Gold Review Release Live Updates: ‘പുതുമയൊന്നുമില്ലാത്ത മൂന്നാമത്തെ ചിത്രം’ എന്ന ടാക് ലൈനോടെ അൽഫോൺസ് പുത്രൻ ചിത്രം ‘ഗോൾഡ്’ ഇന്ന് തിയേറ്ററുകളിലെത്തുകയാണ്. ഓണത്തിന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ നീട്ടിവയ്ക്കുകയാണ്. ഒടുവിൽ സിനിമാസ്വാദകർ ഏറെ കാത്തിരുന്ന ചിത്രം റിലീസിനെത്തിയിരിക്കുകയാണ്. ചിത്രം സമ്മിശ്രപ്രതിരണങ്ങളാണ് ആസ്വാദകരുടെ ഭാഗത്തു നിന്ന് നേടുന്നത്.
അൽഫോൺസ് ഇന്നലെ രാത്രി ആരാധകർക്കായി ഫെയ്സ്ബുക്കിൽ കുറിച്ച പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. “നേരവും, പ്രേമവും പോലെ ഗോൾഡും ഇംപെർഫെക്റ്റാണ്…അതുകൊണ്ട് മിക്കവാറും നിങ്ങൾക്ക് ഗോൾഡ് ഇഷ്ടപ്പെടാൻ സാധ്യതയുണ്ട്. നാളെ ഗോൾഡ് റിലീസാണ്. കണ്ടതിനു ശേഷം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഫീഡ്ബാക്ക് തുറന്നു പറയണേ. ഫസ്റ്റ് സീനിൽ തന്നെ കഥ തുടങ്ങും. ബാക്കി ഞാൻ പറഞ്ഞ് കുളമാക്കുന്നില്ല. എന്റെ ഭാഗത്തു നിന്നുണ്ടായ ഡിലേയ്ക്കു മാപ്പ് പറയുന്നു” അൽഫോണസ് കുറിച്ചു.
ചിത്രത്തിലെ ഗാനവും ഇന്നലെ രാത്രി റിലീസ് ചെയ്തിരുന്നു.
പൃഥ്വിരാജ്, നയൻതാര, അജ്മൽ അമീർ, ജഗദീഷ്, സൈജു കുറുപ്പ്, അൽതാഫ്, കൃഷ്ണശങ്കർ, വിനയ് ഫോർട്ട്, റോഷൻ മാത്യു,സാബുമോൻ, ലാലു അലക്സ്, ശബരീഷ് വർമ്മ, പ്രേംകുമാർ, മല്ലിക സുകുമാരൻ, ദീപ്തി സതി, ബാബുരാജ്, ശാന്തികൃഷ്ണ, ഷമ്മി തിലകൻ, ഇടവേള ബാബു, അബു സലിം, സുരേഷ് കൃഷ്ണ, തെസ്നി ഖാൻ, ജാഫർ ഇടുക്കി തുടങ്ങി 23 ഓളം താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. താരസമ്പന്നമായ ചിത്രത്തിന്റെ പോസ്റ്റർ ഏറെ വൈറലായിരുന്നു. ‘ഇതിപ്പോ ഒരു ഇൻഡസ്ട്രി മൊത്തം ഉണ്ടല്ലോ,’ എന്നായിരുന്നു പോസ്റ്റർ കണ്ട സോഷ്യൽ മീഡിയയുടെ കമന്റ്.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ‘ഗോൾഡ്’ നിര്‍മ്മിക്കുന്നത്.
നേരം, പ്രേമം എന്നീ രണ്ടു ചിത്രങ്ങൾ മാത്രമാണ് ഇതുവരെ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സംവിധായകരിൽ ഒരാളാണ് അൽഫോൺസ് പുത്രൻ. അതുകൊണ്ടുതന്നെ, ‘പ്രേമം’ കഴിഞ്ഞുള്ള നീണ്ട ഇടവേളയ്ക്കുശേഷം ഗോൾഡുമായി അല്‍ഫോന്‍സ് എത്തുമ്പോൾ സിനിമാപ്രേമികൾക്കും ആവേശമേറെയാണ്.
ചിത്രത്തിന്റെ ആദ്യ പകുതിയെക്കുറിച്ചുളള പ്രതികരണങ്ങളിങ്ങനെയാണ്. നയൻതാരയ്ക്ക് ആദ്യ പകുതിയിൽ അധികം രംഗങ്ങളില്ല എന്നതും പ്രതികരണങ്ങളായി പുറത്തുവരുന്നുണ്ട്.
ഫസ്റ്റ് ഷോ അവസാനിക്കുമ്പോൾ ചിത്രം പ്രേക്ഷകരെ ആകർഷിക്കുന്ന എല്ലാവിധ ഘടകങ്ങളും ഈ അൽഫോൺസ് പുത്രൻ ചിത്രത്തിലുണ്ടെന്നാണ് ആസ്വാദകർ അഭിപ്രായപ്പെടുന്നത്.
ഗോൾഡിന്റെ ഫസ്റ്റ് ഷോ ചെന്നൈയിൽ റദ്ദാക്കി. പത്ത് മണിക്ക് ശേഷം ചിത്രം പ്രദർശിപ്പിക്കാം എന്ന നിർദ്ദേശമാണ് ചെന്നൈയിലെ തിയേറ്ററുകളെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ചരിത്രത്തിലാദ്യമായാണ് ഒരു ചിത്രം റിലീസിന് മുൻപ് തന്നെ 50 കോടി ക്ലബിൽ എത്തുന്നത്. പൃഥ്വിരാജിന്റെ കരിയറിൽ ഏറ്റവും ഉയർന്ന പ്രീ ബിസിനസ്സ് സിനിമ എന്ന ചരിത്രവും 'ഗോൾഡ്' സ്വന്തമാക്കി.