ബോളിവുഡിലും ഹോളിവുഡിലുമെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പ്രിയങ്ക ചോപ്ര. ഏറ്റവും ഉയർന്ന പ്രതിഫലം കൈപ്പറ്റുന്ന ഇന്ത്യൻ നടിമാരിൽ ഒരാളാണ് പ്രിയങ്ക. ഏതാണ്ട് 70 മില്യൺ യുഎസ് ഡോളർ (ഏകദേശം 559 കോടി ഇന്ത്യൻ രൂപ) ആണ് പ്രിയങ്കയുടെ ആസ്തിയെന്നാണ് റിപ്പോർട്ട്.
2021ലെ ഇൻസ്റ്റഗ്രാം സമ്പന്നരുടെ പട്ടികയിലും വിരാട് കോഹ്‌ലിയ്ക്ക് ഒപ്പം പ്രിയങ്ക ചോപ്രയും ഇടം നേടിയിരുന്നു. പട്ടികയിൽ 27-ാം സ്ഥാനത്താണ് പ്രിയങ്ക. ഇൻസ്റ്റഗ്രാമിൽ പ്രിയങ്ക ചെയ്യുന്ന ഓരോ പ്രൊമോഷണൽ പോസ്റ്റിനും 403,000 ഡോളർ (ഏകദേശം 3 കോടി) ആണ് താരത്തിന് ലഭിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
സൈബർ ലോകത്ത് ഏറെ ആഘോഷിക്കപ്പെടുന്ന താരജോഡികളെന്ന വിശേഷണവും പ്രിയങ്ക ചോപ്രയ്ക്കും ഭർത്താവും ഹോളിവുഡ് പോപ് ഗായകനുമായ നിക് ജൊനാസിനും സ്വന്തം. പ്രിയങ്കയുടെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്.
പിതാവ് അശോക് ചോപ്രയ്ക്ക് ഒപ്പമുള്ള ഒരു ചിത്രമാണ് പ്രിയങ്ക ഷെയർ ചെയ്തിരിക്കുന്നത്. ആർമിയിൽ ഡോക്ടർമാരായി സേവനം അനുഷ്ഠിച്ചവരാണ് പ്രിയങ്കയുടെ അച്ഛൻ അശോക് ചോപ്രയും അമ്മ മധു ചോപ്രയും.
കുടുംബവുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് പ്രിയങ്ക. Daddy’s lil girl എന്നാണ് ടാറ്റുവിൽ പോലും താരം കുറിച്ചിരിക്കുന്നത്. അശോക് ചോപ്രയുടെ മരണത്തെ തുടർന്നായിരുന്നു തന്റെ വലതു കൈത്തണ്ടയിൽ അച്ഛനോടുള്ള ബഹുമാനാർത്ഥം പ്രിയങ്ക പച്ചക്കുത്തിയത്. അശോക് ചോപ്രയുടെ കൈയ്യക്ഷരം തന്നെ പ്രിയങ്ക ടാറ്റൂ ചെയ്തെടുക്കുകയായിരുന്നു, കാൻസറുമായുള്ള പോരാട്ടത്തിനു ഒടുവിലായിരുന്നു അശോക് ചോപ്രയുടെ മരണം.
തന്റെ പതിനെട്ടാം വയസ്സിലാണ് പ്രിയങ്ക ചോപ്ര മിസ് ഇന്ത്യ കിരീടം ചൂടുന്നത്. അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന വ്യക്തിത്വമായ പ്രിയങ്കയുടെ ജീവിതത്തിലെ തന്നെ നാഴികക്കല്ല് എന്നു വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു ആ മിസ് ഇന്ത്യ പട്ടം, ഇന്ത്യൻ എന്റർടെയിൻമെന്റ് ഇൻഡസ്ട്രിയിൽ പ്രിയങ്ക രണ്ടു പതിറ്റാണ്ട് പൂർത്തിയാക്കിയിരിക്കുകയാണ്.