ഗോകുൽ രാജ് എന്ന കൊച്ചു കലാകാരനോട് ജയസൂര്യ പറഞ്ഞത് വെറും വാക്കായിരുന്നില്ല. ഫ്ലവേഴ്സ് ടിവിയിലെ കോമഡി ഉത്സവം പരിപാടിയിൽ വച്ചാണ് അന്ധഗായകൻ ഗോകുലിനോട് തന്റെ സിനിമയിൽ പാടാനുളള അവസരം എന്നെങ്കിലും ഉണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞത്. അതിപ്പോൾ യാഥാർഥ്യമായിരിക്കുന്നു. തന്റെ പുതിയ ചിത്രമായ ഗബ്രിയിലെ ഒരു ഗാനം ആലപിക്കുന്നത് ഗോകുൽ ആണെന്ന് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ജയസൂര്യ അറിയിച്ചത്.

Read More: ജയസൂര്യ ഒടുവിൽ കണ്ടെത്തി ആ വാനമ്പാടിയെ, ഇനി ‘ഗബ്രി’യിലെ ഗായിക

“രാജേഷ് ജോർജ്ജ് കുളങ്ങര” നിർമ്മിച്ച് നവാഗതനായ “സാംജി ആന്റണി ” സംവിധാനം ചെയ്യുന്ന, ഞാൻ നായകനായി എത്തുന്ന ” ഗബ്രി” എന്ന ചിത്രത്തിലേയ്ക്ക്, കോമഡി ഉത്സവത്തിൽ വെച്ച് ഞാൻ പരിചയപ്പെട്ട “ഗോകുൽ രാജ്” എന്ന കൊച്ചു മിടുക്കനേയും സിനിമ ലോകത്തേയ്ക്ക് എത്തിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ… ഗോകുലാണ് ചിത്രത്തിലെ ഒരു ഗാനം ആലപിയ്ക്കുന്നത്”. ഇതായിരുന്നു ജയസൂര്യയുടെ പോസ്റ്റ്.

കാസർഗോഡ് സ്വദേശിയായ നാലാം ക്ലാസ് വിദ്യാർഥിയാണ് ഗോകുൽ രാജ്. കോമഡി ഉത്സവം പരിപാടിയിൽ കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ പാടിയാണ് ഗോകുൽ ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയത്. ഗോകുലിന്റെ പാട്ടുകൾ ഷോയിൽ പങ്കെടുക്കുന്നതിനു മുൻപുതന്നെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ