ലാസ്‌വെഗാസ്: അമേരിക്കയിലെ ലാസ്‌വെഗാസിലെ തെരുവുകളിൽ എവിടെ നോക്കിയാലും ഇപ്പോൾ പച്ചക്കുതിരകളാണ്. ഏതാനും ദിവസം മുൻപാണ് നഗരത്തിൽ പച്ചക്കുതിരകളുടെ സാന്നിധ്യം കണ്ടെത്തിയത്. നഗരത്തിന്റെ ചില ഭാഗങ്ങളിൽ മനുഷ്യരെക്കാൾ കൂടുതലായാണ് ഇവയുളളത്. പക്ഷേ ഇതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് സ്റ്റേറ്റ് എന്റോമോളജിസ്റ്റ് പറയുന്നത്.

സാധാരണ പ്രാണിയാണിത്. നിരുപദ്രവകാരിയാണ്. ശൈത്യകാലമോ വസന്തമോ ഉണ്ടാകുമ്പോഴാണ് ഇവയെ കൂടുതലായി കാണാറുളളതെന്ന് സ്റ്റേറ്റ് എന്റമോളജിസ്റ്റ് ജെഫ് നൈറ്റ് പറഞ്ഞു. നഗരത്തിൽ ഇതാദ്യമായല്ല പച്ചക്കുതിരകൾ കൂട്ടത്തോടെ എത്തുന്നത്. 60 കാലഘട്ടങ്ങളിൽ ഇത്തരത്തിൽ പച്ചക്കുതിരകൾ എത്തിയിരുന്നു. എന്റെ 30-ാം വയസിലും അതു കഴിഞ്ഞും നാലോ അഞ്ചോ തവണ ഇത്തരത്തിൽ ഉണ്ടായിട്ടുണ്ടെന്നും നൈറ്റ് പറഞ്ഞു.

ചില പ്രത്യേക കാലാവസ്ഥയിലാണ് ഇവ എത്തുന്നത്. അവയുടെ എണ്ണം വലുതാകും തോറും ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് പോകും. അവ കടിക്കുകയോ, രോഗങ്ങൾ പരത്തുകയോ ചെയ്യില്ല. പേടിക്കേണ്ട പ്രാണിയല്ല അവയെന്നും നൈറ്റ് പറഞ്ഞു. ലൈറ്റുകളാണ് അവയുടെ പ്രധാന ആകർഷണം. പ്രധാനമായും അൾട്രാവൈലറ്റ് ലൈറ്റുകളാണ് അവയെ ആകർഷിക്കുന്നത്. പച്ചക്കുതിരകളെ പേടിയുണ്ടെങ്കിൽ ലോ അൾട്രാവൈലറ്റ് ലൈറ്റുകൾ ഉപയോഗിച്ചാൽ മതിയെന്നും നൈറ്റ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook