തെലുങ്കു നടി സാവിത്രിയിടെ ജീവിതത്തെ ആസ‌്‌പദമാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രം തന്റെ പിതാവിനെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ജെമിനി ഗണേശന്റെ മകള്‍ ഡോ.കമല സെല്‍വരാജ്. ചിത്രത്തിലുടനീളം തന്റെ പിതാവിനെ അപമാനിക്കുന്ന രംഗങ്ങളാണെന്ന് കമല സെല്‍വരാജ് ആരോപിച്ചു. ജെമിനി ഗണേശന് ആദ്യഭാര്യ അലമേലുവിലുണ്ടായ മകളാണ് കമല.

‘സാവിത്രിയ്ക്ക് ധാരാളം ബന്ധങ്ങളുണ്ടായിരുന്നു. അതില്‍ ഒന്നു മാത്രമായിരുന്നു എന്റെ അച്ഛന്‍,’ കമല പറയുന്നു. ആവശ്യമായ പഠനങ്ങള്‍ നടത്താതെയാണ് അണിയറ പ്രവര്‍ത്തകര്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സാവിത്രിയെ മദ്യപിക്കാന്‍ നിര്‍ബന്ധിച്ചത് തന്റെ പിതാവല്ലെന്നും കമല പറയുന്നു. അവരെ സംരക്ഷിക്കാന്‍ തന്റെ പിതാവ് ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നു, കാരണം അദ്ദേഹത്തിന് അവരെ വളരെ ഇഷ്ടമായിരുന്നുവെന്ന് കമല വ്യക്തമാക്കി.

‘സാവിത്രിയെ കാണാനായി മാത്രം സെറ്റുകള്‍ തോറും ജോലിയൊന്നുമില്ലാതെ അലഞ്ഞു നടക്കുന്ന ആളായി അവര്‍ അദ്ദേഹത്തെ ചിത്രീകരിച്ചു. എന്നാല്‍ സത്യാവസ്ഥ എന്താണ്, ആ കാലഘട്ടത്തില്‍ എന്റെ അച്ഛന്‍ മാത്രമായിരുന്നു ഏറ്റവും വലിയ താരം,’ ജെമിനി ഗണേശന്‍ ഒരു ഫെമിനിസ്റ്റ് ആയിരുന്നുവെന്നും, സാവിത്രിയുടെ വളര്‍ച്ചയില്‍ അദ്ദേഹം ഒരിക്കലും അസൂയപ്പെട്ടിട്ടില്ലെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ കമല പറയുന്നു.

ചിത്രത്തില്‍ സാവിത്രിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് കീര്‍ത്തി സുരേഷും, ജെമിനി ഗണേശനായി അഭിനയിച്ചത് ദുല്‍ഖര്‍ സല്‍മാനുമായിരുന്നു. തെലുങ്കില്‍ മഹാനടി എന്ന പേരിലും, തമിഴില്‍ നടികര്‍ തിലകം എന്ന പേരിലുമാണ് ചിത്രം റിലീസ് ചെയ്തത്. സിനിമാ പ്രവര്‍ത്തകരുടേയും നിരൂപകരുടേയും പ്രേക്ഷകരുടേയും പ്രശംസ നേടി മുന്നേറുകയാണ് ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ