സമൂഹമാധ്യമങ്ങളിലും മറ്റും പലപ്പോഴും ഏറെ ട്രോൾ ചെയ്യപ്പെടുന്ന രാഷ്ട്രീയക്കാരിൽ ഒരാളാണ് നടനും രാഷ്ട്രീയക്കാരനും എംപിയുമായ സുരേഷ് ഗോപി. ഇകഴ്ത്തലുകളിൽ തളരാതെ ജനസേവനം തുടരുന്ന അച്ഛനെ കുറിച്ചോർത്ത് അഭിമാനിക്കുന്നു എന്ന് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ്.

“മാധ്യമങ്ങളും നിയമനിർമാതാക്കളും സർക്കാരുമെല്ലാം അച്ഛന്റെ യോഗ്യതകളെ എത്രത്തോളം തടഞ്ഞുവച്ചാലും, പൊതുജനങ്ങളുടെ ക്ഷേമത്തിനും മികവിനും വേണ്ടിയുള്ള നടപടികളുമായി എപ്പോഴും മുന്നോട്ട് പോവുന്ന നിങ്ങൾ അഭിമാനമാണ് അച്ഛാ,” ഗോകുൽ സുരേഷ് ട്വിറ്ററിൽ കുറിക്കുന്നു. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ സുരേഷ് ഗോപിയുടെ എംപി വികസനഫണ്ടിൽ നിന്നുമുള്ള പണം കൊണ്ട് പ്ലാസ്റ്റിക് റീസൈക്കിൾ മെഷീൻ സ്ഥാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഗോകുലിന്റെ ട്വീറ്റ്.

ഒ രാജ ഗോപാൽ എം​എൽ എയാണ് കഴിഞ്ഞ ദിവസം ഈ പ്ലാസ്റ്റിക് റീസൈക്കിൾ മെഷീന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. സുരേഷ് ഗോപിയുടെ എംപി വികസന ഫണ്ടിൽ നിന്നും അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്.

പ്ലാസ്റ്റിക് പൊടികൾ ഈ മെഷീനിൽ നിക്ഷേപിച്ചാൽ അവ ചെറിയ തരികളായി പൊടിക്കും. ഒരു മണിക്കൂറിൽ 400 മുതൽ 500 വരെ കുപ്പികൾ നിക്ഷേിച്ച്പൊടിക്കാൻ ഈ മെഷീനു സാധിക്കും. ഇങ്ങനെ പൊടിച്ചു കിട്ടുന്ന തരികൾ പൂനൈയിലെ സംസ്കാരണപ്ലാന്റുകൾക്ക് കൈമാറുകയും അവ സംസ്കരിച്ച് പ്ലാസ്റ്റിക് ടോയ്‌ലറ്റ്, ബിന്നുകൾ എന്നിവയുടെ നിർമാണത്തിന് പുനരുപയോഗിക്കുകയും ചെയ്യും. റോഡ് ടാറിംഗിനും ഈ അസംസ്കൃത വസ്തു ഉപയോഗിക്കാനാവും. പ്ലാസ്റ്റിക് ഉപയോഗം കുറക്കുക, പരിസ്ഥിതി സംരക്ഷിക്കുക എന്നീ നയങ്ങളുടെ ഭാഗമായാണ് ഈ മെഷീൻ റെയിൽവെ സ്ഥാപിച്ചിരിക്കുന്നത്.

Read more: അച്ഛനെ ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം; സുരേഷ് ഗോപിയോട് മകൻ ഗോകുൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook