സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഗീതു മോഹൻദാസും പൂർണിമയും. ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും അടുത്ത സൗഹൃദമാണുള്ളത്. ഗീതുവിന്റെയും രാജീവ് രവിയുടെയും മകൾ ആരാധനയുടെ പിറന്നാളിന് ആശംസകൾ നേർന്നുകൊണ്ടുള്ള പൂർണിമയുടെ പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
“ജന്മദിനാശംസകൾ ആരാധന, എന്റെ പ്രിയപ്പെട്ട കിളിക്കുഞ്ഞൈ,” എന്നാണ് പൂർണിമ കുറിക്കുന്നത്. #daughterfromanothermother തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് പൂർണിമ ചിത്രം പങ്കുവച്ചിരിക്കുന്നത്. ആരാധനയ്ക്ക് ഒപ്പമുള്ള നിരവധിയേറെ കുടുംബചിത്രങ്ങളും പൂർണിമ പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. അമ്മമാർ തമ്മിലുള്ള സൗഹൃദം ഇരുവരുടെയും മക്കൾ തമ്മിലുമുണ്ടെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ ആരുടെയും ശ്രദ്ധ കവരും.
View this post on Instagram
Read more: മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു; 20 വർഷം മുൻപത്തെ ഓർമ പങ്കുവച്ച് പൂർണിമ ഇന്ദ്രജിത്ത്
ഗീതുവിലും പൂർണിമയിലും മാത്രമൊതുങ്ങുന്ന ഒന്നല്ല ഇരുവരുടെയും സൗഹൃദം, മഞ്ജു വാര്യര് കൂടെ ചേർന്നാലേ ഈ കൂട്ട്ക്കെട്ട് പൂർണമാകൂ. ഇടയ്ക്കിടെ മൂവരും തങ്ങളുടെ സൗഹൃദ നിമിഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
ഗീതു സംവിധാനം ചെയ്ത ‘മൂത്തോൻ’ എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയപ്പോൾ, ലോകത്ത് ഏറ്റവുമധികം സന്തോഷിച്ചവരിൽ ഒരാൾ പൂർണിമ തന്നെയായിരുന്നു. അന്നേ ദിവസം ഗീതുവിന് ആശംസകൾ അറിയിച്ചു കൊണ്ട് പൂർണിമ കുറിച്ച വാക്കുകൾ ഏറെ ഹൃദയസ്പർശിയായിരുന്നു.
“വലിയ സ്വപ്നങ്ങളുള്ള വലിയ കണ്ണുകളുള്ള ഒരു കൊച്ചു പെൺകുട്ടിയെ ഞാൻ ഒരിക്കൽ പരിചയപ്പെട്ടു..! വർഷങ്ങൾക്കുശേഷം, ഞാൻ അവളെ വീണ്ടും കണ്ടുമുട്ടിയപ്പോൾ, അവൾ ഒരു സുന്ദരിയായ യുവതിയായി വളർന്നിരുന്നു, അവളുടെ ആ കണ്ണുകൾക്ക് പറയാൻ വലിയ കഥകളുണ്ടായിരുന്നു ..!”
“ഇന്ന് ഏറെ അഭിമാനത്തോടെ, ആ കൊച്ചു പെൺകുട്ടിയുടെ ഏറ്റവും മികച്ച വെർഷന് ഞാൻ സാക്ഷ്യം വഹിക്കുകയാണ്. അഭിനന്ദനീയമായ അഭിനിവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ഒരു സംഗ്രഹമാണത്. ഇന്ന്, ആ വലിയ കണ്ണുകൾ ഒരു യഥാർഥ വിജയിയുടേതാണ് !! ഞാൻ നിന്റെ വിജയം ആഘോഷിക്കുന്നു ഗീതു,” എന്നാണ് പൂർണിമ കുറിച്ചത്. ഒപ്പം രാജീവ് രവി, നിവിൻ പോളി, റോഷൻ മാത്യു തുടങ്ങി ‘മൂത്തോൻ’ എന്ന ചിത്രത്തിന്റെ ഭാഗമായ എല്ലാവർക്കും പൂർണിമ വിജയം ആശംസിക്കുകയും ചെയ്തു.
Read more: ആ കണ്ണുകൾക്ക് പറയാൻ വലിയ കഥകൾ ഉണ്ടായിരുന്നു; ഗീതുവിനെക്കുറിച്ച് പൂർണിമ