“ഞാനൊരു പൃഥ്വിരാജ് ഫാൻ, ഞാനൊരു സിനിമ സംവിധാനം ചെയ്താൽ നായകനായി പൃഥ്വിരാജ് വരണം എന്നാണ് ആഗ്രഹം,” പറയുന്നത് മറ്റാരുമല്ല, നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുൽ സുരേഷ്. സ്കൂൾകാലം മുതൽ താൻ പൃഥ്വിരാജ് സുകുമാരന്റെ ആരാധകനാണെന്നും റിലീസിന്റെ അന്നു തന്നെ ചിത്രങ്ങൾ തിയേറ്ററിൽ പോയി കാണാൻ ശ്രമിക്കാറുണ്ടെന്നും ഗോകുൽ പറയുന്നു. “അച്ഛന്റെ മേൽവിലാസം എന്ന സിനിമയും പൃഥ്വിരാജ് സിനിമയും റിലീസ് ചെയ്ത ദിവസം ഞാൻ തിയേറ്ററിൽ പോയി കണ്ടത്, പൃഥ്വിരാജിന്റെ ചിത്രമാണ്,” ഗോകുൽ സുരേഷ് പറഞ്ഞു. ആനീസ് കിച്ചണിൽ അതിഥിയായെത്തിയപ്പോഴായിരുന്നു ഗോകുൽ തന്റെ ആരാധന തുറന്നു പറഞ്ഞത്.
അഭിനയത്തിനൊപ്പം സംവിധാനത്തോടും തനിക്ക് താൽപ്പര്യമുണ്ടെന്നും സിനിമയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുകയാണെന്നും ഗോകുൽ പറഞ്ഞു. പത്തു പതിനഞ്ചു വർഷം കഴിഞ്ഞാൽ ചിലപ്പോൾ സംവിധാനത്തിലേക്ക് കടക്കുമെന്നും ഗോകുൽ പറയുന്നു. ആരായിരിക്കും ഗോകുലിന്റെ സിനിമയിലെ നായകൻ എന്ന ആനിയുടെ ചോദ്യത്തിന് സംശയമേതുമില്ലാതെ പൃഥ്വിരാജിന്റെ പേരാണ് ഗോകുൽ പറയുന്നത്. അച്ഛൻ മുൻപ് ചെയ്ത ടൈപ്പിലുള്ള ആക്ഷൻ സെന്റർ ആയ സിനിമകളോടാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും ഗോകുൽ വ്യക്തമാക്കി.
ഗോകുൽ നായകനാവുന്ന ‘ഉൾട്ട’ എന്ന ചിത്രത്തിന്റെ പ്രമോഷന് എത്തിയതായിരുന്നു ഗോകുലും പ്രയാഗ മാർട്ടിനും. ‘ദീപസ്തംഭം മഹാശ്ചര്യം’, ‘നാടൻ പെണ്ണും നാട്ടുപ്രമാണിയും’, ‘അച്ഛനെയാണെനിക്കിഷ്ടം’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സുരേഷ് പൊതുവാൾ സംവിധായകനാവുന്ന ചിത്രമാണ് ‘ഉൾട്ട’. സിപ്പി ക്രീയേറ്റീവ് വർക്‌സിന്റെ ബാനറിൽ ഡോ.സുഭാഷ് സിപ്പിയാണ് ചിത്രം നിർമിക്കുന്നത്. ഗോകുലിനെയും പ്രയാഗയേയും കൂടാതെ അനുശ്രീയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
രമേഷ് പിഷാരടി, രഞ്ജി പണിക്കർ,ശാന്തി കൃഷ്ണ, കെ.പി.എ.സി ലളിത, സേതുലക്ഷ്മി, രചന നാരായണൻകുട്ടി, തെസ്നിഖാൻ, ആര്യ, മഞ്ജു സുനിച്ചൻ, കോട്ടയം പ്രദീപ്,ജാഫർ ഇടുക്കി, സിനോജ് വർഗ്ഗീസ്, സുബീഷ് സുധി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.
Read more: ഈ നാട്ടിലെ പൊളിറ്റിക്‌സ് എനിക്കിഷ്ടമല്ല: ഗോകുൽ സുരേഷ്