ബെംഗലുരു: മലയാളികളുടെ പ്രിയതാരം സുമലത ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നു. അന്തരിച്ച നടനും കോൺഗ്രസ് നേതാവുമായിരുന്ന എംഎച്ച് അംബരീഷിന്റെ ഭാര്യയായ അവർ കർണ്ണാടകത്തിലെ മാണ്ഡ്യ ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായേക്കും.

ആരാധകരും അനുയായികളും ഒന്നടങ്കം സുമലത മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ താരം നിശബ്ദത വെടിഞ്ഞ് പ്രതികരിച്ചു. തന്നോടും തന്റെ കുടുംബത്തോടും കാട്ടുന്ന സ്നേഹത്തിന് പ്രദേശവാസികളോട് സുമലത നന്ദി പറഞ്ഞു.

“അംബരീഷ് എപ്പോഴും മാണ്ഡ്യയെ കുറിച്ചാണ് ചിന്തിച്ചിരുന്നത്. അതെന്തുകൊണ്ടാണെന്ന് ഞാനിപ്പോൾ തിരിച്ചറിയുന്നു. ഞങ്ങൾക്ക് ഒരിക്കലും മടക്കി നൽകാൻ സാധിക്കാത്തത്രയും സ്നേഹവും പിന്തുണയുമാണ് നിങ്ങൾ നൽകുന്നത്. അതിനാൽ തന്നെ ഞാനെന്നും നിങ്ങളോട് കടപ്പെട്ടിരിക്കും,” അവർ ആരാധകരോടായി പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള സഖ്യ ചർച്ചകൾ തുടരുന്നതിനാൽ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യാനില്ലെന്ന് അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്ഥാനാർത്ഥിയായി മാണ്ഡ്യയിൽ മത്സരിക്കാനിറങ്ങുമോയെന്ന ചോദ്യത്തിനും വ്യക്തമായൊരുത്തരം താരം നൽകിയില്ല.

“കോൺഗ്രസ് പാർട്ടിയും നേതാക്കളും എന്ത് ചിന്തിക്കുമെന്ന് തനിക്കറിയില്ല. അത് ഊഹിക്കാനും സാധിക്കില്ല. മുതിർന്ന നേതാക്കളുടെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കും. ഇനി എന്നെങ്കിലും എനിക്കൊരു രാഷ്ട്രീയ പ്രവേശനം ഉണ്ടെങ്കിൽ അത് മാണ്ഡ്യയിൽ നിന്ന് തന്നെയായിരിക്കും,” സുമലത പ്രഖ്യാപിച്ചു.

മാണ്ഡ്യയിൽ തങ്ങളുടെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ ജെഡിഎസ് ശ്രമിക്കുന്നുണ്ടെന്ന വാർത്തയോട് പ്രതികരിക്കാനില്ലെന്ന് അവർ വ്യക്തമാക്കി. രാഷ്ട്രീയ തീരുമാനങ്ങൾക്കായി കാത്തിരിക്കാനും അതിന് ശേഷം നിലപാട് പറയാമെന്നുമാണ് അവർ പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook