മാര്‍ലന്‍ ബ്രാണ്ടോയിലൂടെയും അല്‍ പാചിനോയിലൂടെയും ന്യൂയോര്‍ക്ക്‌ നഗരത്തിന്‍റെ അധോലോക കഥകള്‍ ലോകത്തിനു പറഞ്ഞുകൊടുത്ത ഫ്രാന്‍സിസ് ഫോര്‍ഡ് കോപ്പോളയുടെ ‘ഗോഡ്‌ഫാദർ’ സിനിമയ്ക്ക് 45 വയസ്സ് തികഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ 45-ാം വാര്‍ഷിക ആഘോഷത്തിനിടയില്‍ അല്‍ പാചിനോ തന്നെ കാസ്റ്റിങ് ചെയ്ത സാഹചര്യത്തെകുറിച്ചു പറഞ്ഞത് ഏറെ ശ്രദ്ധേയമാണ്. ” അല്‍പം ‘ഭ്രാന്തന്‍’എന്ന് ഞാന്‍ ധരിച്ചുവെച്ച ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പൊള ഒഴികെ മറ്റാര്‍ക്കും തന്നെ ഞാന്‍ ആ റോള്‍ ചെയ്യുന്നതില്‍ താത്പര്യമോ പ്രതീക്ഷയോ ഉണ്ടായിരുന്നില്ല. എന്താണ് ഫ്രാന്‍സിസിന്‍റെ ഉദ്ദേശ്യം എന്നതായിരുന്നു എല്ലാവരുടെയും ചോദ്യം. നിര്‍മാതാക്കളായ വാര്‍ണര്‍ ബ്രദര്‍സും ചോദിച്ചത് “ആരാണ് ആ പയ്യന്‍. അയാളില്‍ നിങ്ങളെന്താണ്‌ കാണുന്നത് ? ” എന്നായിരുന്നു” അല്‍ പാചിനോ പറഞ്ഞു.

ലോക സിനിമയില്‍ അതിന്റേതായ പാദമുദ്ര പതിപ്പിച്ച സിനിമയാണ് ഗോഡ്ഫാദര്‍. നാല്‍പത്തഞ്ചു വര്‍ഷം എത്തിനില്‍ക്കുമ്പോഴും ഗോഡ്ഫാദര്‍ പുനാരവര്‍ത്തി കാണുന്നതില്‍ ഒട്ടും ആവേശക്കുറവ് സംഭവിച്ചിട്ടില്ല. ലോകത്തിന്നുവരെ നിര്‍മിച്ച ഏറ്റവും നല്ല സിനിമകളില്‍ ഒന്നായി ഗോഡ്ഫാദര്‍ കണക്കാക്കപ്പെടുന്നതും ഇതുകൊണ്ട് തന്നെയാവും. അധോലോകത്തിന്‍റെ കഥ പറയുന്ന ഒരു സിനിമ എന്ന നിലയില്‍ പിന്നീട് വന്ന ഒട്ടുമിക്ക എല്ലാ അധോലോക സിനിമകള്‍ക്കും ചെറുതായെങ്കിലും ഒരു ഗോഡ്ഫാദര്‍ പ്രചോദനം കാണും. ഗോഡ്ഫാദറില്‍ നിന്നും പ്രചോദനവും സ്വാധീനവും ഉള്‍കൊണ്ട് നിര്‍മിച്ച ധാരാളം ഇന്ത്യന്‍ സിനിമകള്‍ ഉണ്ട്. ഒരുപക്ഷെ മറ്റൊരു ഇന്ത്യന്‍ സിനിമകളും ഇന്ത്യന്‍ സംവിധായകരെ ഇതുപോലെ സ്വാധീനിച്ചു കാണില്ല. ആ സിനിമകളില്‍ ചിലത് പരിശോധിക്കാം.

നായകന്‍(1987)
മണിരത്നവും കമലഹാസനും ഒന്നിച്ച നായകന്‍, തെന്നിന്ത്യയില്‍ നിന്നും ബോംബൈയില്‍ എത്തി അധോലോക നായകനാവുന്ന വരദരാജ മുദലിയാറുടെ കഥയെ അടിസ്ഥാനപ്പെടുത്തിയാണ് രചിക്കുന്നത്. ഒട്ടനവധി ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ വാങ്ങികൂട്ടിയ നായകന്‍ കമല്‍ ഹാസനു മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടി കൊടുത്ത സിനിമ കൂടിയാണ്. നിര്‍മാണത്തിലും കഥാതന്തുവിലും ഗോഡ്ഫാദറുമായി ഏറെ സാമ്യമുള്ള സിനിമയാണ് നായകന്‍. പി.സി.ശ്രീരാമിന്‍റെ ലോ ലൈറ്റ് ഛായാഗ്രഹണത്തില്‍ പകര്‍ത്തിയ നായകന്‍. ഗോഡ്ഫാദറിനോടൊത്തു നിൽക്കുന്ന ഇരുണ്ട ഫ്രെയിമുകളില്‍ ബോംബൈ തെരുവുകളേയും അധോലോക ജീവിതങ്ങളെയും ജലഛായ സമാനമാക്കുന്നു. ബി ലെനിന്‍റെ ഒതുക്കമുള്ളതും താളാത്മകവുമായ ചിത്രസംയോജനത്തിനോടൊപ്പം ഇളയരാജയുടെ ഹൃദ്യമായ സംഗീതവും ചേരുന്ന നായകന്‍ വളരെ എളുപ്പം തന്നെ എക്കാലത്തേയും മികച്ച തമിഴ് സിനിമകളില്‍ ഒന്നായി മാറുന്നു. ശരണ്യ പൊന്‍വണ്ണാന്‍, കാര്‍ത്തിക, ഡല്‍ഹി ഗണേഷ്, നാസര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

നാടുവാഴികള്‍(1989) naduvazhikal

ജോഷി സംവിധാനം ചെയ്ത ഈ ആക്ഷന്‍ ത്രില്ലര്‍, അനന്തന്‍ (മധു) ഉപേക്ഷിച്ചു പോവേണ്ടിവരുന്ന അധോലോകത്തെ ഏറ്റെടുക്കുന്ന മകന്‍ അര്‍ജുന്‍റെ (മോഹന്‍ലാല്‍) കഥ പറയുകയാണ്. മലയാള സിനിമയിലെ ത്രില്ലര്‍ സ്പെഷ്യലിസ്റ്റ് തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമിയാണ് നാടുവാഴികളുടെ കഥയും തിരകഥയും രചിക്കുന്നത്. നാടുവാഴികളുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജയന്‍ വിന്‍സെന്റ് ആണ്. കേരളത്തിന്‍റെ സാഹചര്യത്തില്‍ തന്നെ അധോലോകത്തിന്‍റെ കഥ പറയുന്ന സിനിമയാണ് നാടുവാഴികള്‍. അമ്പത് ലക്ഷം രൂപയ്ക്ക് നിര്‍മിച്ച ഈ ചിത്രം നാലു കോടി നേടിക്കൊണ്ട് അക്കാലത്തെ ഏറ്റവുംവലിയ ബോക്സ് ഓഫീസ് വിജയങ്ങളില്‍ ഒന്നായിരുന്നു.

sarkar

സര്‍ക്കാര്‍ (2005)
ഒരു പൊളിറ്റികല്‍ ക്രൈം ത്രില്ലറായ സര്‍ക്കാര്‍ റാംഗോപാലിന്‍റെ സംവിധാനത്തില്‍ പിറന്ന ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ്. അമിതാഭ ബച്ചന്‍, അഭിഷേക് ബച്ചന്‍, കെ.കെ.മേനോന്‍ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ മൂവരുടേയും അഭിനയം എടുത്തുപറയേണ്ടതാണ്. കത്രീന കൈഫും അനുപം ഖേറും സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അമിത് റോയി ഛായാഗ്രഹണം നിര്‍വഹിച്ച സര്‍ക്കാര്‍, മുംബൈ നഗരത്തില്‍ നടക്കുന്ന കഥയാണ്. ഗോഡ്ഫാദറിന്‍റെ കഥയെ ഒരു രാഷ്ട്രീയ ദൃഷ്ടികോണിലൂടെ വീക്ഷിച്ചു എന്ന രീതിയില്‍ സര്‍ക്കാര്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

 

ആതങ്ക് ഹീ ആതങ്ക് (1995)
ദിലീപ് ശങ്കര്‍ സംവിധാനം ചെയ്ത ആതങ്ക് ഹീ ആതങ്ക് ശ്രദ്ദ നേടുന്നത് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ഹിന്ദിയില്‍ അഭിനയിക്കുന്നു എന്നതുകൊണ്ട് കൂടിയാണ്. രജനീകാന്തിനു പുറമേ ആമിര്‍ ഖാനും ജൂഹി ചൗളയും അര്‍ച്ചന ജോഗ്ലേക്കറും പ്രധാന വേഷത്തില്‍ എത്തുന്ന ആതങ്ക് ഹീ ആതങ്ക് ഗോഡ്ഫാദറിന്‍റെ ഹിന്ദിയെന്ന പ്രചരണത്തോടെ തന്നെയാണ് റിലീസ് ചെയ്യപ്പെട്ടതും. എന്നാല്‍ വലിയൊരു താര നിരയൊക്കെ ഉണ്ടായിട്ടുകൂടെ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു ആതങ്ക് ഹീ ആതങ്ക്.

ഗോഡ്ഫാദര്‍ (1991)
ഗോഡ്ഫാദറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട സിനിമകളുടെ ശ്രേണിയില്‍ ഏറ്റവും വ്യത്യസ്ഥമാണ് സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് മലയാളത്തില്‍ തീര്‍ത്ത ഗോഡ്ഫാദര്‍. അഞ്ഞൂറാനായ എന്‍.എന്‍.പിള്ളയുടേയും ആനപ്പാറ അച്ചമ്മയായ ഫിലോമിനയുടേയും ചിര വൈരത്തിന്‍റെ കഥ പറയുന്ന ഗോഡ്ഫാദര്‍ ഒരു മുഴുനീള ഹാസ്യ സിനിമയാണ്. മലയാളികള്‍ക്ക് ഏറെ പരിചിതമായ സംഭാഷണങ്ങളോട് കൂടിയ ഈ സിനിമ യഥാർത്ഥ ഗോഡ്ഫാദറിന്‍റെ കഥാതന്തുവില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് രചിക്കപ്പെട്ടത് എന്നത് അധികമാര്‍ക്കും അറിയാത്ത മറ്റൊരുകഥ!

സിംഹാസനം (2012)
ഷാജി കൈലാസ് സംവിധാനം ചെയ്ത സിംഹാസനം ജോഷി ചിത്രമായ നാടുവാഴികളുടെ പുനര്‍സൃഷ്ടിയാണ്. അന്ന് മധു അഭിനയിച്ച മാധവമേനോന്‍റെ വേഷത്തില്‍ സായികുമാര്‍ എത്തുമ്പോള്‍ മോഹന്‍ലാല്‍ പകര്‍ന്നാടിയ അര്‍ജുന്‍ ആയി വെള്ളിത്തിരയില്‍ എത്തുന്നത് പൃഥ്വിരാജ് ആണ്. ഷാജി കൈലാസ് തന്നെ തിരക്കഥയെഴുതിയ ഈ ചിത്രം ബോക്സ് ഓഫീസില്‍ പരാജയപ്പെടുകയും അധികം പ്രേക്ഷക ശ്രദ്ധയര്‍ഹിക്കാത്തതുമായ പോയ മറ്റൊരു ഗോഡ്ഫാദര്‍ പ്രചോദനം ആണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ