ഗോദ സിനിമയുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ചിത്രത്തിന്റെ നിർമാതാവ് സി.വി.സാരഥി. ”ഗോദയുടെ വ്യാജ പതിപ്പുകൾ ചില സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തതായി കണ്ടു. നിരവധി പേർ ഇതു കാണുക മാത്രമല്ല ഫെയ്സ്ബുക്കിൽ ഷെയർ ചെയ്യുകയും ചെയ്തു. താരങ്ങളുടെ ആരാധകരാണെന്ന് അവകാശപ്പെടുന്നവരാണ് ഇതൊക്കെ ചെയ്യുന്നത്. സിനിമാ മേഖലയെ തകർക്കുന്ന ഇവർക്കെങ്ങനെയാണ് അഭിമാനത്തോടെ ഞാൻ ഒരു നടന്റെ ആരാധകനാണെന്ന് പറയാൻ കഴിയുക” സാരഥി ഫെയ്സ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.
”കേരളത്തിലെ 110 തിയേറ്ററുകളിൽ മാത്രമാണ് ഗോദ റിലീസ് ചെയ്തത്. ഈ തിയേറ്ററുകളിൽ നിങ്ങളുടെ അടുത്തുണ്ടായിരുന്ന ആരോ ആണ് ക്യാമറ പ്രിന്റുകൾ എടുത്തത്. ദയവ് ചെയ്ത് ഇനി സിനിമ കാണാൻ പോകുമ്പോൾ നിങ്ങളുടെ സമീപത്തിരിക്കുന്ന ആരെങ്കിലും മൊബൈലിൽ സിനിമ ഷൂട്ട് ചെയ്യുന്നുണ്ടോയെന്നു ശ്രദ്ധിക്കുക”.
”സിനിമയെ ഇഷ്ടപ്പെടുന്നവരാണെങ്കിൽ സിനിമാ പ്രവർത്തകരുടെ പ്രയത്നങ്ങളെ ബഹുമാനിക്കുന്നവരാണെങ്കിൽ ഗോദ തിയേറ്ററുകളിൽ മാത്രം പോയി കാണുക. ബഹുമാനിച്ചെങ്കിലും അപമാനിക്കരുത്. ബാഹുബലി തിയേറ്ററിൽ പോയി കാണുന്നവർ എന്തുകൊണ്ടാണ് ഗോദ, സിഐഎ, ലക്ഷ്യം പോലുളള സിനിമകളിൽ തിയേറ്ററിൽ പോയി കാണാത്തത്. എസ്ര, ഗോദ പോലുളള സിനിമകൾ തിയേറ്ററിൽ പോയി കണ്ടവർ തീർച്ചയായും അതിന്റെ ടെക്നിക്കൽ, പ്രൊഡക്ഷൻ ക്വാളിറ്റിയെ അംഗീകരിക്കും”.
”ദയവു ചെയ്ത് സിനിമയെക്കുറിച്ച് ട്രോളുകൾ ഇറക്കാതെ എല്ലാവരും തിയേറ്ററിൽ പോയി മാത്രം സിനിമ കാണുക. നമുക്കെല്ലാവർക്കും ഒരുമിച്ച് നിന്ന് സിനിമാ മേഖലയെ രക്ഷിക്കാം. അല്ലെങ്കിൽ 10 വർഷം കഴിയുമ്പോൾ പണ്ട് ഇവിടെ മലയാളം സിനിമാ മേഖല ഉണ്ടായിരുന്നുവെന്നു നമ്മുടെ കൊച്ചുമക്കൾ പറയും”- സുധീർ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.