കുട്ടികൾ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് ഗോൾഡ് കോയിൻസ്. പ്രമോദ് ഗോപാൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വർഷങ്ങളായി സിനിമാ രംഗത്ത് സജീവമായിരുന്ന പ്രമോദ് ഗോപാലിന്റെ ആദ്യ സംവിധാന സംരംഭമാണിത്.
”കുട്ടികളാണ് ഗോൾഡ് കോയിൻസിലെ പ്രധാന കഥാപാത്രങ്ങൾ. രണ്ടു കുട്ടികൾ അവർക്ക് കളഞ്ഞു കിട്ടിയ സമ്മാനം അതിന്റെ യഥാർത്ഥ അവകാശിക്ക് തിരിച്ചേൽപ്പിക്കാനായി കുമരകത്ത് നിന്ന് എറണാകുളത്ത് എത്തുന്നു. ഇതിനെ പശ്ചാത്തലത്തിലാണ് ഗോൾഡ് കോയിൻസിന്റെ കഥ മുന്നോട്ടു പോകുന്നതെന്ന്” സംവിധായകൻ പ്രമോദ് ഗോപാൽ ഐഇ മലയാളത്തോട് പറഞ്ഞു.
”ചിത്രത്തിൽ ഒരു മാന്ത്രികനായാണ് സണ്ണി വെയ്ൻ എത്തുന്നത്. ‘കഥ’ എന്നാണ് സണ്ണിയുടെ കഥാപാത്രത്തിന്റെ പേര്. ജീവിതം വളരെ ചെറുതല്ലേ കഥയായി ജീവിക്കാനാണ് എനിക്കിഷ്ടം എന്ന് പറയുന്ന കഥാപാത്രമാണ് സണ്ണിയുടേതെന്ന്” സംവിധായകൻ പറഞ്ഞു. ഇതൊരു മോശം സിനിമയാകില്ലെന്നും പ്രേക്ഷകർക്ക് സംവിധായകൻ പ്രമോദിന്റെ ഉറപ്പ്.
മാസ്റ്റർ വാസുദേവ്, മാസ്റ്റർ ഗോപാൽ, ദേശീയ അവാർഡ് നേടിയ മാസ്റ്റർ ആദിഷ് പ്രവീൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്ണി വെയ്ൻ, മീര നന്ദൻ, ടെസ,ഡോ.അമർ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.
ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേര് എടുത്ത് പറയേണ്ടതാണ്. കിച്ചുവായി മാസ്റ്റർ വാസുദേവും അച്ചുവായി മാസ്റ്റർ ഗോപാലും എത്തുന്നു. റോക്കറ്റ് എന്ന കഥാപാത്രമായാണ് ആദിഷ് പ്രവീൺ എത്തുന്നത്.
നെനി എന്റർടെയ്മെന്റിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. കുമരകം, എറണാകുളം, കോട്ടയം, ചേർത്തല, ബെംഗളൂരു എന്നിവിടങ്ങളിലായിരുന്നു ഗോൾഡ് കോയിൻസിന്റെ പ്രധാന ലൊക്കേഷനുകൾ. ജൂൺ ഒൻപതിനാണ് ചിത്രം തിയേറ്ററിലെത്തുക.