ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യ- ഉക്രെയ്ൻ യുദ്ധത്തിന് ഇനിയും അവസാനം കണ്ടിട്ടില്ല. പല പ്രതിസന്ധികളെയും അതിജീവിച്ച് ഉക്രെയ്ൻ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ ഓഫീസ് ഒരു വൈകാരിക രംഗത്തിന് സാക്ഷ്യം വഹിച്ചത്. ‘യുദ്ധം ജയിച്ചിട്ട് തിരിച്ചു തന്നാൽ മതി’ എന്നു പറഞ്ഞു ഹോളിവുഡ് താരം ഷോൺ പെൻ ഉക്രെയ്ൻ പ്രസിഡന്റിന് തന്റെ ഓസ്കർ നൽകിയതാണ് സംഭവം.
തലസ്ഥാനമായ കീവിൽ നടന്ന യോഗത്തിനിടെയാണ് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിക്ക് ഷോൺ പെൻ തനിക്ക് ലഭിച്ച ഓസ്കാർ ശിൽപം നൽകിയത്. സെലെൻസ്കി, ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് വീഡിയോയിൽ ഇതിന്റെ ദൃശ്യങ്ങളുണ്ട്. “എനിക്ക് ഭയങ്കര വിഷമം തോന്നുന്നു. ഇത് നിങ്ങൾക്ക് വേണ്ടിയാണ്. പ്രതീകാത്മകമായി ചെയ്യുന്ന ഇതൊരു ചെറിയ കാര്യമാണ്. പക്ഷേ ഇത് നിങ്ങൾക്കൊപ്പം ഉണ്ടെന്ന് അറിയുമ്പോൾ പോരാട്ടത്തിന് കൂടുതൽ കരുത്ത് അനുഭവപ്പെടും,” വീഡിയോയിൽ പെൻ പറയുന്നു.
“നിങ്ങൾ വിജയിക്കുമ്പോൾ, ഇത് മാലിബുവിലേക്ക് തിരികെ കൊണ്ടു വരിക. എന്റെ ഒരു ഭാഗം ഇവിടെയുണ്ടെന്ന് ഓർക്കുമ്പോൾ എനിക്ക് കൂടുതൽ ആശ്വാസം തോന്നുമെന്നും,” പെൻ പറയുന്നു.
റഷ്യൻ അധിനിവേശത്തിനെതിരായ പോരാട്ടത്തിൽ ഉക്രെയ്നിനെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് പെൻ. ഇത് മൂന്നാം തവണയാണ് യുദ്ധകാലത്ത് പെൻ ഉക്രെയ്നിൽ എത്തുന്നത്. ഉക്രെയ്‌നിന്റെ പ്രാദേശിക സമഗ്രതയെ പിന്തുണയ്ക്കുന്നതിനും രാജ്യത്തെ ജനകീയമാക്കാൻ സഹായിച്ചതിനുമുള്ള ‘ഓര്‍ഡര്‍ ഓഫ് മെറിറ്റ്’ ബഹുമതി പ്രസിഡന്റ് സെലന്‍സ്‌കി ഷോൺ പെന്നിന് സമ്മാനിക്കുന്നതും വീഡിയോയിൽ കാണാം.
തന്റെ ഇൻസ്റ്റഗ്രാം വീഡിയോയുടെ അടിക്കുറിപ്പിൽ, സെലെൻസ്കി പെന്നിന് നന്ദി അറിയിച്ചിട്ടുണ്ട്. “നമ്മുടെ രാജ്യത്തിന്റെ വിജയത്തിലുള്ള വിശ്വാസത്തിന്റെ പ്രതീകമായാണ് ഷോൺ തന്റെ ഓസ്കാർ ശിൽപ്പം കൊണ്ടുവന്നത്. യുദ്ധാവസാനം വരെ ഇത് ഉക്രെയ്നിലുണ്ടായിരിക്കും, ഉക്രെയ്നിന്റെ ജനകീയവൽക്കരണത്തിന് നൽകിയ ആത്മാർത്ഥമായ പിന്തുണയ്ക്കും ഗണ്യമായ സംഭാവനയ്ക്കും നന്ദി!”
മികച്ച നടനുള്ള ഓസ്കർ പുരസ്കാരം രണ്ടു തവണ നേടിയുള്ള ഹോളിവുഡ് താരമാണ് ഷോൺ പെൻ. യുദ്ധവിരുദ്ധ ക്യാംപെയ്നുകളിലും രാഷ്ട്രീയ പ്രവർത്തനങ്ങളിലും സജീവമാണ്. റഷ്യയുടെ അധിനിവേശം വർധിച്ചിരുന്ന സമയത്ത് യുക്രെയിലെത്തി പെൻ ഡോക്യുമെന്ററി ചിത്രീകരിച്ചിരുന്നു. സെപ്റ്റംബറിൽ റഷ്യൻ വിദേശകാര്യ മന്ത്രി പെന്നിനെ റഷ്യയിൽ പ്രവേശിക്കുന്നതിൽ നിന്നു വിലക്കിയതായി അറിയിച്ചു.