പ്രശസ്ത നാടക രചയിതാവ് കെ എം ചിദംബരന്‍ മാസ്റ്റര്‍ എഴുതിയ ‘തുറമുഖം’ എന്ന നാടകം വേദിയിലെത്തിക്കാനൊരുങ്ങുകയാണ് അദ്ദേഹത്തിന്റെ മകനും, തിരക്കഥാകൃത്തും നാടകാദ്ധ്യാപകനുമായ ഗോപന്‍ ചിദംബരന്‍. കൊച്ചി പശ്ചാത്തലമാക്കി എഴുതിയനാടകംകൊച്ചി തുറമുഖ പ്രദേശത്തു ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് പറയുന്നത്.

1973ലെ സാഹിത്യ പരിഷത്ത് പുരസ്‌കാരം നേടിയ ‘തുറമുഖം’ വീണ്ടും രംഗത്ത് അവതരിപ്പിക്കുന്നത് ‘കളക്ടീവ് ഫേസ് വണ്ണും’ ‘ഉരു ആര്‍ട്ട്‌സ് ഹാര്‍ബറും’ ചേര്‍ന്നാണ്.

“കൊച്ചി തുറമുഖത്തിന്റെ തൊണ്ണൂറാം വര്‍ഷമാണിത്. ഈ നാടകം തുറമുഖം തൊഴിലാളികളെ കുറിച്ചും അവരുടെ ജീവിതത്തെ കുറിച്ചുമുള്ളതാണ്. ഈ പശ്ചാത്തലത്തിലാണ് ഇത് വീണ്ടും വേദിയിലെത്തിക്കുക എന്നൊരു തീരുമാനമെടുക്കുന്നത്,” ഗോപന്‍ പറഞ്ഞു.

നാടകത്തിലേക്ക് നായികയെ അന്വേഷിക്കുകയാണ് ഗോപന്‍. കൊച്ചി ഭാഷ സംസാരിക്കുന്ന 50 നു മുകളില്‍ പ്രായമുള്ള സ്ത്രീയാണ് നായികാ കതാപാത്രത്തിലേക്ക് വേണ്ടത്. ഗോപന്റെ  ‘സദൃശ്യവാക്യങ്ങള്‍’ എന്ന നാടകത്തിലൂടെയാണ് മോളി കണ്ണമാലി എന്ന അഭിനേത്രി നാടക സിനിമാ രംഗത്തേക്ക് വരുന്നത്.

“കൊച്ചിയുടെ ഭാഷ സത്യത്തില്‍ രണ്ടാണ്. മട്ടാഞ്ചേരിക്കും ഫോര്‍ട്ട് കൊച്ചിക്കും രണ്ടു ഭാഷയുണ്ട്. മട്ടാഞ്ചേരിയാണ് നാടകത്തിന്റെ പശ്ചാത്തലം. ആ ഭാഷം സംസാരിക്കുന്ന ആളെയാണ് വേണ്ടത്. മോളി ച്ചേച്ചി ചെയ്തത് പടിഞ്ഞാറന്‍ കൊച്ചിയുടെ അതായത് ഫോര്‍ട്ട് കൊച്ചി ചെല്ലാനം ഭാഗത്തുള്ളവര്‍ സംസാരിക്കുന്ന ശൈലിയാണ്. പക്ഷേ ഈ നാടകം പൂര്‍ണമായും മട്ടാഞ്ചേരിയിലാണ്. മട്ടാഞ്ചേരിക്ക് സ്വന്തമായൊരു വൊക്കാബുലറി പോലുമുണ്ട്,” ഗോപന്‍ വിശദീകരിച്ചു.

മോളി കണ്ണമാലി ഇന്ന് മലയാള സിനിമയില്‍ കൊച്ചി ഭാഷയുടെ ബ്രാന്‍ഡ് അംബാസിഡറായാണ് അറിയപ്പെടുന്നത്. സത്യന്‍ അന്തിക്കാടിന്റെ ‘പുതിയ തീരങ്ങള്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു മോളി കണ്ണമാലി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അഭിനയം മാത്രമല്ല ഗാനാലാപനവും തനിക്കു വഴങ്ങുമെന്ന് തെളിയിച്ചവരാണ് മലയാളികളുടെ സ്വന്തം മോളി ച്ചേച്ചി. ‘കേരള കഫെ,’ ‘അമര്‍ അക്ബര്‍ അന്തോണി’ എന്നീ ചിത്രങ്ങിലെല്ലാം ശ്രദ്ധേയമായ വേഷങ്ങള്‍ മോളി ച്ചേച്ചി കൈകാര്യം ചെയ്തിട്ടുണ്ട്.

‘സദൃശ്യവാക്യങ്ങളിൽ’ മോളി കണ്ണമാലിയും ആര്യയും

നാടകം മാത്രമല്ല, സിനിമയുടെ കൂടി തിരക്കിലാണ് ഗോപന്‍. നിവിന്‍ പോളിയെ നായകനാക്കി എന്‍എന്‍ പിള്ളയുടെ ജീവിത പശ്ചാത്തലത്തില്‍ രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഗോപനാണ്. തിരക്കഥ അവസാനഘട്ടത്തിലാണെന്നും പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നും ഗോപന്‍ ഐ ഇ മലയാളത്തോടു പറഞ്ഞു. 2019ല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അമല്‍ നീരദ് സംവിധാനം ചെയ്ത ‘ഇയ്യോബിന്റെ പുസ്തകം’ എന്ന ചിത്രത്തിന്റെ തിരക്കഥാ രചനയും ഗോപനായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ