ദിലീപ് നായകനായി എത്തുന്ന ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന് തൃശൂർ തേക്കിന്‍കാട് മൈതാനിയിലെ പൂരപ്പറമ്പില്‍ ഇന്ന് ഓഡിയോ ലോഞ്ച്. ചെണ്ടമേളത്തോടെയാണ് തുടക്കം. വൈകുന്നേരം ഏഴ് മണി മുതല്‍ എട്ടുവരെ നീളുന്ന ചെണ്ടമേളം. ചെണ്ടമേളമില്ലാതെയെന്ത് പൂരമെന്ന് ജോര്‍ജ്ജേട്ടന്‍സ് ആരാധകര്‍. ഓഡിയോ ലോഞ്ചിന്റെ ഭാഗമായി ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ പോസ്റ്ററുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് തൃശൂർ നഗരം. ഇന്ന് തേക്കിൻ കാട് മൈതാനത്ത് എത്തുന്ന ഒരാളെ വരവേൽക്കുന്നത് പോസ്റ്ററുകളിൽ നിറഞ്ഞു നിൽക്കുന്ന ജോർജേട്ടനും കൂട്ടരുമായിരിക്കും.

ഇതാദ്യമായിട്ടാണ് ഒരു മലയാള ചലച്ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഹോട്ടല്‍ മുറികളില്‍ നിന്നും ജനമധ്യത്തിലേക്ക് എത്തുന്നതെന്ന് സിനിമയുടെ നിര്‍മ്മാതാവ് അരുണ്‍ ഘോഷ് പറഞ്ഞു.

jeorgettans pooram

സിനിമയുടെ അണിയറപ്രവർത്തകർ പങ്കെടുക്കുന്ന ഈ ഓഡിയോ ലോഞ്ചിന് വേറെയുമുണ്ട് പ്രത്യേകതകൾ.
നാല് പാട്ടുകളാണ് സിനിമയിലുളളത്. അതില്‍ രണ്ടെണ്ണത്തിന്റെ വീഡിയോ ഇന്ന് പൂരപ്പറമ്പില്‍ അവതരിപ്പിക്കും. അതിലൊന്ന് ഇന്ന് രാത്രി ഒമ്പത് മണിക്ക് യൂട്യൂബില്‍ റിലീസ് ചെയ്യുമെന്നും നിര്‍മ്മാതാവ് പറയുന്നു. അടുത്തത് പിന്നീടുള്ള ആഴ്ചകളിലും റിലീസ് ചെയ്യും. മാര്‍ച്ച് 31-ന് റിലീസ് ചെയ്യുന്ന സിനിമയുടെ പ്രചാരണത്തിനുവേണ്ടി അണിയറ പ്രവര്‍ത്തകര്‍ ആരാധകരുടെ ക്യൂരിയോസിറ്റിയെ തൊട്ടുണര്‍ത്തുന്ന തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നത്.

gerogettan's pooram,movie

ഗോപിസുന്ദറണ് ജോർജേട്ടൻസ് പൂരത്തിന്റെ പാട്ടുകൾക്ക് സംഗീതം നൽകിയരിക്കുന്നത്. ഒരു പാട്ട് അദ്ദേഹം തന്നെ പാടിയിട്ടുമുണ്ട്. ആ പാട്ട് ഗോപിസുന്ദർ ഇന്ന് വടക്കുനാഥന്റെ മുന്നിൽ പാടും. തൃശൂരിന്റെ സ്വന്തം ജയരാജ് വാര്യരാണ് പരിപാടി അവതരിപ്പിക്കുന്നത്.

പക്കാ യൂത്ത് എന്റര്‍ടെയ്ന്‍മെന്റാണ് സിനിമയെന്ന് നിര്‍മ്മാതാവ് പറയുന്നു. തമാശയ്ക്കുവേണ്ടി തമാശ ഉണ്ടാക്കിയിട്ടില്ല. പക്ഷേ, തുടക്കം മുതല്‍ ഒടുക്കം വരെ അതുണ്ടുതാനും, നിര്‍മ്മാതാവ് ഉറപ്പ് നല്‍കുന്നു.

ഡോക്ടര്‍ ലൗവിനുശേഷം കെ.ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തുന്നത് അനുരാഗക്കരിക്കിന്‍ വെള്ളത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന രജിഷ വിജയനാണ്. വളരെ നിർണായകമായ റോളാണ് രജിഷയ്‌ക്ക് നല്‍കിയിട്ടുള്ളതെന്ന് നിര്‍മ്മാതാവ് പറയുന്നു.

ദിലീപ് തൃശൂര്‍ ഭാഷ സംസാരിക്കുന്ന ജോര്‍ജ്ജേട്ടന്‍സ് പൂരത്തില്‍ രണ്‍ജി പണിക്കര്‍ ദിലീപിന്റെ അച്ഛനായും വേഷമിടുന്നുണ്ട്.വിനയ് ഫോർട്ട്, ഷറഫുദ്ദീൻ, ചെമ്പൻ വിനോദ്, രൺജി പണിക്കർ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook