സ്നേഹവും വാത്സല്യവും പകർന്നു നൽകി കുട്ടികളുടെ കൂട്ടുകാരായി മാറുന്നവരാണ് മുത്തശ്ശിമുത്തശ്ശൻമാർ. കുട്ടികളോട് പലപ്പോഴും ഏറ്റവും സൗഹാർദ്ദത്തോടെ പെരുമാറുന്നതും രണ്ടാം ബാല്യമായ വാർധക്യത്തിലൂടെ കടന്നു പോവുന്ന ഇവർ തന്നെയാവും. കുട്ടിക്കാലത്തെ പ്രിയപ്പെട്ട കൂട്ടായിരുന്ന അപ്പൂപ്പനെയും അമ്മൂമ്മയേയും മിസ് ചെയ്യുന്നുവെന്ന് പറയുകയാണ് നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുൽ സുരേഷ്. അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പമുള്ള ഒരു കുട്ടിക്കാല ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിൽ ഗോകുലിനും സഹോദരങ്ങൾക്കുമൊപ്പമുള്ളത് സുരേഷ് ഗോപിയുടെ മാതാപിതാക്കളായ ഗോപിനാഥൻ പിള്ളയും ജ്ഞാനലക്ഷ്മി അമ്മയുമാണ്.

ഫിലിം ഡിസ്ട്രിബ്യൂട്ടറായിരുന്നു സുരേഷ് ഗോപിയുടെ അച്ഛൻ കെ.ഗോപിനാഥൻ പിള്ള. രാധികയെ തനിക്ക് വേണ്ടി കണ്ടെത്തിയത് അച്ഛനും അമ്മയും ചേർന്നാണെന്ന് മഴവിൽ മനോരമയിലെ ‘കോടീശ്വരൻ’ പരിപാടിക്ക് ഇടയിൽ സുരേഷ് ഗോപി പറഞ്ഞിരുന്നു.

“1989 നവംബർ 18-ാം തീയതി ഞാൻ കൊടൈക്കനാലിൽ ഒരുക്കമെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരിക്കുമ്പോഴാണ് അച്ഛൻ വിളിക്കുന്നത്. ഞങ്ങൾ കണ്ടു, ഞങ്ങൾക്ക് ഞങ്ങളുടെ മകളായി മരു‌മകളാ‌യി ഈ പെൺകുട്ടി മതി. നിനക്ക് നിന്റെ ഭാര്യയായി ഈ പെൺകുട്ടി മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണം.” എന്നായിരുന്നു അച്ഛൻ പറഞ്ഞത്.” നാലു സഹോദരന്മാർ മാത്രമുള്ള വീട്ടിലേക്ക് ആദ്യത്തെ മരുമകളായി രാധികയെത്തിയതിനെ കുറിച്ച് പരിപാടിക്കിടെ സുരേഷ്ഗോപി പറഞ്ഞത് ഇങ്ങനെ. “എനിക്ക് പെണ്ണ് കാണണ്ട, ഞാൻ കെട്ടിക്കോളാം എന്നാണ് ഞാൻ പറഞ്ഞത്. വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷമാണ് ഞാൻ രാധികയെ കാണുന്നത്,” സുരേഷ് ഗോപി പറഞ്ഞു.

1990 ഫെബ്രുവരി എട്ടിനായിരുന്നു സുരേഷ് ഗോപിയും രാധികയും തമ്മിലുള്ള വിവാഹം. ഗോകുലിനെ കൂടാതെ ഭാഗ്യ, ഭാവ്‍നി, മാധവ് എന്നിങ്ങനെ മൂന്നു മക്കൾ കൂടിയുണ്ട് ഈ ദമ്പതികൾക്ക്.

Read more: അച്ഛനെ ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം; സുരേഷ് ഗോപിയോട് മകൻ ഗോകുൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook