പത്തുവര്‍ഷത്തിലധികമായി മലയാളികളുടെ സംഗീതാസ്വാദനത്തില്‍ ഗോപി സുന്ദര്‍ എന്ന പേര് സ്ഥാനം നേടിയിട്ട്. ഇപ്പോഴിതാ അഭിനയത്തില്‍കൂടി ഒരു കൈ നോക്കാന്‍ തയ്യാറെടുക്കുകയാണ് ഗോപി സുന്ദര്‍. ഹരികൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ടോള്‍ ഗേറ്റ്’ എന്ന ചിത്രത്തിലൂടെയാണ് ഗോപി നായകനായി അരങ്ങേറ്റം കുറിക്കുന്നത്. ടോള്‍ഗേറ്റിനെ കുറിച്ച് നായകന്‍ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞത് ഇങ്ങനെ:

“മുമ്പ് ചില ചിത്രങ്ങളില്‍ ഗോപി സുന്ദറായി തന്നെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. മിസ്റ്റര്‍ ഫ്രോഡില്‍ ലാലേട്ടനൊപ്പവും സലാല മൊബൈല്‍സിലുമെല്ലാം പാട്ടുസീനില്‍ വന്നിട്ടുണ്ട്. പക്ഷെ ഒരു ക്യാരക്ടര്‍ റോള്‍ ചെയ്യുന്നത് ആദ്യമായാണ്. എക്‌സൈറ്റ്‌മെന്റല്ല, സത്യത്തില്‍ പേടിയാണ്. അഭിനയിക്കണം എന്നൊന്നും വിചാരിച്ച് ഈ ഫീല്‍ഡിലേക്ക് വന്നതല്ലല്ലോ ഞാന്‍,” ഗോപി സുന്ദര്‍ പറയുന്നു.

സംവിധായകന്റെ ആത്മവിശ്വാസത്തിന്റെ പുറത്തുമാത്രമാണ് ഈ പരീക്ഷണത്തിന് ഇറങ്ങുന്നതെന്നും ഗോപി വ്യക്തമാക്കി.

“ചിത്രത്തിന്റെ സംവിധായകന്‍ ഹരികൃഷ്ണന്‍ ഒരുദിവസം എന്നെ കാണാന്‍ വന്നു. ഞാന്‍ വിചാരിച്ചത് സംഗീതം ചെയ്യാനായിരിക്കും എന്നാണ്. അപ്പോഴാണ് പുള്ളി പറയുന്നത് ചിത്രത്തിലെ നായകനായി എന്നെയാണ് മനസില്‍ കണ്ടിരിക്കുന്നതെന്ന്. ഞാന്‍ ചിന്തിച്ചിട്ടു പോലുമില്ലാത്ത കാര്യമാണ്. അങ്ങനെ ഒരു ഫെയിം ഒന്നും ആഗ്രഹിച്ചിട്ടും ഇല്ല. ഞാന്‍ പുള്ളിയോട് പറഞ്ഞു ‘ഒരു മ്യൂസിക് ഡയറക്ടര്‍ നായകനാകുന്നു എന്ന കൗതുകത്തിന്റെ പുറത്താകരുത്, മറിച്ച് ഈ കഥാപാത്രമാകാന്‍ ഞാനാണ് ചേരുന്നത് എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ മാത്രമേ ഇതിനു മുതിരാവൂ,’ എന്ന്. ഹരികൃഷ്ണന്റെ ആത്മവിശ്വാസത്തിന്റെ പുറത്താണ് ഞാന്‍ അഭിനയിക്കാന്‍ ഇറങ്ങുന്നത്. ദൈവവും നാട്ടുകാരും കൂടെനിന്നാല്‍ രക്ഷപ്പെട്ടു എന്നേ പറയുന്നുള്ളൂ ഇപ്പോള്‍. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. ചിത്രത്തെക്കുറിച്ച് മറ്റൊന്നും പറയാറായിട്ടില്ല,” ഗോപി സുന്ദര്‍ പറഞ്ഞു.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ദുല്‍ഖര്‍ സല്‍മാനാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

“സസ്‌പെന്‍സ് പൊളിക്കുന്നു… എന്റെ അടുത്ത സുഹൃത്തും പ്രതിഭാധനനുമായ ഗോപി സുന്ദറിന്റെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം ഏറെ സന്തോഷത്തോടെ ഞാന്‍ പ്രഖ്യാപിക്കുന്നു.. ഗോപി, എനിക്കറിയാം സംഗീതത്തിലെന്ന പോലെ അഭിനയത്തിലും നീ മാജിക് തീര്‍ക്കുമെന്ന്.. ടോള്‍ ഗേറ്റിന്റെ മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും എന്റെ ആശംസകള്‍.. കാത്തിരിക്കാന്‍ ക്ഷമയില്ല” എന്ന കുറിപ്പോടെയാണ് ദുല്‍ഖര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.

ഹരികൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഹസീന സലാമാണ്. ജിത്തു ദാമോദര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നതും ഗോപി സുന്ദര്‍ തന്നെയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook