കേരളത്തിൽ ഏറ്റവുമധികം കോവിഡ് ബാധിതരുള്ള കാസർഗോഡ് ജില്ലയ്ക്ക് വെന്റിലേറ്റർ നൽകി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. എന്നാൽ തന്റെ അച്ഛൻ ചെയ്യുന്ന പല നല്ല കാര്യങ്ങളും സംസാരിക്കപ്പെടാതെ പോകുന്നുവെന്നാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ് പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ ഗോകുൽ പങ്കുവച്ച കുറിപ്പിന് പിന്തുണയുമായി ഏറെ പേർ രംഗത്തെത്തി.
“ഈ വസ്തുതകൾ അറിയപ്പെടേണ്ടതാണെന്ന് തോന്നി. പലപ്പോഴും ഇവ ശ്രദ്ധിക്കപ്പെടാതെയും മനഃപൂർവ്വം സംസാരിക്കപ്പെടാതെയും പോകുന്നു. ഇതുപോലത്തെ മെസ്സേജുകൾ കണ്ടാണ് ഇപ്പോൾ എന്റെ ദിനം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ മകനായി ജനിച്ചതിൽ അങ്ങേയറ്റം അഭിമാനിക്കുന്നു!” എന്നാണ് ഗോകുൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
കാസര്‍ഗോഡ് ജില്ലയ്ക്കായി ഒരു ആശുപത്രി നിര്‍മ്മിക്കുമെന്ന് അറിയിച്ച് ടാറ്റ ഗ്രൂപ്പും രംഗത്തെത്തി. ആശുപത്രി വാഗ്‌ദാനം ചെയ്ത ടാറ്റ ഗ്രൂപ്പിന്റെ പ്രതിനിധികള്‍ കാസര്‍ഗോഡ് എത്തുകയും ചെയ്തു. കോവിഡ്-19 രോഗ വ്യാപനം തടയാന്‍ 450 പേര്‍ക്ക് ക്വാറന്റൈന്‍ സൗകര്യവും 540 ഐസൊലേഷന്‍ കിടക്കകളും അടങ്ങുന്നതാണ് ടാറ്റ ഗ്രൂപ്പിന്റെ ആശുപത്രി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് ആശുപത്രി നിര്‍മ്മാണത്തിന് സംഘം ജില്ലയിലെത്തിയത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തെക്കില്‍ വില്ലേജിലെ ചട്ടഞ്ചാലില്‍ റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള 15 ഏക്കര്‍ സ്ഥലം ആശുപത്രി നിർമ്മാണത്തിന് വിട്ടുനല്‍കും. തെക്കില്‍ വില്ലേജില്‍ ഇതിന് അനുയോജ്യമായ സ്ഥലം പരിശോധിക്കുന്നതിന് ജില്ലാ കലക്ടര്‍ ഡോ.സി.സജിത് ബാബുവിനോടൊപ്പം സംഘം സ്ഥലം സന്ദര്‍ശിച്ചു. എൻജിനീയര്‍മാരുള്‍പ്പടെയുള്ള സംഘമാണ് ഇതിനായി എത്തിയത്. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ചേര്‍ന്ന് നടത്തുന്ന പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മാണം തുടങ്ങും. വലിയൊരു ടീം ഇവിടെ നിന്നുകൊണ്ടു തന്നെ ഈ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
മൂന്നുമാസത്തിനകം ആശുപത്രി പ്രവര്‍ത്തനമാരംഭിക്കും. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ആശുപത്രി കെട്ടിടം നിര്‍മ്മിക്കുക. നിര്‍മ്മാണത്തിന് കാസർഗോഡുള്ള കോണ്‍ട്രാക്ടര്‍മാരുടെ സേവനവും ഇതിനായി തേടിയിട്ടുണ്ട്.
ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ടാറ്റ മോട്ടോഴ്സും വിവിധ സഹായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഫ്രീ സര്‍വ്വീസും വാറണ്ടിയും നീട്ടി നല്‍കുമെന്ന് കമ്പനി അറിയിച്ചിരുന്നു. ജൂലൈ 31 വരെയാണ് നീട്ടി നല്‍കിയിരിക്കുന്നത്.