തമിഴകത്ത് മീ ടൂ ആരോപണങ്ങൾക്ക് തുടക്കം കുറിച്ചയാളാണ് ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയി. എന്നാൽ ‘മീടൂ’ വിവാദവെളിപ്പെടുത്തലിനു ശേഷം ഇൻഡസ്ട്രിയിൽ നിന്നും ഏറെ രൂക്ഷമായ വിമർശനങ്ങളും അവഗണനകളുമാണ് ചിന്മയി നേരിടുന്നത്. മീടൂ വെളിപ്പെടുത്തലുകളെ തുടർന്ന് സിനിമയിൽ തനിക്ക് അവസരങ്ങൾ കുറയുന്നതായും ഒറ്റപ്പെടുത്താൻ ചിലർ ശ്രമിക്കുന്നതായുമൊക്കെ ചിന്മയി ശ്രീപദ ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോൾ ചിന്മയിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന നിലപാടുമായി രംഗത്തുവന്നിരിക്കുകയാണ് സംഗീതസംവിധായകൻ ഗോവിന്ദ് വസന്ത.
ചിന്മയിക്കെതിരെയുള്ള വിലക്കുകളെയൊന്നും വകവെയ്ക്കാതെ ആരെതിർത്താലും എന്റെ സിനിമകളിൽ ചിന്മയി പാടുമെന്നാണ് ഗോവിന്ദ് വസന്തയുടെ പ്രഖ്യാപനം. “ചിന്മയി എന്നോട് നോ പറയാത്തിടത്തോളം കാലം എന്റെ സിനിമകളിൽ ചിന്മയി ശ്രീപദ പാടും. എന്റെ അഭാവത്തിൽ മറ്റാർക്കും അതിൽ തീരുമാനമെടുക്കാനാവില്ല,” തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ഗോവിന്ദ് വസന്ത വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിൽ ഗോവിന്ദ് വസന്തയുടെ ശക്തമായ നിലപാട് കയ്യടികൾ നേടുകയാണ്.
ചിന്മയിയും ഗോവിന്ദ് വസന്തയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. ഗോവിന്ദിന്റെ നിലപാടിനെ അഭിനന്ദിക്കുകയാണ് ചിന്മയിയും.
തമിഴകത്തെ തലമുതിര്‍ന്ന എഴുത്തുകാരനും സിനിമാ പ്രവര്‍ത്തകനും കവിയുമായ വൈരമുത്തുവിനെതിരെ ലൈംഗികാരോപണങ്ങൾ പരസ്യമായി ഉന്നയിച്ചതോടെയാണ് തമിഴ് സിനിമാലോകത്തെ ചിലർ ചിന്മയിയെ വേട്ടയാടാനും തള്ളിപ്പറയാനും തുടങ്ങിയത്. ഡബ്ബിങ് യൂണിയനില്‍ നിന്നും പുറത്താക്കുക, സോഷ്യല്‍ മീഡിയയിലും അല്ലാതെയും ഭീഷണിപ്പെടുത്തുക, സിനിമയിലെ അവസരങ്ങള്‍ ഇല്ലാതെയാക്കുക തുടങ്ങിയവയ്ക്കെല്ലാം താന്‍ ഇരയാകുന്നു എന്ന് ചിന്മയി വെളിപ്പെടുത്തിയിരുന്നു.
Read more: #Me Too വെളിപ്പെടുത്തലിന് ശേഷം സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതായെന്ന് ചിന്മയി
വിജയ് സേതുപതി, തൃഷ എന്നിവര്‍ അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം ’96’ൽ ഗോവിന്ദ് വസന്തയുടെ സംഗീതസംവിധാനത്തിൽ ഒരുങ്ങിയ ‘കാതലേ കാതലേ’ എന്ന ഗാനം ആലപിച്ചതും ചിന്മയി ആയിരുന്നു. ചിത്രത്തിൽ തൃഷയ്ക്ക് ശബ്ദം നൽകിയതും ചിന്മയി ആയിരുന്നു. ‘മീടൂ’ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, തമിഴിലെ തിരക്കേറിയ ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായ ചിന്മയിയെ തമിഴ്നാട്ടിലെ ഡബ്ബിംഗ് ആർട്ടിസ്റ്റുകളുടെ സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു. സംഘടനയിലെ അംഗത്വ ഫീസ് രണ്ടുവർഷമായി അടച്ചില്ലെന്ന കാരണം പറഞ്ഞായിരുന്നു പുറത്താക്കിയത്.
Read more: പൊതുവേദിയില്‍ നയന്‍താരയെ അധിക്ഷേപിച്ച് രാധാ രവി; ചുട്ടമറുപടിയുമായി വിഘ്നേഷ് ശിവന്
മുൻപ് എ.ആര്.റഹ്മാനും വിലക്കുകൾ വകവെയ്ക്കാതെ താന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന മലയാള ചിത്രം ‘ആടുജീവിതത്തി’ലേക്ക് ചിന്മയിയെ ഒരു ഗാനം ആലപിക്കാനായി ക്ഷണിച്ചിരുന്നു. ‘കന്നത്തില്‍ മുത്തമിട്ടാല്‍’ എന്ന ചിത്രത്തിലെ ‘ഒരു ദൈവം തന്ത പൂവേ’ തുടങ്ങിയ ഗാനങ്ങൾ മുൻപും എ.ആര്.റഹ്മാനു വേണ്ടി ചിന്മയി ആലപിച്ചിരുന്നു.
Read more: #MeToo: തമിഴകം തള്ളിപ്പറഞ്ഞ ചിന്മയി മലയാളത്തില്‍ പാടുന്നു, അതും എ.ആര്.റഹ്മാന്റെ സംഗീതത്തില്‍