/indian-express-malayalam/media/media_files/uploads/2019/03/suresh-gopi-1.jpg)
'തമിഴരശൻ' എന്ന ചിത്രത്തിന്റെ ചെന്നൈയിലെ ലൊക്കേഷനിൽ ഇന്നലെ സുരേഷ് ഗോപിയെ കാണാൻ ഏറെ പ്രിയപ്പെട്ട രണ്ടു അതിഥികളെത്തിയിരുന്നു, മകൻ ഗോകുൽ സുരേഷും ഇളയമകൾ ഭവാനിയും. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം രാഷ്ട്രീയ ജീവിതത്തിന് ഒരു ഇടവേള നൽകി അഭിനയത്തിലേക്ക് തിരിച്ചുവന്ന സുരേഷ് ഗോപിയുടെ​ അഭിനയം കാണാനെത്തിയതായിരുന്നു ഇരുവരും.
മകന്റെയും മകളുടെയും ലൊക്കേഷൻ സന്ദർശനത്തിന്റെ ചിത്രങ്ങളും ഹൃദയസ്പർശിയായൊരു കുറിപ്പും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയാണ് സുരേഷ് ഗോപി. "ഗോകുലും ഇളയ മകൾ ഭവാനിയും തമിഴരശന്റെ ലൊക്കേഷനിൽ വന്നു. എന്റെ അടുത്തുനിന്നും അൽപ്പം അകലെ കൈകെട്ടി നിന്നു കൊണ്ട് ഗോകുൽ എന്നോട് മന്ത്രിച്ചു, ഈ ലൈറ്റുകൾക്കും ആർട്ടിസ്റ്റുകൾക്കും ടെക്നീഷ്യന്മാർക്കും ഇടയിൽ അച്ഛനെ കാണുമ്പോൾ എനിക്കേറെ സന്തോഷമുണ്ട്. എപ്പോഴും അച്ഛനെ ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം. ആ വാക്കുകൾ എന്നെ ഏറെ സന്തോഷിപ്പിച്ചു. പക്ഷേ​ ഒരു സാമൂഹ്യപ്രവർത്തകൻ എന്ന നിലയിൽ ഞാനെന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ച് ബോധവാനാണ്. എന്തുവില കൊടുത്തും എന്റെ മാതൃരാജ്യത്തോടുള്ള എന്റെ ഉത്തരവാദിത്വങ്ങൾ ഞാൻ നിറവേറ്റും." സുരേഷ് ഗോപി കുറിക്കുന്നു.
ബാബു യോഗ്വേശരൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ ‘തമിഴരശനി’ൽ ഒരു ഡോക്ടർ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. വിജയ് ആന്റണിയാണ് ചിത്രത്തിലെ നായകൻ. ‘ദാസ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബാബു യോഗ്വേശരൻ ഒരുക്കുന്ന ‘തമിഴരശൻ’ ഒരു ആക്ഷൻ എന്റർടെയിനർ ആണ്. ആർ ഡി രാജശേഖർ ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഭുവൻ ശ്രീനിവാസൻ എഡിറ്റിംഗ് നിർവ്വഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം എസ് എൻ എസ് മൂവീസ് ആണ്. രമ്യാ നമ്പീശനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
രാഷ്ട്രീയത്തിൽ സജീവമായതോടെ സിനിമയിൽ നിന്നൊരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു സുരേഷ് ഗോപി. ‘മൈ ഗോഡ്’ (2015) എന്ന ചിത്രത്തിലാണ് താരം ഒടുവിൽ അഭിനയിച്ചത്. സൂപ്പർ ഹിറ്റ് ചിത്രമായ ‘ലേല’ത്തിന്റെ രണ്ടാം ഭാഗത്തിലും അഭിനയിക്കാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ സിനിമാ കരിയറിലെ ഏറ്റവും വലിയ ജനപ്രിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു 'ലേലം'. വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് നിതിന്‍ രഞ്ജി പണിക്കറാണ്. രഞ്ജി പണിക്കര്‍ തിരക്കഥ എഴുതിയ ചിത്രത്തിന്റെ ആദ്യ ഭാഗം സംവിധാനം ചെയ്തത് ജോഷിയായിരുന്നു.
Read more: ലേലം 2വില്‍ 'കൊച്ചു ചാക്കോച്ചി' ആയി ഗോകുല്‍; ചാക്കോച്ചിയായി സുരേഷ് ഗോപിയും
മകൻ ഗോകുൽ സുരേഷും ചിത്രത്തിൽ തനിക്കൊപ്പം അഭിനയിക്കുന്ന കാര്യം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സുരേഷ്ഗോപി സ്ഥിതീകരിച്ചിരുന്നു. ആനക്കാട്ടില്‍ ചാക്കോച്ചി ആയി സുരേഷ് ഗോപി എത്തുമ്പോൾ ചാക്കോച്ചിയുടെ മകൻ ‘കൊച്ചു ചാക്കോച്ചി’ ആയിട്ടാണ് ഗോകുല്‍ സുരേഷ് എത്തുക. ‘ഗോകുലിന്റെ ചെറുപ്പം തൊട്ടേയുളള ആഗ്രഹമായിരുന്നു അത്. കുട്ടി ആയിരുന്നപ്പോള്‍ അവന്‍ സ്വയം കൊച്ചു ചാക്കോച്ചി എന്ന് വിളിക്കുമായിരുന്നു. ഇപ്പോള്‍ സിനിമയില്‍ അത് യാഥാര്‍ത്ഥ്യമായിരിക്കുന്നു,’ എന്നാണ് സുരേഷ് ഗോപി ഇതിനെ കുറിച്ച് പ്രതികരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us