മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്യുന്ന ‘ഗോള്‍ഡ്.’ പൃഥ്വിരാജ്, നയന്‍താര എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 8 ന് ഓണവുമായി ബന്ധപ്പെട്ടാണ് ‘ഗോള്‍ഡ്’ റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ തങ്ങളുടെ ഭാഗത്ത് നിന്നുള്ള ജോലികള്‍ പൂര്‍ത്തീകരിക്കാനാവാത്തതിനാല്‍ റിലീസ് ഒരല്പം കൂടി വൈകും എന്ന് അല്‍ഫോന്‍സ് പുത്രന് ഇന്നലെ അറിയിച്ചിരുന്നു. ചിത്രത്തിനായി ഏറെ നാളായി കാത്തിരിക്കുന്ന ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ടാണ് ഈ വാര്‍ത്ത വരുന്നത്.
‘ഈ ഓണവും അപ്പോ കൈരളിയിൽ വല്യേട്ടൻ കണ്ടു തന്നെ, വരുന്ന നേരത്തിൽ അല്ലല്ലോ കിട്ടുന്ന ഗോൾഡിൽ ആണല്ലോ കാര്യം… കാത്തിരിക്കാം, സോങ് എങ്കിലും ഒന്ന് ഇറക്കി വിടാമോ..? പിള്ളേര് ആ പാട്ടും വെച്ച് ഓണം കളർ ആക്കട്ടെ, ഇത്രയും പ്രതീക്ഷയോടെ ഈ ഓണത്തിന് മറ്റൊരു പാടത്തേയും കാത്തിരുന്നിട്ടില്ലാർന്നു… വൈകിയാണെങ്കിലും പ്രേമം പോലെ പൊളിക്കണം, തിരുവോണത്തിന് രാവിലെ വൈക്കത്ത് അമ്പലത്തിൽ പോയിട്ടു ഉച്ചയ്ക്ക് ഉണ്ണുന്ന സമയത്തു എത്തിക്കോളാമെന്നു പറഞ്ഞു വീട്ടിൽ സെറ്റ് ചെയ്തു വെച്ചിരുന്നതാ. ഇനി ഞാൻ വീട്ടിൽ എന്നാ പറയും?’ തുടങ്ങിയ പ്രതികരണങ്ങളാണ് അല്‍ഫോന്‍സിന്റെ പോസ്റ്റിന്റെ താഴെ.
Read Here: Onam Release: ഉത്സവദിനങ്ങൾ കളറാക്കാൻ തിയേറ്ററുകളിലേക്ക് എത്തുന്ന ഓണചിത്രങ്ങൾ
ബാബുരാജ്, ചെമ്പന്‍ വിനോദ് ജോസ്, റോഷന് മാത്യൂ, ശാന്തി കൃഷ്ണ, ദീപ്തി സതി, ലാല്‍ അലക്സ്, കൃഷ്ണ ശങ്കര്‍, മല്ലിക സുകുമാരന്‍ എന്നിവരും ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തുന്നു.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ‘ഗോള്‍ഡ്’ നിര്‍മ്മിക്കുന്നത്. ഓണത്തിന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ എഴുത്ത്, എഡിറ്റിംഗ്, സംഘട്ടനം, അനിമേഷന്‍ എന്നിവയും നിര്‍വ്വഹിച്ചിരിക്കുന്നത് അല്‍ഫോന്‍സ് പുത്രന് തന്നെയാണ്. ക്യാമറ ആനന്ദ് സി ചന്ദ്രന്, വിശ്വജിത്ത് ഒടുക്കത്തില്‍, സംഗീതം രാജേഷ് മുരുഗേശന്‍.
‘ഗോള്‍ഡ്’ ഓ ടി ടി റിലീസിനെ സംബന്ധിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. റെക്കോര്‍ഡ് വിലയ്ക്ക് ആമസോണ്‍ പ്രൈം ചിത്രത്തിന്റെ ഓ ടി ടി അവകാശം വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇതിനെ സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. സാറ്റലൈറ്റ് അവകാശം സൂര്യ-സണ്‍ ടി വിയ്കാണ് എന്നും വിവരമുണ്ട്.