മലയാളസിനിമയിലെ ശ്രദ്ധേയരായ മൂന്നു അഭിനേതാക്കളുടെ മക്കളുടെ ചിത്രങ്ങളാണ് നാളെ റിലീസിനെത്തുന്നത്. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്, മണിയൻപ്പിള്ള രാജുവിന്റെ മകൻ നിരഞ്ജ്, രാമുവിന്റെ മകൻ ദേവദാസ് എന്നിവർ നായകരായെത്തുന്ന ചിത്രങ്ങളാണ് ഈ വെള്ളിയാഴ്ച റിലീസിനെത്തുന്ന ചിത്രങ്ങളുടെ ആകർഷണം. സൂത്രക്കാരൻ, കളിക്കൂട്ടുകാർ, പെങ്ങളില, ഓട്ടം, ഗാംബിനോസ് എന്നിങ്ങനെ അഞ്ചു ചിത്രങ്ങളാണ് നാളെ റിലീസിനെത്തുന്നത്.

ഗോകുൽ സുരേഷും നിരഞ്ജ് മണിയൻപിള്ളയുമാണ് ‘സൂത്രക്കാരനി’ലെ നായകന്മാർ. വർഷ ബൊല്ലാമ്മ നായികയാവുന്ന ചിത്രത്തിൽ ലാലു അലക്സ്, ധർമജൻ ബോൾഗാട്ടി, സ്വാസിക, കൈലാഷ്, സരയൂ, വിജയരാഘവൻ എന്നിവരാണ് മറ്റു താരങ്ങൾ. സ്മൃതി സിനിമാസിന്റെ ബാനറിൽ വിച്ചു ബാലമുരളി, ടോമി കെ വർഗ്ഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അനില്‍രാജ്‌ ആണ് തിരക്കഥ രചിച്ച്‌ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

‘അതിശയന്‍’, ‘ആനന്ദഭൈരവി’ എന്നീ ചിത്രങ്ങളിലൂടെ ബാലതാരമായെത്തിയ ദേവദാസ് നായകനാകുന്ന ചിത്രമാണ് ‘കളിക്കൂട്ടുകാർ’. ഭാസി പടിക്കല്‍ (രാമു) കഥയും തിരക്കഥയും സംഭാഷണവും പി.കെ ബാബുരാജ് സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ദേവാമൃതം സിനിമ ഹൗസാണ് നിര്‍മാണം. നിധി, ആല്‍വിന്‍, ജെന്‍സണ്‍ ജോസ്, സ്നേഹ സുനോജ്, ഭാമ എന്നീ പുതുമുഖങ്ങൾക്കൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളായ സലിംകുമാര്‍, ജനാര്‍ദ്ദനന്‍, കുഞ്ചന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ബൈജു, ഷമ്മി തിലകന്‍, രാമു, ശിവജി ഗുരുവായൂര്‍, , വിവേക് ഗോപന്‍, സുനില്‍ സുഖദ, സുന്ദര പാണ്ഡ്യന്‍, ബിന്ദു അനീഷ്, രജനി മുരളി , ഐറിന്‍, ലക്ഷ്മി പ്രമോദ് എന്നിവരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം പ്രദീപ് നായറും എഡിറ്റിംഗ് അയൂബ് ഖാനും പശ്ചാത്തല സംഗീതം ബിജിബാലും നിർവ്വഹിച്ചിരിക്കുന്നു. റഫീക്ക് അഹമ്മദ്, ഹരിനാരായണന്‍ എന്നിവരുടെ വരികൾക്ക് വിഷ്ണു മോഹൻ സിത്താരയും വിനു തോമസും ചേർന്നാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

‘കളിമണ്ണില്‍ ബ്ലെസിയുടെ അസോസ്സിയേറ്റായിരുന്ന സാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓട്ടം’. ‘കളിമണ്ണി’ന്റെ നിർമ്മാതാവായ തോമസ് തിരുവല്ല തന്നെയാണ് ‘ഓട്ട’വും നിർമ്മിക്കുന്നത്. സ്ക്രീനിലും അണിയറയിലും ഏറെ പുതുമുഖങ്ങൾ​ അണിനിരക്കുന്ന ചിത്രമെന്ന സവിശേഷതയും ‘ഒാട്ട’ത്തിന് ഉണ്ട്. നായകന്മാരും നായികമാരും സംവിധായകനും തിരക്കഥാകൃത്തും എഡിറ്ററുമെല്ലാം പുതുമുഖങ്ങൾ തന്നെ. രാജേഷ് കെ നാരായണനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. വി എസ്സ് വിശാൽ ആണ് എഡിറ്റർ. മഴവില്‍ മനോരമയിലെ നായിക-നായകന്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ് കണ്ടെത്തിയ നന്ദു ആനന്ദും റോഷന്‍ ഉല്ലാസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രേണു, മാധുരി, സാന്ദ്ര എന്നീ പുതുമുഖങ്ങളാണ് നായികമാർ.

ജാതി രാഷ്ട്രീയം പ്രമേയമാക്കുന്ന ചിത്രമാണ് ‘പെങ്ങളില’. നടൻ ലാലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എട്ട് വയസ്സുള്ള പെണ്‍കുട്ടിയും അവളുടെ വീട്ടിൽ ജോലിക്കെത്തുന്ന അറുപത്തഞ്ചുകാരനായ അഴകന്‍ എന്ന കൂലിപ്പണിക്കാരനും തമ്മിലുണ്ടാവുന്ന സ്‌നേഹബന്ധമാണ് ചിത്രം പറയുന്നത്. അക്ഷര കിഷോറാണ് എട്ടുവയസ്സുകാരിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൽ നരേന്‍, രണ്‍ജി പണിക്കര്‍, ഇന്ദ്രന്‍സ്, ഇനിയ, ബേസില്‍ പൗലോസ്, തിരു, നൗഷാദ്, അക്ഷര കിഷോര്‍, പ്രിയങ്ക നായര്‍, നീതു ചന്ദ്രന്‍, അമ്പിളി സുനില്‍, ഷീല ശശി, മറീന മൈക്കിള്‍ എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സന്തോഷ് തുണ്ടിയിലും സംഗീതം വിഷ്ണു മോഹന്‍സിത്താരയും പശ്ചാത്തല സംഗീതം ബിജിപാലും നിർവ്വഹിച്ചിരിക്കുന്നു. കവി കെ സച്ചിദാനന്ദനും അൻവർ അലിയുമാണ് ഗാനങ്ങളെഴുതിയിരിക്കുന്നത്.

മലബാറിലെ ക്രൈം ഫാമിലിയുടെ പശ്ചാത്തലത്തില്‍ ഒരു അധോലോക കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘ഗാംബിനോസ്’. നവാഗതനായ ഗിരീഷ് പണിക്കര്‍ മട്ടാടയാണ് ചിത്രത്തിന്റെ സംവിധായകൻ. രാധിക ശരത്കുമാര്‍, വിഷ്ണു വിനയ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സമ്പത്ത് രാജ്, ശ്രീജിത് രവി, സാലു കെ. ജോര്‍ജ്ജ്, സിജോയ് വര്‍ഗ്ഗീസ്, മുസ്തഫ,നീരജ , ജാസ്മിന്‍ ഹണി ,ബിന്ദു വടകര, ഷെറിന്‍, വിജയന്‍ കാരന്തൂര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. കങ്കാരു ബ്രോഡ്‌കാസ്റ്റിംഗിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സക്കീർ മഠത്തിലിന്റേതാണ്. എല്‍ബന്‍ കൃഷ്ണയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ