സമൂഹത്തിൽ​ പാർശ്വവൽകരിക്കപ്പെട്ടു പോകുന്ന സംസാരശേഷിയും കേൾവിശേഷിയുമില്ലാത്ത ഒരു കുടുംബത്തിന്റെ കഥ പറയുന്ന ശബ്ദമെന്ന ചിത്രത്തിന്റെ റിലീസിംഗ് പ്രതിസന്ധിയിൽ. പത്രപ്രവർത്തകനായ പികെ ശ്രീകുമാർ സംവിധാനം നിർവ്വഹിച്ച ‘ശബ്ദ’മാണ്, റിലീസിംഗിനായി തിയേറ്റർ കിട്ടാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ചിത്രത്തിന്റെ നിർമാതാവും പ്രധാനനടന്മാരിൽ ഒരാളുമായ ജയന്ത് മാമനാണ് ഈ പ്രശ്നം തന്റെ ഫെയ്സ്‌ബുക്ക് പോസ്റ്റിലൂടെ ഉയർത്തികാണിച്ചിരിക്കുന്നത്.

” ‘ശബ്ദം’ സിനിമ എടുത്തതു തന്നെ ജന്മനാ കേൾക്കാനും സംസാരിക്കാനും കഴിയാത്ത രണ്ടു കുട്ടികൾക്ക് അവസരം കൊടുക്കാൻ വേണ്ടിയാണ്. സിനിമയുടെ മുഖ്യധാരയിലേക്ക് എത്തപ്പെടാൻ കഴിയാതിരുന്ന 50 ൽ പരം പുതുമുഖങ്ങൾക്ക് സിനിമയിൽ അവസരം കൊടുത്തു. ഒക്ടോബർ 11 ന് ഈ സിനിമയുടെ റിലീസ് തീയതി തീരുമാനിച്ചു. സർക്കാരിന്റെ തീയറ്റർ അനുവദിക്കാർ മന്ത്രി എ.കെ. ബാലനും കെഎസ്എഫ്ഡിസി ചെയർമാൻ ലെനിൻ രാജേന്ദ്രനും ഒരു മാസം മുൻപേ കത്ത് കൊടുത്തിരുന്നു. അവർ പരിഗണിക്കാമെന്ന് പറയുകയും ചെയ്തിരുന്നു. ‘കായംകുളം കൊച്ചുണ്ണി’ എന്ന സിനിമ റിലീസ് ചെയ്യുന്നതു കൊണ്ട് ഒരു സർക്കാർ തീയേറ്ററും ‘ശബ്ദ’ത്തിന് നൽകാൻ കഴിയില്ലായെന്നാണ് ലെനിൻ രാജേന്ദ്രൻ പറയുന്നത്. ഏറ്റവും ചെറിയ ഒരു സർക്കാർ തീയേറ്റർ പോലും ഞങ്ങൾക്ക് തരാൻ കഴിയില്ലെന്ന് ലെനിൻ രാജേന്ദ്രൻ പറയുന്നു. ‘കായംകുളം കൊച്ചുണ്ണി’ എന്ന സിനിമയ്ക്ക് ആരുടെയും ശുപാർശയില്ലാതെ കേരളത്തിലെ എല്ലാ സ്വകാര്യ തീയറ്ററുകളും കിട്ടും. ശബ്ദം പോലെയുള്ള സിനിമകൾക്ക് സർക്കാർ തീയറ്റർ തന്നില്ലെങ്കിൽ പിന്നെ ആരു സഹായിക്കും?,” എന്നാണ് തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ജയന്ത് മാമൻ ചോദിക്കുന്നത്.

കേൾവി ശേഷിയില്ലാത്ത ഇരുപതുകാരിയായ സോഫിയ എം ജോയും സഹോദരൻ റിച്ചാർഡുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഇരുപതുകാരിയായ സോഫിയ റിച്ചാർഡിന്റെ അമ്മയായാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. 2014 ൽ മിസ് ഡെഫ് ഇന്ത്യ ടൈറ്റിലും സോഫിയ സ്വന്തമാക്കിയിരുന്നു.

ജന്മനാ കേൾവിശേഷിയില്ലാത്ത ഒരു കുശവ കുടുംബത്തിന്റെ കഥ പറയുന്നതിനൊപ്പം കുശവ സമുദായത്തിന്റെ പരമ്പരാഗത കുല തൊഴിൽ അന്യംനിന്നു പോയിക്കൊണ്ടിരിക്കുന്നതിനെ കുറിച്ചും ‘ശബ്ദം’ പരാമർശിക്കുന്നുണ്ട്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായ ചക്രപാണിയെ അവതരിപ്പിക്കുന്നത് നിർമ്മാതാവ് കൂടിയായ ജയന്ത് മാമനാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook