ലൊസാഞ്ചൽസ്: 80-ാം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവേദിയില്‍ ഇന്ത്യക്ക് നേട്ടവും നിരാശയും. മികച്ച ഒറിജിനല്‍ സോങ്ങിനുള്ള അവാര്‍ഡ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ലഭിച്ചു. ചിത്രത്തിന്റെ സംഗീത സംവിധായകന് എം എം കീരവാണി പുരസ്കാരം ഏറ്റവാങ്ങി.
എന്നാല്‍ മികച്ച വിദേശ ചിത്രത്തിനുള്ള നോമിനേഷനില്‍ ഉള്‍പ്പെട്ടെങ്കിലും പുരസ്കാരം നഷ്ടമായി. അര്‍ജന്റീനന്‍ ചിത്രമായ ‘അര്‍ജന്റീന, 1985’-നാണ് അവാര്‍ഡ്. ഓള് കൊയറ്റ് ഒണ്‍ ദി വെസ്റ്റേണ്‍ ഫ്രന്റ് (ജര്‍മനി), ക്ലോസ് (ബെല്‍ജിയം), ഡിസിഷന്‍ ടു ലീവ് (സൗത്ത് കൊറിയ) തുടങ്ങിയ ചിത്രങ്ങളാണ് ആര്‍ആര്‍ആറിനൊപ്പം മത്സരിക്കാനുണ്ടായിരുന്നത്.
കരോലിന (വെയര്‍ ദി ക്രോഡാഡ്സ് സിങ്), സിയാവോ പാപ്പാ {ഗില്ലെർമോ ഡെൽ ടോറോസ് പിനോച്ചിയോ), ഹോൾഡ് മൈ ഹാൻഡ് (ടോപ്പ് ഗൺ: മാവെറിക്ക്), ലിഫ്റ്റ് മി അപ്പ് (ബ്ലാക്ക് പാന്തർ: വാക്കണ്ട ഫോറെവര്‍) എന്നിവയാണ് മികച്ച ഒറിജിനല്‍ സോങ്ങിനുള്ള നോമിനേഷന് ലഭിച്ച മറ്റ് ഗാനങ്ങള്‍.
14 വര്‍ഷത്തിന് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ഇന്ത്യയിലേക്കെത്തുന്നത്. മികച്ച പശ്ചാത്തല സംഗീതത്തിന് എആര്‍ റഹ്മാനാണ് അന്ന് പുരസ്കാരം ലഭിച്ചത്. ‘സ്ലം ഡോഗ് മില്യണയര്‍’ എന്ന ചിത്രത്തിലെ മികവിനായിരുന്നു അംഗീകാരം. ‘127 ഹവേഴ്സ്’ എന്ന ചിത്രത്തിന് 2011-ലും റഹ്മാന് നോമിനേറ്റ് ചെയ്യപ്പെട്ടെങ്കിലും പുരസ്കാരം ലഭിച്ചില്ല.