അന്തരിച്ച ബോളിവുഡ് നടന്‍ ഫറൂഖ് ഷൈഖിന്റെ 70ാം ജന്മദിനത്തില്‍ അദ്ദേഹത്തെ ആദരിച്ച് ഡൂഡില്‍ ഒരുക്കി ഗൂഗിള്‍. 1948ല്‍ ജനിച്ച അദ്ദേഹം 2013 ഡിസംബര്‍ 27ന് 65ാം വയസിലാണ് പകരക്കാരനെ വെക്കാതെ വെളളിത്തിരയില്‍ നിന്നും നടന്നകന്നത്. മുംബൈയില്‍ ജനിച്ച് വളര്‍ന്ന് ഷൈഖ് പിതാവിനെ പോലെ ഒരു അഭിഭാഷകനാവാനായിരുന്നു തയ്യാറെടുത്തത്. എന്നാല്‍ മനസില്‍ സിനിമാമോഹം ഉദിച്ചതോടെ നിയമപഠനത്തിനിടെ സിനിമയിലേക്ക് തിരിഞ്ഞു.

1973ല്‍ പുറത്തിറങ്ങിയ എംഎസ് സത്യൂവിന്റെ ‘ഗരം ഹവ’ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ സിനിമാ കരിയറില്‍ വഴിത്തിരിവായത്. സത്യജിത് റേ ചിത്രമായ ശത്രഞ്ജ് കേ ഖിലാഡി (1977) അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിന് സാക്ഷ്യം വഹിച്ച ചിത്രമായി മാറി. 1978ല്‍ പുറത്തിറങ്ങിയ ഗമന്‍, ചഷ്മെ ബദ്ദൂര്‍ (1981), ഉമ്രാവോ ജാന്‍ (1981), ബസാര്‍ (1982) എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു.

2000ത്തിലാണ് അദ്ദേഹം ടെലിവിഷന്‍ സീരിയലുകളിലും തന്റെ സാന്നിധ്യം അറിയിച്ചത്. ചമത്കാര്‍, ജി മന്ത്രിജി, യെസ് മിനിസ്റ്റര്‍ എന്നീ പരമ്പരകളില്‍ അദ്ദേഹം അഭിനയിച്ചു. 2002ല്‍ ടോക്ക് ഷോ ആയ ജീനാ ഇസി കാ നാം ഹെയിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ഷാംങായി, യേ ജവാനി ഹേ ദിവാനി എന്നീ ചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്തു. 65ാം വയസില്‍ ദുബായില്‍ വെച്ചാണ് ഫറൂഖ് ഷൈഖ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ