പത്മാവതിയുടെ വയറിനെയും പേടിയോ? ‘പത്മാവത്’ സിനിമയുടെ ‘ഘൂമർ’ എന്ന ഗാനത്തിന്‍റെ പുതിയ വെർഷനിലാണ് ‘പത്മാവതി’യായി അഭിനയിക്കുന്ന ദീപിക പദുക്കോണിന്‍റെ വയർ സ്പെഷൽ ഇഫക്ട് ഉപയോഗിച്ച് മറച്ചത്. സെൻസർ ബോർഡിന്‍റെ നിർദേശ പ്രകാരമാണ് വയർ മറച്ചുളള ഗാനത്തിന്‍റെ പുതിയ വെർഷൻ പുറത്തിറക്കിയത്.

സിനിമ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച് രജപുത്ര കർണി സേന അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സിനിമ പ്രതിസന്ധിയിലായത്. ചിത്രത്തിൽ റാണി പദ്മാവതിയെ മോശമായി ചിത്രീകരിക്കുവെന്നും അവർ ആരോപണമുയർത്തി. പ്രതിഷേധം ശക്തമായതോടെ ചിത്രത്തിന്‍റെ റിലീസ് മാറ്റി. ഒടുവിൽ സിനിമയുടെ പേര് ‘പത്മാവതി’യിൽനിന്നും ‘പത്മാവത്’ എന്നാക്കി മാറ്റുന്നതടക്കം 5 സുപ്രധാന പരിഷ്കാരങ്ങളോടെ സെൻസർ ബോർഡ് ചിത്രത്തിന് അനുമതി നൽകി. ഇതിൽ ഒന്നായിരുന്നു ‘ഘൂമർ’ ഗാനത്തിലെ ദീപികയുടെ വയർ കാണിക്കുന്നത് മറയ്ക്കണമെന്നത്.

‘ഘൂമർ’ ഗാനത്തിന് സ്കൂൾ വിദ്യാർഥികൾ നൃത്തം ചെയ്തതിനെ തുടർന്ന് മധ്യപ്രദേശിലെ സെന്റ് പോൾ കോൺവെന്റ് സ്കൂൾ രജപുത് കർണിസേന അംഗങ്ങൾ അടിച്ചു തകർത്തിരുന്നു. സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിന്‍റെ മരുമകൾ അപർണ യാദവ് ഈ ഗാനത്തിനൊപ്പം നൃത്തം ചെയ്തതിനെതിരെയും രജപുത്ര കർണിസേന അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. രാജസ്ഥാനിലെ പരമ്പരാഗത രാജകീയ നാടോടി ഗാനമാണു ‘ഘൂമർ’.

Read More: പത്മാവത് സിനിമയിലെ ഗൂമർ ഗാനത്തിന് നൃത്തം ചെയ്തു; സ്കൂൾ അടിച്ചുതകർത്ത് കർണിസേന

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook