കൊച്ചി: മലയാള സിനിമയില്‍ ഇത് സുവര്‍ണ കാലഘട്ടമാണ്. കൂടുതല്‍ തിയറ്ററുകളില്‍ ചിത്രങ്ങള്‍ റിലീസിനെത്തുന്നു. കൂടുതല്‍ വിപണികളിലേക്ക് ചിത്രങ്ങളെത്തുന്നു. പുലിമുരുകനിലൂടെ വിപുലമായ ഈ നേട്ടങ്ങള്‍ പിന്നീട് വന്ന ചിത്രങ്ങളും കാത്തുസൂക്ഷിക്കുകയാണ്. എന്നാല്‍ പുലിമുരുകന്റെ തന്നെ റെക്കോര്‍ഡ് തകര്‍ത്താണ് മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന്റെ വരവ്. പുലിമുരുകന്റെ ആദ്യദിന കലക്ഷന്‍ 4.08 കോടിയായിരുന്നു. എന്നാല്‍ ആദ്യ ദിനം തന്നെ 4 കോടി 31 ലക്ഷം രൂപയാണ് ഗ്രേറ്റ് ഫാദറിന്റെ കലക്ഷന്‍.

പ്രേക്ഷകരുടെ സോഷ്യല്‍ മീഡിയ സ്റ്റാറ്റസുകളും മൗത്ത്പബ്ലിസിറ്റിയും വലിയ പ്രചരണമാണ് ഈ ചിത്രത്തിന് കൊടുക്കുന്നത്. കേരളത്തില്‍ മാത്രം 202 സ്ക്രീനുകളിലായിരുന്നു ഗ്രേറ്റ് ഫാദര്‍ റിലീസ് ചെയ്തിരുന്നത്. 958 പ്രദര്‍ശനങ്ങളാണ് ഇന്നലെ മാത്രം ഉണ്ടായത്. ചിത്രത്തിന്റെ ആദ്യ ദിവസത്തെ കലക്ഷന്‍ നാല് കോടി 31 ലക്ഷം എന്ന ഫിഗര്‍ മറികടന്നെന്നാണ് ആഗസ്റ്റ് സിനിമാസ് തന്നെ വ്യക്തമാക്കുന്നത്. കേരളമൊട്ടാകെയുള്ള എല്ലാ റിലീസിംഗ് കേന്ദ്രങ്ങളിലേയും എല്ലാ പ്രദര്‍ശനങ്ങളും ഹൗസ്‌ഫുള്‍ ആയിരുന്നു.

ചരിത്രത്തില്‍ ഏറ്റവും വലിയ ഓപണിങ്ങ് ലഭിക്കുന്ന ചിത്രമായി മാറുകയാണ് ഗ്രേറ്റ് ഫാദര്‍. പുലിമുരുകന്‍, കസബ, കലി, ലോഹം, ചാര്‍ലി തുടങ്ങിയ ചിത്രങ്ങളായിരുന്നു ഇതിന് മുമ്പ് ഏറ്റവും വലിയ ഓപണിങ്ങ് ലഭിച്ച മലയാളചിത്രങ്ങള്‍. എന്നാല്‍ അവയുടെ കളക്ഷനെല്ലാം പഴങ്കഥയാക്കി മുന്നേറുകയാണ് ഇപ്പോള്‍ ഗ്രേറ്റ് ഫാദര്‍.ഒരു ഫാമിലി ത്രില്ലറായ ചിത്രം സമ്മിശ്ര പ്രതികരണത്തോടെയാണ് പ്രദര്‍ശനം തുടരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ