സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം നൽകാതെ പറ്റിച്ചുവെന്ന ബാലതാരം ഗൗരവ് മേനോന്റെ ആരോപണങ്ങളെ നിഷേധിച്ച് ‘കോലുമിട്ടായി’യുടെ നിർമാതാവ് അഭിജിത് അശോകനും സംവിധായകൻ അരുൺ വിശ്വനും. ഗൗരവിന്റെ ആരോപണങ്ങൾക്കു പിന്നാൽ മാതാപിതാക്കളാണെന്നും പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന ധാരണയുടെ പുറത്താണ് ഗൗരവിനെ ചിത്രത്തിലേക്ക് വിളിച്ചതെന്നും നിർമാതാവ് അഭിജിത് പറഞ്ഞു. സിനിമയില്‍ അഭിനയിച്ച മറ്റു നാല് കുട്ടികളുമായാണ് ഇരുവരും വാര്‍ത്താസമ്മേളനത്തിന് എത്തിയത്.

‘കോലുമിട്ടായി’ വളരെ ചെറിയ സിനിമയാണ്. 25 വർഷമായി സിനിമയ്ക്കു പിന്നാലെ നടന്ന ഒരു കൂട്ടംപേരുടെ ആഗ്രഹത്തിൽ പിറന്ന സിനിമയാണിത്. വലിയ മുതൽ മുടക്കിലുണ്ടായ സിനിമയല്ല. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പിന്തുണ കൊണ്ടാണ് ചിത്രം പൂർത്തിയായത്. ബജറ്റില്ലാത്തതിനാൽ സെറ്റിലേക്കുളള മുഴുവൻ ഭക്ഷണവും തന്റെ വീട്ടിൽ നിന്നാണ് കൊണ്ടുവന്നിരുന്നതെന്നും അഭിജിത് പറഞ്ഞു.

Read More: സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം നൽകാതെ പറ്റിച്ചുവെന്ന് ഗൗരവ്

ബജറ്റ് കുറയ്ക്കാനായാണ് പുതിയ കുട്ടികളെ വച്ച് സിനിമയെടുക്കാൻ തീരുമാനിച്ചത്. ഈ സമയത്താണ് ഗൗരവിന്റെ അച്ഛന്റെ സുഹൃത്ത് സമീപിക്കുന്നത്. അദ്ദേഹം വഴി ഗൗരവിനെ സമീപിച്ചു. പ്രതിഫലം നൽകാൻ ഇപ്പോൾ കഴിയില്ലെന്നു പറഞ്ഞപ്പോൾ മാതാപിതാക്കൾ സമ്മതിച്ചു. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ലഭിച്ചതിനുശേഷം പണം നൽകാമെന്നു അവരോട് പറഞ്ഞിരുന്നു. പക്ഷേ വളരെ തുച്ഛമായ തുകയ്ക്കാണ് സാറ്റലൈറ്റ് അവകാശം വിറ്റുപോയത്. ചിത്രത്തിന്റെ മുതൽമുടക്കിന്റെ ചെറിയൊരു ഭാഗം പോലും ഇതിൽനിന്നും കിട്ടിയില്ലെന്നും അഭിജിത് പറഞ്ഞു. ഗൗരവ് നല്ലൊരു നടനാണെന്നും ഇപ്പോഴുണ്ടായ പ്രശ്നങ്ങൾക്കുകാരണം ഗൗരവിന്റെ മാതാപിതാക്കളാണെന്നും അദ്ദേഹം പറഞ്ഞു.

(കടപ്പാട്: മാതൃഭൂമി)

ഗൗരവിന്റെ മാതാപിതാക്കൾ 5 ലക്ഷം രൂപയാണ് ഇപ്പോൾ ആവശ്യപ്പെടുന്നതെന്ന് സംവിധായകൻ അരുൺ വിശ്വൻ പറഞ്ഞു. ചിത്രത്തിന് ലാഭമുണ്ടായിട്ടില്ല. ലാഭമുണ്ടായാൽ തന്നെ അതിന് അർഹത നിർമാതാവിനാണെന്നും സംവിധായകൻ പറഞ്ഞു.

(കടപ്പാട്: മാതൃഭൂമി)

പ്രതിഫലം നൽകാനാവില്ലെന്ന ധാരണപ്രകാരമാണ് ചിത്രത്തിൽ അഭിനയിച്ചതെന്ന് കോലുമിട്ടായിയിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആകാശ് പറഞ്ഞു. സെറ്റിൽ ഒരു തരത്തിലുമുളള ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഗൗരവിന് എതിരായിട്ടല്ല ഇതൊക്കെ പറയുന്നത്. വർഷങ്ങളായി ഗൗരവിനെ അറിയാമെന്നും ഇനിയും തന്റെ നല്ല സുഹൃത്തായിരിക്കുമെന്നും ആകാശ് പറഞ്ഞു.

‘കോലുമിട്ടായി’ സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം നൽകാതെ പറ്റിച്ചെന്നാരോപിച്ച് ബാലതാരം ഗൗരവ് മേനോൻ ഇന്നലെ അമ്മ ജയ മേനോനൊപ്പം വാർത്താസമ്മേളനം നടത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ