വന്ദനം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് ഗിരിജ ഷെറ്റാര്‍ എന്ന ഇന്ത്യന്‍ – ഇംഗ്ലീഷ് പെണ്‍കുട്ടി.  വളരെ ചുരുങ്ങിയ കാലം മാത്രമാണ് സിനിമ ലോകത്ത് അവരുണ്ടായിരുന്നത്.  എന്നാല്‍ അഭിനയിച്ച ചിത്രങ്ങള്‍ ഇപ്പോഴും ഹിറ്റായി ആളുകളുടെ മനസ്സിലുണ്ട്.  ഇന്നത്തെ ഗിരിജ എങ്ങനെയാണ്, എന്താണ് ചെയ്യുന്നത് എന്നൊക്കെയുള്ള അന്വേഷണങ്ങള്‍ ഞങ്ങളെ കൊണ്ടെത്തിച്ചത് ഒരു പഴകാല നടിയിലെക്കല്ല, മറിച്ച് ഒരു ബഹു മുഖ പ്രതിഭയിലേക്കായിരുന്നു.

പത്രപ്രവര്‍ത്തനവും കവിതയും ആത്മീയതയും ഇടകലര്‍ന്ന തന്‍റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച്, തന്‍റെ സിനിമാ സ്വപ്നങ്ങളെക്കുറിച്ച്‌, ഗിരിജ മനസ്സ് തുറക്കുന്നു.  ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളവുമായി അഭിമുഖം.

അഭിനയത്തില്‍ തിളങ്ങി നിന്നിരുന്ന ഒരവസരത്തിലാണ് ഗിരിജ സിനിമ വിട്ട് പോകുന്നത്. ആ തീരുമാനം തെറ്റായിപ്പോയി എന്നെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

ഇല്ല എന്ന് തീര്‍ത്തു പറയാന്‍ കഴിയില്ല. ആത്മീയ പഠനങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റെല്ലാ കാര്യങ്ങളും സിനിമയ്ക്കൊപ്പം തന്നെ കൊണ്ട് പോകാമായിരുന്നു എന്നാലോചിച്ചു
വിഷമിച്ച ഒരു കാലമുണ്ടായിരുന്നു. അത്രയ്ക്കിഷ്ടമായിരുന്നു ഇന്ത്യയും സിനിമയും വിട്ട്  ഇംഗ്ലണ്ടിലേക്ക് പോന്നപ്പോള്‍ ഏറ്റവും കൂടുതല്‍ സങ്കടം തോന്നിയത് അവിടത്തെ അമ്പലങ്ങളേയും ആത്മീയ ജീവിതത്തെക്കുറിച്ചുമോര്‍ത്താണ്.

പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ബ്രിട്ടനിലേക്ക് മടങ്ങുന്നത്. അപ്പോഴേക്കും ഇവിടെ ഒരു ടാബ്ളോയിട് സംസ്കാരം ഉണ്ടായിക്കഴിഞ്ഞു. ഇവിടെയുണ്ടായ മാറ്റങ്ങളോടു പൊരുത്തപ്പെടാനും സമയമെടുത്തു.

ഒരു സെലിബ്രിറ്റി ആവുമെന്ന് ഒരിക്കലും ഞാന്‍ കരുതിയിട്ടില്ല. എന്നോട് ആളുകള്‍ ഓട്ടോഗ്രാഫ് ഒക്കെ ചോദിച്ചു വരുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടാറുണ്ട്. കാരണം, ഞാന്‍ ഒരു പബ്ലിക്‌ റോള്‍ എടുത്തിരുന്നു എന്നും, സിനിമ എന്ന വലിയ ഒരു വ്യവസായത്തിന്‍റെ ഭാഗമായിരുന്നു എന്നൊന്നും   എനിക്ക് തിരിച്ചറിവുണ്ടായിരുന്നില്ല.

പത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞപ്പോള്‍ കാര്യങ്ങള്‍ മാറി. അതൊരു പുതിയ ലോകം മുന്നില്‍ തുറന്നിട്ടു. മറ്റുള്ളവരുടെ സ്ക്രിപ്റ്റ് ഏറ്റു പറയുകയല്ലാതെ സ്വന്തമായി ഒരു ശബ്ദമുണ്ടാവുക എന്നത് ഒരു വലിയ പ്രിവിലേജ് ആയി തോന്നി.

ചിത്രം. അതുല്‍ ബന്‍സല്‍

ചുറ്റിലുമുള്ള ജീവിതങ്ങളെ ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളില്‍ എല്ലാം തന്നെ സ്വതന്ത്രമായ നിലപാടുകള്‍ എടുക്കാന്‍ സാധിക്കുന്നുണ്ട്. വിഷയങ്ങള്‍ സത്യസന്ധമായും നിഷ്പക്ഷമായും വിലയിരുത്താനും റിപ്പോര്‍ട്ട്‌ ചെയ്യാനും സാധിക്കുന്നുണ്ട്. ഇത് വരെ ആളുകളുടെ ശ്രദ്ധ പതിയാതിരുന്ന മേഖലകളിലേക്ക് അവരുടെ ശ്രദ്ധ കൊണ്ട് വരാനും, അതെക്കുറിച്ചുള്ള വീക്ഷണങ്ങള്‍ ലോകത്തെ അറിയിക്കാനും, എന്‍റെ വാദങ്ങള്‍ മുന്നോട്ട് വയ്ക്കാനും ചര്‍ച്ച ചെയ്യാനുമൊക്കെ സാധിക്കുന്നു.

പിന്നെ പത്രപ്രവര്‍ത്തകര്‍ക്ക് നടിമാരെപ്പോലെ ശരീരം കൃത്യമായ അളവുകളില്‍ നിലനിര്‍ത്താനുള്ള സമ്മര്‍ദ്ദവുമില്ലല്ലോ.

എല്ലാം നല്ലതിനായിരുന്നു എന്നാണ് ഇപ്പോള്‍ തോന്നുന്നത്. കഴിഞ്ഞതിനെക്കുറിച്ചോര്‍ത്തു വിഷമിച്ചു കൊണ്ടിരുന്നാല്‍ ഇന്നത്തെ ജീവിതം ഒരുക്കുന്ന അവസരങ്ങളെ നമ്മള്‍ കാണാതെ പോകും.

സിനിമയില്‍ നിന്നും മാറി നില്‍ക്കുമ്പോഴും ധാരാളം അവസരങ്ങള്‍ തേടി വന്നിട്ടുണ്ടാവുമല്ലോ. അതില്‍ വേണ്ട എന്ന് വയ്ക്കാന്‍ പ്രയാസം തോന്നിയത് ഏതാണ്?

മണിരത്നം ഒരു ചിത്രം ഓഫര്‍ ചെയ്തപ്പോള്‍. ഗീതാഞ്ജലിയാണ് അദ്ദേഹവുമായി സഹകരിച്ച ആദ്യ ചിത്രം. അത് വലിയ ഹിറ്റുമായി. അദ്ദേഹം എന്നോട് ചോദിക്കുന്നതിന് തൊട്ട് മുന്‍പാണ് ഞാന്‍ മനസ്സ് കൊണ്ട് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള തീരുമാനം എടുത്തത്‌.

 

ഗിരിജയോടൊപ്പം ഒരു സിനിമ ചെയ്യാന്‍ രജനികാന്ത് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അത് നടക്കാതെ പോയതില്‍ സങ്കടമുണ്ടോ?

ജീവിതത്തില്‍ നമ്മള്‍ ചോദിക്കാതെ തന്നെ കിട്ടുന്ന ചില ഭാഗ്യങ്ങളുണ്ട് – എന്‍റെ ആദ്യ ചിത്രം ഗീതാഞ്ജലി അങ്ങനെയൊന്നായിരുന്നു, രജനികാന്തിനെ പരിചയപ്പെട്ടത്‌ മറ്റൊന്നും. അദ്ദേഹവുമൊത്ത് ഒരു സിനിമ ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ അതൊരു വലിയ ബഹുമതി ആയിരുന്നേനെ, പക്ഷെ അദ്ദേഹത്തെ കാണാനും ഇടപെടാനും കഴിഞ്ഞത് തന്നെ ഭാഗ്യമായി ഞാന്‍ കരുതുന്നു. അസാധാരണമായ വ്യക്തിത്വമുള്ളയാളാണ് രജനികാന്ത്.

മോഹന്‍ലാലിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്തൊക്കെയാണ്?

അദ്ദേഹത്തിന്‍റെ പേര്‍സണാലിറ്റി; ക്ഷമ, കരുണ, തമാശ, ബുദ്ധി. ഒരു നടന്‍ എന്ന നിലയില്‍ ഉള്ള ടെക്നിക്കല്‍ കഴിവുകളേക്കാള്‍ നമ്മെ ആകര്‍ഷിക്കുന്നത് അദ്ദേഹത്തിന്‍റെ സ്ക്രീന്‍ പെര്‍സോണയാണ്. ആര്‍ക്കും ഇഷ്ടം തോന്നിപോകുന്ന, ആത്മാര്‍ത്ഥമായ ഒന്ന്. യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം അങ്ങനെയായത് കൊണ്ടാണ് അത് സാധിക്കുന്നത്.

ഒട്ടും പ്രയാസം തോന്നിയില്ല, അദ്ദേഹവുമായി ജോലി ചെയ്യാന്‍. And he is a gentleman.

 

വന്ദനത്തിലെ ‘ഗാഥാ – ജാം’ സീനിന് കേരളത്തില്‍ വലിയ സ്വീകാര്യതയുണ്ടായി എന്നതറിയാമോ?

ഇല്ല. ആ സിനിമയുടെ ടീം വളരെ നല്ലതായിരുന്നു. എല്ലാവരും പ്രിയദര്‍ശന്റെ സുഹൃത്തുക്കളും. കഴിവുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍. അവരുടെ എനെര്‍ജിയാണ് ആ സിനിമയുടെ വിജയം.

ഗാഥാ ജാം സീന്‍ ഇങ്ങനെ സ്വീകരിക്കപ്പെടാന്‍ കാരണം അതില്‍ ഒരു ഇന്നസെന്‍സ് ഉള്ളത് കൊണ്ടാണ്. അതില്‍ കളി തമാശയുണ്ട്. അതിന്‍റെ മുഴുവന്‍ ക്രെഡിറ്റും മോഹന്‍ലാലിന്‍റെതാണ്. പൂര്‍ണതയുള്ള അദ്ദേഹത്തിന്‍റെ അഭിനയത്തിന്‍റെയാണ്.

 

കേരളത്തില്‍ വന്നിട്ടുണ്ടോ?

ഉണ്ട്, ചെറിയ കുട്ടിയായിരുന്നപ്പോള്‍ ഒരിക്കല്‍ ഞങ്ങള്‍ ഒരു ഫാമിലി ഹോളിഡെ ആഘോഷിക്കാന്‍ കോവളത്ത് വന്നിട്ടുണ്ട്. ബീച്ചിലെ ഒരു ഹോട്ടലില്‍ താമസിച്ചു. വലിയ തിരമാലകളും, ഇളം ചൂടുള്ള കാറ്റുമൊക്കെ ചേര്‍ന്ന് സ്വപ്നത്തിലൊക്കെ കാണുന്നത് പോലെ സുന്ദരമായ ഒരിടം.

ഇന്ത്യന്‍ സിനിമകള്‍ കാണാറുണ്ടോ?

വളരെക്കാലം അതില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പഴയതൊന്നും ഓര്‍ക്കണ്ട എന്ന് കരുതി. എന്നാല്‍ അടുത്തിടെ അത് മാറി. അടുത്തിടെ ഒരു ബ്രിട്ടീഷ്‌ പത്രം മുക്തി ഭവന്‍ എന്ന ശുഭാശീഷ് ഭുടിയാനി സംവിധാനം ചെയ്ത ഒരു ഇന്ത്യന്‍ സിനിമയെക്കുറിച്ചുള്ള ഒരു റിവ്യൂ കൊടുത്തിരുന്നു. എന്‍റെ മനസ്സിനെ സ്വാധീനിച്ച ഒന്നാണത്. അത് വായിച്ചപ്പോള്‍ എനിക്ക് തോന്നി എന്‍റെ ഭൂതകാലവുമായുള്ള അകല്‍ച്ച കുറച്ച്, ഇന്ത്യന്‍ സിനിമയുമായുള്ള എന്‍റെ സൗഹൃദം തിരിച്ചു പിടിക്കാന്‍ സമയമായി എന്ന്.

വന്ദനം ലൊക്കേഷന്‍ – കടപ്പാട് ഫേസ് ബുക്ക്‌

അഭിനയം വീണ്ടും തുടങ്ങുകയാണെങ്കില്‍ ആരുടെ ചിത്രത്തില്‍ തുടങ്ങാനാണ് ആഗ്രഹം?

മണിരത്നം. ഗീതാഞ്ജലിയുടെ രണ്ടാം ഭാഗത്തിന്‍റെ സാധ്യതകള്‍ ഞാന്‍ ഇടക്ക് ആലോചിക്കാറുണ്ട്. അതിലെ നായകനും നായികയും പിന്നീട് ജീവിച്ചിരിക്കുമോ എന്ന് പോലും അറിയാത്ത ഒരിടത്താണ് ആ സിനിമ അവസാനിക്കുന്നത്. പക്ഷെ 1989 ല്‍ ആ ചിത്രം വന്ന സമയത്തുള്ള ലോകമല്ല ഇപ്പോള്‍, അത് കൊണ്ട് പ്രേക്ഷകര്‍ ഇനിയത് സ്വീകരിക്കുമോ എന്നറിയില്ല.

പിന്നെ റിതേഷ് ഭത്ര, അമിത് മസുര്‍കാര്‍, ശുഭാശീഷ് ഭുടിയാനി എന്നിവരുടെ ആശയങ്ങളും സമീപനങ്ങളും ഇഷ്ടമാണ്.

അഭിനയത്തിലേക്കുള്ള മടങ്ങി വരവിനെക്കുറിച്ച് പലരും ചോദിക്കാറുണ്ട്. ഇപ്പോള്‍ എനിക്ക് എഴുത്തിനോടാണ് താല്പര്യം. ഡോക്യുമെന്ററികളിലും താല്പര്യമുണ്ട്. ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ചുള്ള, പ്രത്യേകിച്ച് യോഗ പോലെയുള്ള വിഷയങ്ങളില്‍  ഡോക്യുമെന്ററികള്‍ നിര്‍മ്മിക്കാനും അവ അവതരിപ്പിക്കാനുമൊക്കെ ആഗ്രഹമുണ്ട്.

എഴുത്തിന്‍റെ കാര്യം പറഞ്ഞല്ലോ, എന്താണ് എഴുതുന്നത്‌?

കവിതകള്‍. 2010ല്‍ സര്‍വൈവേര്‍സ് പ്രസ്‌ പബ്ലിഷ് ചെയ്ത എന്‍റെ ആദ്യ കവിതാ സമാഹാരം, This Year, Daffodils – A Collection of Haiku, ഇപ്പോള്‍ പുന പ്രസിദ്ധീകരണം ചെയ്യാന്‍ തയ്യാറെടുക്കുന്നു. ചെറിയ ഹൈക്കു കവിതകളാണ് ഇതില്‍. അത് എഴുതുമ്പോഴും വായിക്കുമ്പോഴും സന്തോഷം തന്നെ. അത് നമ്മുടെ മനസ്സിനെ ഒരു ശാന്തമാക്കുകയും ചെയ്യും. എല്ലാവരും ഹൈക്കു വായിക്കണം എന്ന് ഞാന്‍ പറയും. മത്സുവോ ബാഷോ, കോബയാഷി ഇസ്സ എന്നിവര്‍ ഇതില്‍ മാസ്റ്റര്‍ എഴുത്തുകാരാണ്. ധാരാളം മോഡേണ്‍ ഹൈക്കു ട്വിറ്റെറിലും മറ്റു സോഷ്യല്‍ മീഡിയയിലുമുണ്ട്.

വേറെയും രണ്ടു കവിതാ പുസ്തകങ്ങള്‍ പബ്ലിഷ് ചെയ്യാന്‍ ആലോചിക്കുന്നു. അവയുടെ ജോലികള്‍ കഴിഞ്ഞിട്ടില്ല. എന്‍റെ സമയക്കുറവാണ് കാരണം.

ഞങ്ങള്‍ അറിയുന്ന അഭിനേത്രിയായ ഗിരിജയ്ക്ക് ഇന്നത്തെ ഗിരിജയുമായി വലിയ അന്തരമുണ്ട്. ഇന്നത്തെ ഗിരിജ പത്രപ്രവര്‍ത്തകയാണ്, അരബിന്ദോയെക്കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ് നേടിയ ആളാണ്‌, നര്‍ത്തകിയാണ്, എഴുത്തുകാരിയാണ്. ഈ മാറ്റത്തെ എങ്ങനെ കാണുന്നു?

ഗിരിജ എന്ന വ്യക്തിയും കലാകാരിയും കടന്നു പോയ പ്രോസസ് ആണ് അതൊക്കെ. അങ്ങനെ പറയുമ്പോള്‍ ചിലപ്പോള്‍ അതില്‍ കുറച്ചു കാപട്യം ഉള്ളതായി (pretentious) നിങ്ങള്‍ക്ക് തോന്നിയേക്കാം.

ജീവിതം എന്നെ നയിച്ച വഴികളിലേയ്ക്ക് ഞാന്‍ പോയി എന്ന് പറയാം. ഇന്ത്യന്‍ ചിന്തയില്‍ സ്വഭാവം, സ്വധര്‍മ്മം എന്നിങ്ങനെ രണ്ടു കാര്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. രണ്ടിനോടും അടുത്ത് നില്‍ക്കാനുള്ള ശ്രമമാണ് എന്റേത്.

എന്നെ സംബന്ധിച്ച് ഒരു കലാകാരി എന്ന നിലയില്‍ എന്നോട് തന്നെ സത്യസന്ധത പുലര്‍ത്തിക്കൊണ്ടിരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതിന് വളര്‍ച്ച, സ്വാതന്ത്ര്യം, സര്‍ഗാത്മകത എന്നിവ അനിവാര്യമാണ്.

ഒരിക്കല്‍ എവിടെയോ എഴുതിയിട്ടുണ്ട്, ഇന്ത്യയുമായുള്ള  ബന്ധം രണ്ട് തരത്തിലാണെന്ന് – സിനിമയും ആത്മീയതയും.

അതെ. ഇന്ത്യന്‍ ആത്മീയതയെക്കുറിച്ച് ആഴത്തില്‍ അറിയുന്നതിന് മുന്‍പ്, അതായത് വേദിക്ക് ഫിലോസഫി പരിചയപ്പെടുന്നതിന് മുന്‍പ്, എന്‍റെ ജീവിതം അതി സാധാരണമായ ഒന്നായിരുന്നു. ദിവസങ്ങള്‍ ജീവിച്ച് തീര്‍ക്കുക എന്നതിലുപരി, ആഴത്തിലുള്ള ഒരു ചിന്തയും എന്നെ ബാധിച്ചിരുന്നില്ല.

പക്ഷെ ഇന്ത്യയുടെ ‘Spiritual Heritage’ അടുത്തറിഞ്ഞപ്പോള്‍ അത് മാറി. അതിനു ശേഷമുണ്ടായ അനുഭവങ്ങള്‍ എല്ലാം തന്നെ എന്നില്‍ വളരെയേറെ സ്വാധീനം ചെലുത്തി. ജീവിതം തന്നെ മാറി എന്ന് പറയാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook