ഫോട്ടോഗ്രാഫർ എസ് ബർമൗല എന്ന ബർമൻ ഇല്ലായിരുന്നുവെങ്കിൽ ചിലപ്പോൾ മധുര്‍ ഭണ്ഡര്‍കറുടെ ‘ഫാഷൻ’ എന്ന സിനിമ സംഭവിക്കുമായിരുന്നോ എന്ന് സംശയമാണ്. കാരണം ഫോട്ടോഗ്രാഫർ എസ് ബർമൗലയുടെ ക്യാമറയിൽ തീർത്തും അപ്രതീക്ഷിതമായി പതിഞ്ഞ ഗീതാഞ്ജലി നാഗ്പാൽ എന്ന മോഡലിന്റെ ചിത്രമാണ് പിന്നീട് ബോളിവുഡ് ഫാഷൻ ഇൻഡസ്ട്രിയിലെ പിന്നാമ്പുറക്കഥകൾ പറഞ്ഞ ‘ഫാഷൻ’ എന്ന സിനിമയ്ക്ക് പ്രമേയമായി മാറിയത്. ബർമന്റെ ആ ഒരൊറ്റ ക്ലിക്കില്‍ ഫാഷൻ ലോകത്തെ ഗ്ലാമറിന്റെ ചീട്ടുകൊട്ടാരങ്ങള്‍ തകർന്നു വീഴുകയായിരുന്നെന്നു പറയാം.

ഫോട്ടോഗ്രാഫര്‍ ബര്‍മന്‍

1990 കളിൽ ബോളിവുഡിലെ സെലിബ്രിറ്റികൾ തിങ്ങി നിറഞ്ഞ സദസ്സിനു മുൻപിൽ, ജ്വലിക്കുന്ന വേദികളിൽ ചുവടുവെച്ച മോഡലായിരുന്നു ഗീതാജ്ഞലി നാഗ്പാൽ. എന്നാൽ മദ്യവും മയക്കുമരുന്നുകളും ഗീതാഞ്ജലിയുടെ ജീവിതത്തിലെ വില്ലനായി. നാവികസേന ഓഫീസറുടെ മകളായിരുന്ന ഗീതാഞ്ജലി വീടും പ്രതാപവുമെല്ലാം നഷ്ടപ്പെട്ട് ഒടുവിൽ ഡൽഹിയുടെ തെരുവുകളിലെത്തപ്പെട്ടു. ജീവിക്കാൻ വേണ്ടി മറ്റുള്ളവർക്കു മുന്നിൽ കൈനീട്ടുന്ന ഭിക്ഷാടകയായി ഗീതാഞ്ജലി മാറി.

റാംപിന്റെ വെള്ളി വെളിച്ചത്തിൽ നിന്നും തെരുവിലേക്ക് മാനസികരോഗിയായും ഭിക്ഷാടകയായുമൊക്കെ എടുത്തറിയപ്പെട്ട മോഡൽ ഗീതാജ്ഞലിയുടെ ഇരുളടഞ്ഞ ജീവിതം ലോകമറിയുന്നത് ബർമന്റെ പ്രശസ്തമായ ആ ഫോട്ടോഗ്രാഫിലൂടെയായിരുന്നു. തുടർന്ന് ഗീതാജ്ഞലിയുടെ ജീവിതം വാർത്തകളിൽ ഏറെ ആഘോഷിക്കപ്പെട്ടു. ഫാഷൻ ഇൻഡസ്ട്രിയുടെ അറിയപ്പെടാത്ത കാഴ്ചകളുടെ കഥ പറയുന്ന ‘ഫാഷൻ’ എന്ന ചിത്രമൊരുക്കാൻ മധുര്‍ ഭണ്ഡര്‍കർക്ക് പ്രചോദനമായതും ആ ഫോട്ടോഗ്രാഫായിരുന്നു.

എന്നാൽ പിന്നീട് ആ ചിത്രം മാത്രമല്ല ‘ഫാഷന്’ പ്രചോദനമായതെന്ന് സംവിധായകൻ മധുർ ഭണ്ഡർക്കർ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നിരുന്നാലും ഫാഷൻ ലോകത്തിന്റെ ഇരുട്ട ഉള്ളറകളിലേക്ക് വെളിച്ചം വീശിയ ഫോട്ടോ തന്നെയായിരുന്നു അത്. ഗീതാഞ്ജലിയുടെ കഥ ഗ്ലാമർ ലോകത്തിനു പിന്നിലെ ഇരുണ്ട ലോകത്തേക്ക് അന്താരാഷ്ട്ര ശ്രദ്ധ നേടാനും കാരണമായി.

‘ഫാഷൻ’ എന്ന സിനിമയ്ക്ക് നിമിത്തമായ ഫോട്ടോഗ്രാഫർ ബർമൻ ഇന്നലെ അന്തരിച്ചു. ഡല്‍ഹിയിലായിരുന്നു അന്ത്യം.

റാമ്പുകളില്‍ സ്വപ്‌നതുല്യമായ ജീവിതം നയിക്കുന്ന താരങ്ങൾക്ക് വെള്ളി വെളിച്ചത്തിന്‍റെ മറവില്‍ എന്തു സംഭവിക്കുന്നു എന്ന അന്വേഷണമായിരുന്നു ‘ഫാഷൻ’​എന്ന ചിത്രം. പ്രിയങ്ക ചോപ്ര നായികയായ ചിത്രത്തിൽ ഗീതാഞ്ജലിയുടെ ജീവിതവുമായി സാമ്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചത് കങ്കണ റണാവത്ത് ആയിരുന്നു. ഒരു ചെറു പട്ടണത്തിൽ നിന്നെത്തി ഫാഷൻ ഇൻഡസ്ട്രിയിലെ സൂപ്പർ മോഡലായി മാറുന്ന മേഘ്ന മാത്തുർ എന്ന കഥാപാത്രത്തെ പ്രിയങ്ക അവതരിപ്പിച്ചപ്പോൾ സൂപ്പര്‍ മോഡല്‍ ഷോനാലി ഗുജ്‌റാള്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കങ്കണ അവതരിപ്പിച്ചത്.

മുംബൈ പോലെ ഒരു നഗരത്തില്‍ കൊഴിഞ്ഞു വീഴുന്ന മോഡലുകളുടെ ജീവിതത്തിന്റെ ഏടുകളില്‍ നിന്നും അടര്‍ത്തിയെടുത്ത ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റാംപ് വാക്കിംഗിനിടെ വസ്ത്രം തെന്നിമാറി ലോകത്തിന് മുമ്പില്‍, ക്യാമറക്കു മുമ്പില്‍ നഗ്നയാകേണ്ടി വന്നതിന്റെ ഡ്രിപ്രഷനും ഡ്രഗിനുമിടിമപ്പെട്ട് കരിയര്‍ നഷ്ടപ്പെട്ട് തെരുവില്‍ കിടക്കുന്ന കങ്കണയുടെ കഥാപാത്രം സിനിമ കണ്ടവർക്കൊന്നും അത്ര വേഗത്തിൽ മറക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ