ണായക ദൃശ്യങ്ങള്‍ ചോര്‍ന്നു. മമ്മൂട്ടിയും നായികയായ സ്നേഹയും അഭിനയിച്ച ഭാഗങ്ങളാണ് ചോര്‍ന്നത്. തമിള്‍ റോക്കേഴ്സിലാണ് ചിത്രത്തിന്റെ ഭാഗങ്ങള്‍ ചോര്‍ത്തി അപ്ലോഡ് ചെയ്തതെന്നാണ് വിവരം. മൊബൈലില്‍ ചിത്രീകരിച്ച ഭാഗങ്ങളും ചോര്‍ന്നതായാണ് സൂചന.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്. ആദ്യം ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതും തമിള്‍ റോക്കേഴ്സിലാണെന്നാണ് വിവരം. എന്നാല്‍ ഒരു ഫെയ്സ്ബുക്ക് പേജിലാണ് ചിത്രത്തിന്റെ ദൃശ്യങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടതെന്നും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് ദൃശ്യങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിക്കുകയായിരുന്നു. എന്നാല്‍ ചിത്രം പ്രചരിപ്പിച്ചത് അണിയറപ്രവര്‍ത്തകരാണെന്നും ആരോപണം ഉയരുന്നുണ്ട്. നിര്‍മ്മാതാവിലൊരാളുടേതെന്ന പേരില്‍ ശബ്ദരേഖ ഇതിന് തെളിവായി പ്രചരിക്കുന്നുണ്ട്. പുറത്തായ ദൃശ്യങ്ങള്‍ കുടുംബ പ്രേക്ഷകരെ ആകര്‍‍ഷിക്കുമെന്നും പരമാവധി ഷെയര്‍ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കണമെന്നും ശബ്ദരേഖയില്‍ പറയുന്നു. ഇത് നിര്‍മ്മാതാവിന്റെ ശബ്ദമാണെന്നാണ് പ്രചരണം.

ആരാധകർ വലിയ പ്രതീക്ഷ വച്ച് പുലർത്തു ചിത്രം മാർച്ച് 30-നാണ് തീയറ്ററുകളിൽ എത്തുന്നത്. ഇതിന്റെ ഭാഗമായി ഫാന്‍സ് അസോസിയേഷനുകള്‍ ചിത്രത്തിന് വന്‍ വരവേല്‍പ് ഒരുക്കാന്‍ തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് ചിത്രത്തിന്റെ ഭാഗങ്ങള്‍ ചോര്‍ന്നത്.

മാർച്ച് 30ന് കേരളത്തിലെ 150ല്‍പരം തിയറ്ററുകളില്‍ ആരാധകര്‍ക്കായി പ്രത്യേക ഷോ അടക്കം നടത്തി ചിത്രത്തെ സ്വീകരിക്കാനാണ് ആരാധകര്‍ തയ്യാറെടുക്കുന്നത്.

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തില്‍ കൂടാതെ ഓസ്ട്രേലിയയിലും റിലീസിന് മുമ്പ് ആരാധകര്‍ക്കായി പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് നിര്‍മ്മാതാക്കളിലൊരാളായ ഷാജി നടേശന്‍ ഐഇ മലയാളത്തോട് പറഞ്ഞു. ഇത് ആദ്യമായാണ് ഒരു മലയാള സിനിമ ഇന്ത്യയിൽ റിലീസ് ചെയ്യുന്നതിനൊപ്പം തന്നെ ഓസ്ട്രേലിയയിലും റിലീസ് ആവുന്നത്.

30ന് കേരളത്തിൽ റിലീസ് ചെയ്യുന്ന സിനിമ 31ന് ഓസ്ട്രേലിയൻ തീയേറ്ററുകളിൽ എത്തും. സന്തോഷ് ശിവന്‍, ഷാജി നടേശന്‍, പ്രിഥ്വിരാജ് എന്നിവര്‍ ചേര്‍ന്ന് ഓഗസ്റ്റ്‌ സിനിമയുടെ ബാനറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

റിലീസിന്റെ പിറ്റേന്ന് നടക്കുന്ന മോട്ടോര്‍വാഹന പണിമുടക്ക് ചിത്രത്തെ ബാധിക്കുമോയെന്ന ആശങ്ക നിലനില്‍ക്കെയാണ് ചിത്രത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നതും അണിയറക്കാര്‍ക്ക് തലവേദനയാകുന്നത്. നേരത്തേയും പല സിനിമകളുടേയും നിര്‍ണായക ദൃശ്യങ്ങളും ചിത്രം മുഴുവനായും ചോര്‍ന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ