സത്യ എന്ന ചിത്രത്തിലെ ഗോപി സുന്ദർ ഈണമിട്ട ഞാൻ നിന്നെ തേടി വരും എന്ന ഗാനം കോപ്പിയടിച്ചതാണെന്ന വാദവുമായി പ്രേക്ഷകർ. യൂട്യൂബിൽ പോസ്റ്റ് ചെയ്ത ഗാനത്തിന്റെ വിഡിയോയ്ക്ക് താഴെയായിട്ട കമന്റുകളിലൂടെയാണ് പാട്ട് കോപ്പിയടിച്ചതാണെന്ന വാദം പ്രേക്ഷകർ ഉയർത്തിയിരിക്കുന്നത്. വിക്രം നായകനായ ഇരുമുഗനിലെ ഹെലേന എന്ന ഗാനത്തോട് സത്യിയിലെ പാട്ടിനു സാമ്യമുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്.

ഹരിനാരായണനാണ് സത്യയിലെ ഞാൻ നിന്നെ തേടി വരും എന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്. അഭയ ഹിരൺമയിയാണ് പാട്ട് പാടിയിരിക്കുന്നത്. പാർവ്വതി നമ്പ്യാരും ജയറാമുമാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. അന്തരിച്ച സംവിധായകൻ ദീപൻ അവസാനമായി സംവിധാനം ചെയ്‌ത ചിത്രമാണ് സത്യ. ജയറാം, പാർവ്വതി നമ്പ്യാർ, റോമ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

ഇങ്ങനെ കോപ്പി അടിക്കരുത് ഇരുമുഖൻ ഞങ്ങളും കണ്ടിട്ടുണ്ട് എന്നാണ് ഡ്രീം ക്യാച്ചർ എന്ന പേരിൽ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു കമന്റ്.

comment screen shot, sathya

നല്ല സുന്ദരമായ കോപ്പിയെന്നാണ് വിവി മാക്‌സ് എന്ന പേരിൽ നിന്നുളള കമന്റ്.

ഹെലന ഹെലന പോലെയുണ്ടെന്ന കമന്റുകളും കുറവല്ല.

ഹെലന സോങ് ഇരുമുഖൻ പോലെ തന്നെ ഉണ്ട്, കോപ്പി അടിച്ചെന്നും പറയുകയെ ഇല്ല എന്നാണ് അലൻ ജോസ് എന്ന പേരിൽ നിന്നുളള ഒരു കമന്റ്.

sathya comment screenshot

ഹെലന ഹെലന എന്ന വരികളെഴുതിയുളള കമന്റുകളും പാട്ടിന് താഴെ കാണുന്നുണ്ട്.

സത്യയിലെ പാട്ടിനോടു സാമ്യമുണ്ടെന്ന് പറയുന്ന ഇരുമുഖനിലെ പാട്ടിൽ നയൻതാരയും വിക്രമുമാണ് അഭിനയിച്ചിരിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് ഹാരിസ് ജയരാജാണ്.

ഇരുമുഖനിലെ ഹെലന എന്ന ഗാനത്തിന് ഫെറ്റി വാപ് എന്ന റാപ് ഗായകന്റെ ട്രാപ് ക്വീനുമായി സാമ്യമുണ്ടെന്നും പറയപ്പെടുന്നു.

അതേസമയം, മറ്റേതെങ്കിലും പാട്ടുമായി സാമ്യമുളള പാട്ട് കേൾക്കാൻ നിരവധി പേരുണ്ടെന്നും ട്രോളുകൾ പ്രതീക്ഷിക്കുന്നുവെന്നും ഗോപി സുന്ദർ ഫെയ്‌സ്ബുക്കിൽ കുറിച്ച വാക്കുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് ഇപ്പോൾ അദ്ദേഹത്തിന്റെ വെരിഫൈഡ് ഫെയ്‌സ്ബുക്ക് പേജിൽ കാണുന്നില്ല.

gopi sunder

ഗോപി സുന്ദർ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്‌തത്.

ഇതിന് മുൻപും ഗോപി സുന്ദറിനെതിരെ കോപ്പിയടി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. അടുത്തിടെ മമ്മൂട്ടിയുടെ പുതിയ ചിത്രമായ ദി ഗ്രേറ്റ് ഫാദറിലെ മോഷൻ പോസ്റ്ററിന് പശ്ചാത്തലമായി നൽകിയ ഈണം മോഹൻലാൽ ചിത്രമായ റെഡ് വൈനിലെ പശ്ചാത്തല സംഗീതത്തിന് സമാനമാണെന്ന ആരോപണം ഉയർന്നിരുന്നു. ദുൽഖർ സൽമാൻ ചിത്രം കലിയുടെ പശ്ചാത്തല സംഗീതവും മറ്റൊരു ചിത്രത്തിനോട് സാമ്യമുളളതായി ആരോപണം ഉയർന്നിരുന്നു. അതിനെ കുറിച്ച് നിരവധി ട്രോളുകളും ഇറങ്ങിയിരുന്നു. എന്നാൽ എല്ലാ ട്രോളുകളെയും അഭിനന്ദിച്ച ഗോപിസുന്ദറിന്റെ നിലപാടും ശ്രദ്ധേയമായിരുന്നു.

അഞ്‌ജലി മേനോൻ സംവിധാനം ചെയ്‌ത ബാംഗ്ളൂർ ഡെയ്‌സിലെ ഒരു പാട്ട് ഒരു ഇംഗ്ളീഷ് പാട്ടിന് സമാനമാണെന്ന് കണ്ടെത്തിയപ്പോൾ അത് ഗോപിസുന്ദർ സമ്മതിച്ചിരുന്നു. പല പാട്ടുകളും പലതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ചെയ്യുന്നതെന്നും ഗോപി സുന്ദർ ഈ വാർത്തകളോട് പ്രതികരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook