കരിയറിലെ പ്രധാനപെട്ട ഒരു ചിത്രം നാളെ പ്രദര്‍ശനത്തിനെത്തുകയാണ്, എന്ത് തോന്നുന്നു?
പ്രതീക്ഷ. ആ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരും നന്നായി അധ്വാനിച്ച്, അതിലേക്ക് പൂര്‍ണ്ണമായി സമര്‍പ്പിച്ച് കൊണ്ട് ചെയ്തിടുള്ള ഒരു സിനിമയാണ്. അത് കൊണ്ട് തന്നെ ഗോദ ഒരു നല്ല സിനിമയായിരിക്കും എന്ന പ്രതീക്ഷയുണ്ട്.
ടൊവിനൊ തോമസ് റാപിഡ് ഫയര്‍ ചോദ്യങ്ങള്‍, വീഡിയോ കാണാം
എന്ത് തരം ഒരു സിനിമയാണ് പ്രേക്ഷകന്‍ പ്രതീക്ഷിക്കേണ്ടത്?
എന്റര്‍റ്റൈനര്‍ ആണ് ഗോദ. ഫാമിലി എന്റര്‍റ്റൈനര്‍ എന്ന് വേണമെങ്കില്‍ പറയാം. എല്ലാത്തരം ആളുകള്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ഒരു ചിത്രമായിരിക്കും.
ടൊവിനൊയുടെ കഥാപാത്രം?
ആഞ്ജനേയ ദാസ് എന്നാണ് പേര്. രണ്‍ജി പണിക്കര്‍ അവതരിപ്പിക്കുന്ന ഗുസ്തിക്കാരന്‍റെ മകനാണ്. ഒരു ഹാപ്പി ഗോ ലക്കി കഥാപാത്രം. കോമഡിക്ക് ധാരാളം സ്കോപ് ഉണ്ട് ഈ സിനിമയില്‍. ഇതിന് മുന്‍പ് ഞാന്‍ കോമഡി ചെയ്തിട്ടുള്ളത് യൂ ടൂ ബ്രൂട്ടസ് എന്ന സിനിമയാണ്. അത് പക്ഷെ അധികം ആളുകള്‍ കണ്ടിട്ടില്ല. അത് കൊണ്ട് ഞാന്‍ കോമഡി ചെയ്യുന്നത് എങ്ങനെ സ്വീകരിക്കപ്പെടും എന്ന ആകാംഷയുമുണ്ട്.
Read More: പെണ്ണ് ഭയങ്കരിയാ… വാമികാ ഗബ്ബി പറയുന്നു
എന്നാല്‍ കോമഡിയില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ കഥാപാത്രം. ഹീറോയിക്ക് ആറ്റിട്ട്യൂടുള്ള ഒരാള്‍ തന്നെയാണ് ആഞ്ജനേയ ദാസ്. എന്ന് വച്ച് ഞാന്‍ സ്ക്രീനില്‍ വരുമ്പോള്‍ പൊടി പറക്കുന്ന തരം സീനൊന്നും ഇല്ല. ഇഷ്ടമുള്ളവര്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരാള്‍. ഞങ്ങള്‍ മൂന്ന് പേരുടെയും കഥാപാത്രങ്ങളില്‍ – എന്റേത്, വാമിക അവതരിപ്പിക്കുന്ന പഞ്ചാബിയായ ഒരു ഗുസ്തിക്കാരി, പിന്നെ രണ്‍ജി പണിക്കരുടെ കഥാപാത്രം – ഇതില്‍ മൂന്നിലും ഹീറോയിസം ഒരു പോലെ ഉണ്ടെന്ന് പറയേണ്ടി വരും.
അതെങ്ങനെയാണ് കഥയില്‍ ചേര്‍ത്തിരിക്കുന്നത്?
രണ്‍ജി പണിക്കരുടെ കഥാപാത്രത്തിന്‍റെ ജീവിതമാണ് പ്രധാനമായും ഈ സിനിമ പറയുന്നത്. അദ്ദേഹത്തിന്‍റെ പൂര്‍വ്വകാലത്തിലൂടെ, അദ്ദേഹത്തിന്‍റെ സ്വപ്‌നങ്ങള്‍ എന്തായിരുന്നു, അതെങ്ങനെ സാക്ഷാത്ക്കരിക്കപ്പെടുന്നു എന്നതാണ് കഥ. ഇതില്‍ വാമിക ഒരു പ്രധാനപെട്ട റോളില്‍ വരുന്നുണ്ട്. അവര്‍ക്കാണ് ശരിക്കും ഗുസ്തി രംഗങ്ങള്‍ കൂടുതലുള്ളത്. ഇവരുടെ രണ്ടു പേരെയും കൂട്ടിയിണക്കുന്ന ഒരു കഥാപാത്രമാണ് ഞാന്‍ അവതരിപ്പിക്കുന്നത്. അങ്ങനെയാണ് ഇത് മൂന്ന് റെസ്ലേര്‍സിന്‍റെ കഥയാകുന്നത്. ഇവരുടെ മൂന്ന് പേരുടെ വിജയവും ഒരു പോയിന്റില്‍ തന്നെയാണ്.
ഗുസ്തിക്കാരന്‍റെ വേഷം ആദ്യമായിട്ടാണ്. അതിന്‍റെ വെല്ലുവിളികള്‍?
ഞാന്‍ വളരെ ഔട്ട് ഓഫ് ഷേപ്പ് ആയിരിക്കുന്ന ഒരു അവസ്ഥയിലാണ് ഗോദയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പക്ഷെ അവിടം മുതല്‍ ഞാന്‍ നന്നായി പ്രയത്നിച്ചു തുടങ്ങി. ബേസില്‍ ആഗ്രഹിക്കുന്നത് പോലെ, കഥാപാത്രവുമായി ചേര്‍ന്ന് നില്‍ക്കുന്ന ഒരു ശരീരമുണ്ടാകാന്‍. കണ്ടാല്‍ വിശ്വാസം തോന്നണം, ഇയാള്‍ ഈ കഥാപാത്രമാണെന്ന്. അതായിരുന്നു എനിക്ക് കിട്ടിയ നിര്‍ദേശം.
നാച്ചുറല്‍ ആയ, ആരോഗ്യമുള്ള ഒരു ശരീരം വേണം എന്നാണ് ബേസില്‍ ആവശ്യപ്പെട്ടത്, അത് കൊണ്ട് തന്നെ സിക്സ് പാക്ക് ലക്ഷ്യം വച്ചില്ല. ചെത്തി മിനുക്കിയ ഒരു സൂപ്പര്‍ മോഡലിന്‍റെ ശരീരത്തെക്കാള്‍ ഞാനും ആഗ്രഹിച്ചത് സ്വാഭാവികമായ ഒരു ഷേപ്പ് തന്നെയാണ്.
കഠിനമായ പരിശീലനം ഉണ്ടായിരുന്നു. പക്ഷെ എനിക്ക് ഇഷ്ടമാണ് വര്‍ക്ക് ഔട്ട് ചെയ്യാനൊക്കെ. അത് കൊണ്ട് വലിയ പ്രയാസം തോന്നിയില്ല. എനിക്ക് ബോഡി ബില്‍ഡിംഗില്‍ മുന്‍ പരിചയമുണ്ട്. അതും സഹായിച്ചിട്ടുണ്ട്.
പിന്നെ ഗുസ്തി പഠിച്ചു. അതും നന്നായി ഇഷ്ടപ്പെട്ടു തന്നെ ചെയ്തതാണ്. സിനിമയില്‍ എന്റെതായി ഒരു ഗുസ്തി സീന്‍ മാത്രമേയുള്ളൂ. എങ്കിലും അത് നന്നായി ചെയ്യാന്‍ സാധിച്ചു എന്ന് തോന്നുന്നു.
ധാരാളം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു, കഴിഞ്ഞ രണ്ടു ചിത്രങ്ങളില്‍ നായക വേഷമാണ്. സ്റ്റാറാകാനുള്ള തുടക്കമാണോ എന്ന് ചോദിച്ചാല്‍ എന്ത് പറയും?
ഞാന്‍ അതിനല്ല ശ്രമിക്കുന്നത് എന്ന് പറയും. എനിക്കൊരു നടനായി നിന്നാല്‍ മതി. നായകനാകണം എന്ന് നിര്‍ബന്ധമില്ല. സിനിമയോട് അതിയായ ഇഷ്ടമുണ്ട്. അത് കൊണ്ട് ഇവിടെ തന്നെ നില്‍ക്കണം എന്നാണ് ആഗ്രഹിക്കുന്നത്.
ഇനിയങ്ങോട്ടുള്ള ചിത്രങ്ങള്‍ എന്തൊക്കെയാണ്?
ഒരു തമിഴ് ചിത്രം പൂര്‍ത്തിയാക്കി, അതിന്‍റെ റിലീസ് ഉടന്‍ ഉണ്ടാകും. വളരെ ശക്തമായ ഒരു പ്രമേയത്തിലൂന്നിയ ഒരു ചിത്രമായിരിക്കും അത്. ഒരു ബോള്‍ഡ് ഫിലിം എന്ന് പറയാം. കൂടുതല്‍ വിവരങ്ങള്‍ അതിന്‍റെ അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചതിന് ശേഷം മാത്രമേ പറയാന്‍ സാധിക്കൂ.
അരുണ്‍ ഡോമിനിക് എന്ന സംവിധായകന്‍റെ തരംഗം എന്ന ചിത്രമുണ്ട്. എന്‍റെ അടുത്ത സുഹൃത്തും കൂടിയാണ് അരുണ്‍. അത് നിര്‍മ്മിക്കുന്നത് തമിഴ് നടന്‍ ധനുഷാണ്. അരുണ്‍ സംവിധാനം ചെയ്ത മൃത്യുന്ജയം എന്ന ഹ്രസ്വ ചിത്രം കണ്ടിട്ടാണ് ധനുഷ് അരുണിന്‍റെ അടുത്ത ചിത്രം നിര്‍മ്മിക്കാന്‍ തയ്യാറായത്. വളരെ പ്രതീക്ഷയുള്ള ഒരു പ്രൊജക്റ്റ് ആണത്.
അടുത്തതായി ചിത്രീകരണം തുടങ്ങാന്‍ പോകുന്നത് ആഷിക് അബുവിന്‍റെ ചിത്രമാണ്. തമിഴ്, മലയാള രംഗത്തെ നടന്മാര്‍ അതില്‍ അഭിനയിക്കുന്നുണ്ട്.