ഏറ്റവും പ്രിയപ്പെട്ടതായി കരുതുന്നവയാണ് ചിലർക്ക് അവരുടെ വളർത്തു മൃഗങ്ങൾ. അവർക്കൊപ്പമുളള നിമിഷങ്ങളെല്ലാം ജീവിതത്തോട് ചേർത്തുവക്കുന്നതുമാകും. ജീവനായി സ്നേഹിച്ച വളർത്തുമൃഗങ്ങൾ വിടപറയുന്നത് ഒരു പക്ഷെ പലർക്കും താങ്ങാവുന്നതിലും അപ്പുറമായിരിക്കും. അത്തരത്തിലൊരു വിടപറയലുമായി ബന്ധപ്പെട്ട വൈകാരിക കുറിപ്പിന് സാക്ഷ്യം വഹിക്കുകയാണ് സോഷ്യൽ മീഡിയ. സംഗീത സംവിധായകൻ ഗോപി സുന്ദറാണ് വിടപറഞ്ഞ തന്റെ വളർത്തു നായ ഹിയാഗോയെ കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവച്ചത്.
“വളരെയധികം മനോവിഷമത്തോടെയാണ് ഇതെഴുതുന്നത്. എന്റെ വിഷമം ആർക്കെങ്കിലും മനസ്സിലാകുമോ എന്നറിയില്ല. എന്റെ കുടുംബാംഗങ്ങളിലൊരാൾ, അവളെ ഒരു വളർത്തു മൃഗം എന്ന രീതിയിൽ വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഞങ്ങളിൽ ഒരാളായിരുന്ന അവൾ ഇന്ന് വിടപറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി അവൾ എന്റെ കൂടെയുണ്ട്. ഒരുപക്ഷെ എന്നേക്കാളും അവളായിരിക്കാം എല്ലാം ഓർക്കുന്നുണ്ടാവുക. ചെന്നൈ മറീന ബീച്ചിലൂടെയുളള അവളുടെ ആദ്യ ചുവടുകൾ, ഒരു മാസം മാത്രം പ്രായമുണ്ടായിരുന്നപ്പോൾ അവളുടെ ചെറിയ പേടികളെല്ലാം ഞാൻ മാറ്റിയെടുത്തു. എനിക്കെന്ന പോലെ എന്റെ കുടുംബാംഗങ്ങൾക്കും, സുഹൃത്തുക്കൾക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു. എന്നും എന്റെ ഹൃദയത്തിൽ ഒരിടം അവൾക്കായുണ്ട്. നീ എന്നും സ്നേഹിക്കപ്പെടുകയും ഓർമിക്കപ്പെടുകയും ചെയ്യും. സ്വർഗത്തിൽ ഒരു വീട് കണ്ടെത്താൻ നിനക്ക് സാധിക്കട്ടെ”.
ഗോപി സുന്ദറിന്റെ ജീവിതപങ്കാളിയായിരുന്ന ഗായിക അഭയ ഹിരൺമയിയും ഹിയാഗോയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. “ഞങ്ങളുടെ സർവ്വസ്വവും…ഞങ്ങളുടെ അമ്മ, രാജകുമാരി ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്…ഹിയാഗോ…ഞങ്ങളെ നല്ലവണ്ണം നോക്കിയതിന് നന്ദി… ഒന്നും എഴുതാൻ പറ്റുന്നില്ല എന്നതാണ് സത്യം. വികാരങ്ങൾക്കും വാക്കുകൾക്കും മുകളിലാണ് നീ. എനിക്ക് അറിയാം മറ്റൊരു ലോകത്ത് നീ നിന്റെ അച്ഛനുമായി സംസാരിക്കുകയായിരിക്കും എന്നത്. നീ ഇപ്പോഴും ഒരു മനുഷ്യനാണോ നായക്കുട്ടിയാണോ എന്ന് പോലും എനിക്ക് ഒറപ്പില്ല. പക്ഷെ ഒന്നുറപ്പാണ് നീ ഞങ്ങൾക്കെല്ലാമായിരുന്നു,” അഭയ കുറിച്ചു.
ആരാധകർ ഉൾപ്പെടെ താരങ്ങളായ അനുശ്രീ, ശബരീഷ് പ്രഭാകർ, അമൃത സുരേഷ് എന്നിവരും ഇവരുടെ ദുഖത്തിൽ പങ്കുവചേർന്നിട്ടുണ്ട്.